ബിസിനസില്‍ വേണ്ടത് കാഴ്ചപ്പാടുകളുടെ വ്യത്യസ്തത: നവീന്‍ തിവാരി

ബിസിനസില്‍ വേണ്ടത് കാഴ്ചപ്പാടുകളുടെ വ്യത്യസ്തത: നവീന്‍ തിവാരി

Sunday November 01, 2015,

1 min Read

നിലവില്‍ നാം പിന്തുടരുന്ന തൊഴില്‍ സംസ്‌കാരത്തില്‍ വേണ്ട ചില വ്യതിയാനങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഇന്‍മൊബി സി ഇ ഒ നവീന്‍ തിവാരി. ടെക്‌സ്പാര്‍ക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

image


നാം സ്‌കൂള്‍ കുട്ടികളല്ല മറിച്ച് പക്വതയുളള വ്യക്തിത്വങ്ങളാണെന്ന ചിന്ത വേണം. വ്യക്തികള്‍ സ്വതന്ത്രരായിരിക്കാനാണ് ആഗ്രഹിക്കുക. ബിസിനസില്‍ അര്‍ഥവത്തായ ഇടപെടലാണ് ആഗ്രഹിക്കുന്നതെങ്കില്‍ നമ്മുടെ തൊഴിലാളികളെ അര്‍ഥവത്തായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുകയാണ് വേണ്ടത്. ജീവനക്കാരെ നാം വിശ്വാസത്തിലെടുക്കുന്നുവെന്ന വാദം പലപ്പോഴും പറച്ചിലില്‍ മാത്രമായൊതുങ്ങുന്നു. യഥാര്‍ഥത്തില്‍ നാം നമ്മുടെ ജീവനക്കാരെ വിശ്വാസത്തിലെടുത്താല്‍ അടുത്ത നിമിഷം മുതല്‍ അവര്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ഒരു ശതമാനം ആള്‍ക്കാര്‍ മാത്രമാണ് നാം നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതെന്നാണ് വാസ്തവം. വളര്‍ച്ച കാണാത്തതിനാല്‍ കമ്പനി മാറുന്നുവെന്ന വാദം നാം നിത്യവും കേള്‍ക്കുന്നതാണ്. എന്നാല്‍ എന്റെ അഭിപ്രായം അനുസരിച്ച് കമ്പനിയുടെ പുതിയ മേഖലയില്‍ ജീവനക്കാരെ ആവശ്യമായി വരുമ്പോള്‍ പുറത്തു നിന്നും ആളെ അന്വേഷിക്കാതെ അകത്തുള്ള ആള്‍ക്കാരെ അതിനായി പരിഗണിക്കുകയായാകും കൂടുതല്‍ ഫലപ്രദം. പുതിയ കാര്യങ്ങള്‍ പഠിക്കുവാന്‍ നമ്മുടെ ജീവനക്കാര്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. പുതിയ സ്റ്റാര്‍ട്ട് അപ് തുടങ്ങിയപ്പോള്‍ 35 ശതമാനം തസ്തികകളിലേക്കും നിലവിലുള്ള ജീവനക്കാരില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ബിസിനസിനുള്ളിലെ മറ്റു മേഖലകളിലെ അറിവു കൂടി ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നു.

കമ്പനി തുടങ്ങുമ്പോള്‍ തന്നെ അതിന്റെ ഉപഭോക്താക്കള്‍ എത്തരക്കാരാണെന്ന് നാം മുന്‍കൂട്ടി മനസിലാക്കണം. ചെറിയ ഒരു വൃത്തത്തിലുള്ള ഉപഭോക്താക്കളാണോ അതോ ആഗോള തലത്തിലെ ഉപഭോക്താക്കളാണോ കമ്പനിയുടേതെന്ന് നമുക്ക് തിരിച്ചറിവുണ്ടാകണമെന്ന് നവീന്‍ ചൂണ്ടിക്കാട്ടുന്നു.