ചരിത്രം തെളിയുന്ന ചിത്രങ്ങളുമായി വാര്‍ത്താചിത്ര പ്രദര്‍ശനം

ചരിത്രം തെളിയുന്ന ചിത്രങ്ങളുമായി വാര്‍ത്താചിത്ര പ്രദര്‍ശനം

Thursday March 02, 2017,

2 min Read

കേരളചരിത്രത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ അണിനിരത്തിയ വാര്‍ത്താചിത്രങ്ങളുടെയും കാര്‍ട്ടൂണുകളുടെയും 1956ലെയും 57ലെയും പ്രധാന വര്‍ത്തമാന പത്രങ്ങളുടെയും പ്രദര്‍ശനം ടാഗോര്‍ തിയറ്ററില്‍ പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്തു. 

image


ചിരിയിലും ഒരു വേദനയുണ്ട്. അത് പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകന്റെ ക്യാമറയ്ക്കുള്ള സിദ്ധിയാണ് ഈ പ്രദര്‍ശനത്തിലുള്ള പല വാര്‍ത്താ ചിത്രങ്ങളും. മനുഷ്യന്റെ വേദനയെ മാധ്യമങ്ങള്‍ എങ്ങനെ കാണുന്നു എന്നറിയുന്നതിന് ഈ പ്രദര്‍ശനം ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. കേരളസര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാഡമിയുടെ സഹായത്തോടെ ടാഗോര്‍ തിയറ്ററിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പുരസ്‌കാര ജേതാവായ തോമസ് ജേക്കബ് തിരഞ്ഞെടുത്ത അറുപത് മികച്ച വാര്‍ത്താ ചിത്രങ്ങളും കാര്‍ട്ടൂണുകളും 1956-57 കാലത്തെ പ്രധാന വര്‍ത്തമാന പത്രങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. തിരു കൊച്ചിയിലെ അവസാന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറിനായി ക്യൂ നില്‍ക്കുന്ന വോട്ടര്‍മാരുടെ ചിത്രം, റോക്കറ്റിന്റെ ഭാഗങ്ങള്‍ ഐ.എസ്.ആര്‍.ഒ.യിലേക്ക് സൈക്കിളില്‍ കൊണ്ടുപോകുന്ന ജീവനക്കാരുടെ ചിത്രം, മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കാന്‍ തലസ്ഥാനത്തേക്കു തിരിച്ച ഇ.എം.എസ്. റയില്‍വേ സ്‌റ്റേഷനില്‍ കൈക്കുഞ്ഞുമായി കുടുംബസമേതം കാത്തു നില്‍ക്കുന്ന ചിത്രം തുടങ്ങി അറുപതു വര്‍ഷത്തിനിടെ വിവിധ ദിനപത്രങ്ങളില്‍ അച്ചടിച്ചു വരികയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ചിത്രങ്ങളെല്ലാം ചരിത്രം വിളിച്ചോതുന്നവയാണ്. അറുപതു വര്‍ഷത്തെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ ഈ ചിത്രങ്ങളില്‍നിന്ന് വായിച്ചെടുക്കാം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണവും തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവങ്ങളിലുള്ള ഹാസ്യാത്മക പ്രതികരണങ്ങളുമായി കാര്‍ട്ടൂണുകളിലുള്ളത്. 1956-57 വര്‍ഷങ്ങളിലെ മലയാള മനോരമ, ദീപിക, മാതൃഭൂമി, കേരള കൗമുദി, ജനയുഗം, ദേശബന്ധു തുടങ്ങിയ പത്രങ്ങള്‍ ജനാധിപത്യ കേരളത്തിന്റെ പ്രാരംഭദിനങ്ങളുടെ നേര്‍ക്കാഴ്ച പകര്‍ന്നു നല്‍കുന്നു. മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി ആമുഖ പ്രഭാഷണം നടത്തി. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, കാര്‍ട്ടൂണ്‍ അക്കാഡമി സെക്രട്ടറി സുധീര്‍നാഥ്, പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി. റഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രദര്‍ശനം ഇന്നു സമാപിക്കും. സ്വദേശാഭിമാനി കേസരി പുരസ്‌കാരം തോമസ് ജേക്കബിന് ഇന്ന് വൈകിട്ട് 5.30ന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും.