തൊഴിലുറപ്പ്; തൊഴിലാളി രാജ്ഭവൻ മാർച്ച്  

0

എൻ ആർ ഇ ജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ രാജ്ഭവൻ മാർച്ച് നടത്തി. തൊഴിലുറപ്പ് ദിവസങ്ങൾ 200 ആക്കുക, ജോലി സമയം പത്ത് മുതൽ നാല് വരെയയായി ക്രമീകരിക്കുക, കൂലി 500 രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വർധിപ്പിക്കണമെന്ന് കോടിയേരി പറഞ്ഞു. 425 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിലെ കുടിശിക. കുടിശിക അടിയന്തിരമായി നികത്തണം.

നാമമാത്രമായ തുകയാണ് കേന്ദ്രസർക്കാർ പദ്ധതിക്കായി വർധിപ്പിച്ചത്. ഈ തുക കൊണ്ട് 100 ദിവസം പോലും തൊഴിൽ ലഭ്യമാക്കാത്ത സ്ഥിതിയാണ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് വർഷത്തിൽ 200 ദിവസമെങ്കിലും തൊഴിൽ നൽകണം. ഇതിനാവശ്യമായ തുക കേന്ദ്രസർക്കാർ നൽകണം. തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കാനുള്ള വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചു കഴിഞ്ഞു.

സാധാരണക്കാരനെ പൊറുതിമുട്ടിക്കുന്നതാണ് കേന്ദ്രസർക്കാർ നയം. സംസ്ഥാനത്ത് സൗജന്യ അരവിതരണം തകർക്കുന്നതാണ് ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രനിർദേശം. സൗജന്യ അരിനിഷേധിച്ച് ജനത്തെ സംസ്ഥാനസർക്കാരിന് എതിരാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാൽ നിലവിലെ 92 ലക്ഷം പേരിൽ നിന്നും കൂടുതൽ പേർക്ക് സൗജന്യ അരി നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. അരിക്കടകൾ ധാരാളമായി തുറന്ന് 25 രൂപ നിരക്കിൽ അരി നൽകാനും സർക്കാർ നടപടി സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ ജനത്തിന് അരി വാങ്ങി വേവിച്ച് കഴിക്കാൻ സാധിക്കാത്ത വിധമാണ് കേന്ദ്രസർക്കാരിന്റെ പാചകവാതക വിലധർധനയെന്നും കോടിയേരി പറഞ്ഞു.

സി കെ ഹരിന്ദ്രൻ എം എൽ എ അധ്യക്ഷനായി. സി പി ഐ എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, എൻആർഇജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ബാലകൃഷ്ണൻ, പ്രസിഡന്റ് എസ് രാജേന്ദ്രൻ, മടവൂർ അനിൽ, പ്രീത എന്നിവർ സംസാരിച്ചു. സി അജയകുമാർ സ്വാഗതവും അംബിക നന്ദിയും പറഞ്ഞു.