സ്‌കൂളുകളില്‍ മന:ശാസ്ത്രജ്ഞരുടെ സേവനം അനിവാര്യമെന്ന് ദേശീയ സെമിനാര്‍  

0

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മന:ശാസ്ത്രജ്ഞരുടെ സേവനം അനിവാര്യമാണെന്ന് ദേശീയ സെമിനാര്‍. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ സംഘടിച്ച 'മള്‍ട്ടി ഡയമന്‍ഷണര്‍ പെര്‍സ്‌പെക്ടീവ് ഇന്‍ സ്‌കൂള്‍ സൈക്കോളജി' സെമിനാറിലാണ് സ്‌കൂളുകളില്‍ മന:ശാസ്ത്രജ്ഞരുടെ സേവനം നിര്‍ബന്ധമാക്കണമെന്ന് വിലയിരുത്തപ്പെട്ടത്. സ്‌കൂളുകളില്‍ സൈക്കോളജിസ്റ്റിന്റെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സെമിനാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കുട്ടികളില്‍ ആത്മവിശ്വാസവും സ്വതന്ത്ര ചിന്തയും വളര്‍ത്തിയെടുക്കുന്നതില്‍ മന:ശാസ്ത്രജ്ഞരുടെ സേവനം ഉപയോഗിക്കണം. വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നവര്‍ എന്ന നിലയില്‍ അധ്യാകപര്‍ക്കും സൈക്കോളജി പരിജ്ഞാനവും നൂതന സാങ്കേതിക വിദ്യയില്‍ പ്രാവീണ്യവും ഉണ്ടാകണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രത്യേകിച്ച് ഇതിനുവേണ്ട സൗകര്യം ഒരുക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

രണ്ടുദിവസം നീണ്ടുനിന്ന സെമിനാര്‍ കേരള സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ ഡോ. വീരമണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാന്‍ ഡയറക്ടര്‍ രാഹുല്‍ ആര്‍, മൈന്‍ഡ് കാര്‍ട്ടര്‍ സി.ഇ.ഒ അമര്‍രാജന്‍, ഡോ.ഇന്ദിര, ഡോ. ബിന്ദ്യ ഷാജിത്ത്, ഡോ.നന്ദിനി, ഇന്ദുപ്രിയ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.മനശാസ്ത്ര അധ്യാപകരും വിദ്യാർത്ഥികളും വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മനശാസത്രജ്ഞരുമുൾപെടെ നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.