കിറ്റ്‌സ് അന്താരാഷ്ട്ര പരിശീലനകേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  

0

ഉത്തരവാദിത്വ ടൂറിസത്തില്‍ അതിവിപുലമായ സാധ്യതകളാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിറ്റ്‌സിന്റെ (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്റ് ടൂറിസം സ്റ്റഡീസ്) അന്താരാഷ്ട്ര പരിശീലനകേന്ദ്രത്തിന്റെയും ആംഫി തിയേറ്ററിന്റെയും ഉദ്ഘാടനവും പുതിയ അക്കാദമിക് ബ്‌ളോക്ക്, ബാസ്‌കറ്റ് ബോള്‍/ ഷട്ടില്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണോദ്ഘാടനവും തൈക്കാട് കിറ്റ്‌സ് കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുണ്ടാവണം. ഒപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണവും വര്‍ധിക്കണം. കൂടുതല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും ഉണ്ടാവണം. ഇതിനൊക്കെ ആവശ്യമായ മാനവവിഭവശേഷി വലിയ തോതില്‍ സംഭാവന ചെയ്യാന്‍ കിറ്റ്‌സിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം ആഭ്യന്തര സഞ്ചാരികളെയും പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് സുരക്ഷിതമായ ജീവനോപാധികൂടി ലക്ഷ്യമിടുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ വിശിഷ്ട സാന്നിധ്യമായി. വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാ മോഹന്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, ടൂറിസം വ്യവസായ രംഗത്തെ പ്രതിനിധികളായ ഇ.എം.നജീബ്, എബ്രഹാം ജോര്‍ജ്, ഡി.ചന്ദ്രസേനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിറ്റ്‌സ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു വി സ്വാഗതവും കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ.ബി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. അന്തര്‍ദേശീയ പരിശീലന പരിപാടികള്‍, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍, സ്റ്റുഡന്റ്എക്‌സ്‌ചേഞ്ച് പദ്ധതികള്‍, ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍ എന്നിവ സംഘടിപ്പിക്കാന്‍ പരിശീലനകേന്ദ്രം ലക്ഷ്യമിടുന്നു. റിസര്‍ച്ച് സെന്ററുകള്‍, ക്‌ളാസ് മുറികള്‍, ലക്ചര്‍ ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ഓഡിറ്റോറിയം, ഡോര്‍മെറ്ററി, ക്യാന്റീന്‍ എന്നിവ അടങ്ങുന്നതാണ് പരിശീലനകേന്ദ്രം