കര്‍ഷകര്‍ക്ക് കൈത്താങ്ങായി മധുചന്ദ്രന്‍ ചിക്കദേവ്യ

0

കര്‍ഷക ആത്മഹത്യയുടെ ഗ്രാഫ് ഉയര്‍ന്നു തന്നെ നില്‍ക്കുന്ന സാഹചര്യത്തിലാണ് മന്‍ധ്യ ഓര്‍ഗാനിക് സ്റ്റോറിന്റെ കടന്ന് വരവ്. ബാങ്കില്‍ നിന്നും മറ്റു പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും എടുക്കുന്ന ലോണുകള്‍ തിരിച്ചടക്കാന്‍ കഴിയാതെയാണ് കര്‍ഷകര്‍ ജീവനൊടുക്കുന്നത്. കര്‍ണാടക സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുള്ളത്. അവരുടെ കൃഷിയില്‍ നിന്ന് മതിയായ വരുമാനം കിട്ടാത്തതാണ് ഇതിനു കാരണം.ബംഗളൂരിനടുത്തുള്ള മന്‍ധ്യയില്‍ ഇന്ന് ഈ സ്ഥിതിക്കു മാറ്റം വന്നതിന് കാരണം ഓര്‍ഗാനിക് സ്റ്റോറാണ്.

ബംഗളൂരില്‍ നിന്ന് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മന്‍ധ്യയില്‍ എത്താം. അവിടുത്തെ കര്‍ഷകര്‍ ഇന്നു വളരെയധികം സന്തുഷ്ടരാണ്. അവരുടെ പാടങ്ങളില്‍ നിന്ന് മതിയായ വരുമാനം ഇന്നു അവര്‍ക്കു ലഭിക്കുന്നു.

കാലിഫോര്‍ണിയയിലെ സ്വര്‍ഗ്ഗതുല്യമായ ജീവിതം നയിച്ചു കൊണ്ടിരുന്ന മധുചന്ദ്രന്‍ ചിക്കദേവ്യയ എന്ന 37 വയസ്സുകാരന്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനാണ് ഇന്ന് മന്‍ധ്യയിലെ കര്‍ഷകര്‍ക്ക് അവരുടെ ജീവിതം തിരിച്ചു നല്‍കിയത്. ഒരുകര്‍ഷക കുടുംബത്തിലാണ് മധുചന്ദ്രന്‍ ജനിച്ചത്. തന്റെ നാട്ടിലെ കര്‍ഷകരുടെ ദുരിതപൂര്‍ണ്ണമായ ജീവിതം കണ്ടറിഞ്ഞ മധുചന്ദ്രന്‍ കര്‍ഷകര്‍ക്ക് സഹായകമാകുന്നതെന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു. 2014 ഓഗസ്റ്റില്‍ തന്റെ സോഫ്റ്റ് വെയര്‍ ജീവിതം അവസാനിപ്പിച്ച് മന്‍ധ്യയിലേക്കു തിരിച്ചെത്തി. തന്റെ സുഹൃത്തുകളില്‍ കൃഷിയോടു താത്പര്യമുള്ളവരെ ഒരുമിച്ചു ചേര്‍ത്തു മന്‍ധ്യ ഓര്‍ഗാനിക്ക് ഫര്‍മേഴ്‌സ് സൊസൈറ്റിക്ക് രൂപം നല്‍കി. ആദ്യഘട്ടത്തില്‍ ഇരുപത്തിനാല് കര്‍ഷകരാണ് സൊസൈറ്റില്‍ ഉണ്ടായിരുന്നത്.  കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഓര്‍ഗാനിക്ക് മന്‍ധ്യയില്‍ വില്‍ക്കാം. തങ്ങളുടെ അധ്വാനത്തിന്റെ ഫലം പൂര്‍ണ്ണമായും അവര്‍ക്കു ലഭിക്കുന്നു.

ജൈവകൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാത്തത് കൃഷിയെ വളരെ സാരമായിതന്നെ ബാധിക്കുന്നു. പണ്ടുകാലത്തെ കൃഷിക്കാര്‍ കൃഷിയില്‍ വളരെയധികം നൈപുണ്യം നേടിയവരാണ്. ഏതുതരം വളങ്ങളാണ് ഉപയോഗിക്കേണ്ടത്, എങ്ങനെ കൃഷിചെയ്താല്‍ കൂടുതല്‍ വിളവുലഭിക്കും എന്നും കൃഷികാര്‍ക്ക് നല്ല അറിവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ല. അതിനാല്‍ ഇന്നത്തെ കര്‍ഷകര്‍ക്ക് മതിയായ വിളവു ലഭിക്കുന്നില്ല. മധുചന്ദ്രനും സുഹൃത്തുകളും കൃഷികാര്‍ക്ക് ജൈവകൃഷിയെക്കുറിച്ചും അവരുടെ ഉത്പന്നങ്ങള്‍ എങ്ങനെ വിറ്റഴിക്കാം എന്നതിനെക്കുറിച്ചും അവര്‍ക്കു പറഞ്ഞു കൊടുത്തു അവരെ കൂടുതല്‍ ബോധവാന്‍മാരാക്കി. പണിക്കാരുടെ ദൗര്‍ലഭ്യമാണ് മറ്റൊരു പ്രധാന പ്രശ്‌നം.

അവശ്യമായ സമയത്ത് പണിക്കാരെ കിട്ടാത്തത് വിളവിനെ ബാധിക്കുന്നു. അതിനും മധുചന്ദ്രന്‍ പരിഹാരം കണ്ടെത്തി. കൃഷിയില്‍ താത്പര്യമുള്ളവരെ ഫെയ്‌സ്ബുക്ക് വഴി കെണ്ടത്തി ആഴ്ച്ചയുടെ അവസാന ദിവസം ഓര്‍ഗാനിക്ക് മന്‍ധ്യയുടെ പാടങ്ങളില്‍ ഒഴിവു ദിവസം ചിലവഴിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. തങ്ങളുടെ നിത്യോപയോഗത്തിനു ആവശ്യമായ സാധനങ്ങള്‍ സ്വയം കൃഷിചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് പാട്ടത്തിനു ഭൂമി നല്‍കി അവിടെ കൃഷിയിറക്കാന്‍ ഓര്‍ഗാനിക്ക് മന്‍ധ്യ സഹായിക്കുന്നു. അവരുടെ അഭാവത്തില്‍ ഓര്‍ഗാനിക്ക് മന്‍ധ്യയുടെ കര്‍ഷകന്‍ കൃഷിയിടം നോക്കുന്നു. വിളവു ലഭിക്കുന്ന സമയം ഉടമസ്ഥന് ആവശ്യമുള്ളതെടുത്തിട്ടു ബാക്കി ഓര്‍ഗാനിക്ക് മന്‍ധ്യയില്‍ വില്‍ക്കാനുള്ള സൗകര്യവും ലഭിക്കുന്നു.

ആറു മാസം കഠിനമായി അധ്വാനിക്കേണ്ടി വന്നു ഇപ്പോള്‍ കാണുന്ന രീതിയില്‍ ഓഗാനിക്ക് മന്‍ധ്യ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി. 500 കര്‍ഷകര്‍ ഓര്‍ഗാനിക്ക് മന്‍ധ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ 200 ഏക്കര്‍ പാടത്ത് ഏകദേശം 70 തരം വിഭവങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. നാല് മാസംകൊണ്ട് ഒരു കോടിരൂപയുടെ വിറ്റുവരവാണുണ്ടായത്. ഓര്‍ഗാനിക്ക് മന്‍ധ്യയുടെ ഏറ്റവും വലിയ വിജയം എന്തെന്നാല്‍ കൃഷി ഉപേക്ഷിച്ചു പോയ കര്‍ഷകര്‍ തിരിച്ചു വന്നു വീണ്ടും കൃഷിയില്‍ വ്യാപൃതരാവുമ്പോഴാണ് എന്നു മധുചന്ദ്രന്‍ പറയുന്നു. ഇന്ന് മധുചന്ദ്രന്റെ ലക്ഷ്യം ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും 2000 രൂപക്കുള്ളില്‍ നല്‍കുക എന്നതാണ്. ഇതിനായി 1000 രൂപകൊടുത്തു ഓര്‍ഗാനിക്ക് മന്‍ധ്യയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ സാധനങ്ങള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കും. നമ്മുടെ ശരീരമാണ് ഏറ്റവും വലിയ സ്വത്ത്. നാം കഴിക്കുന്ന ഭക്ഷണമാണ് അതിനെ നില നിര്‍ത്തുന്നത്. അതിനാല്‍ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തെ നശിപ്പിക്കില്ല എന്നു ഉറപ്പു വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറയുന്നു.