ഐടി@സ്‌കൂള്‍ വിക്ടേഴ്‌സില്‍15 പുതിയ പരമ്പരകള്‍

0

വിദ്യാഭ്യാസ ചാനലായ ഐടി@സ്‌കൂള്‍ വിക്ടേഴ്‌സില്‍ 15 പുതിയ പരമ്പരകള്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവച്ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പരമ്പരകളുടെ സംപ്രേഷണോദ്ഘാടനം നിര്‍വ്വഹിക്കും. ശാസ്ത്രവിഷയങ്ങളെ ദൃശ്യവല്‍ക്കരിച്ച 'പാഠവും കടന്ന്' ലോകോത്തര ശാസ്ത്രപ്രതിഭകളുടെ ജീവിതം ഉള്‍പ്പെടുത്തിയ 'ദ സയന്റിസ്റ്റ്', ലോകപ്രശസ്ത ശാസ്ത്രനോവലുകളെയും കഥകളെയും അധികരിച്ചുകൊണ്ടുള്ള 'പറയാമൊരു ശാസ്ത്രകഥ' എന്നിവയാണ് ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ പരമ്പരകള്‍. 

ലോകത്തിലെ വൈദേശികാക്രമണങ്ങളെ അതിജീവിച്ച പ്രദേശങ്ങളിലെ ജനതയുടെ ചരിത്രത്തെ കോര്‍ത്തിണക്കിയ 'സമരവും ചരിത്രവും', മാധ്യമ പഠനത്തെ അവലോകനം ചെയ്യുന്ന 'ലുക്കിങ്ങ് അറ്റ് ദ മീഡിയ', നെബേല്‍ ജേതാക്കളുടെ സംഭാവനകള്‍ വിവരിക്കുന്ന 'നോബേല്‍ ഒറേറ്റേഴ്‌സ്', ഹാര്‍ഡ്‌വെയര്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന 'യന്ത്രമാനസം' യോഗാപഠനത്തിന്റെ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന 'സ്വസ്തിര്‍ ഭവന്തു', സാഹചര്യങ്ങളിലൂടെ ഉരുത്തിരിഞ്ഞ് പില്‍ക്കാലത്ത് പ്രശസ്ത കലാരൂപങ്ങളായി മാറിയ കലകളുടെ ഉത്ഭവവും ചരിത്രവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'സകലകലാപഠനം' എന്നിവയും ജൂണ്‍ ഒന്നിന് സംപ്രേഷണമാരംഭിക്കും. കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനായി തയ്യാറാക്കിയ മാജിക് പഠനരീതിയായ 'മാജിക് ലെസണ്‍സ്', പാഠപുസ്തകങ്ങളെ ലളിതവല്‍ക്കരിക്കുന്ന 'പാഠങ്ങള്‍ പടവുകള്‍', അധ്യാപകരും വിദ്യാര്‍ത്ഥികളും തയ്യാറാക്കിയ വ്യത്യസ്ത ഡോക്യുമെന്ററികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'വിക്ടേഴ്‌സ് ഷെല്‍ഫ്', സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ അവരുടെ ഹൃദയം കവര്‍ന്ന എഴുത്തുകാരെക്കുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കുന്ന 'എന്റെ എഴുത്തുകാര്‍', ഇന്ത്യയുടെ 200 വര്‍ഷം നീണ്ടുനില്‍ക്കുന്ന സമരചരിത്രങ്ങളുടേയും ത്യാഗങ്ങളുടേയും ദൃശ്യാവതരണമായ 'ദ ഇന്റിപെന്റന്‍സ്', വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് അവരുടെ പ്രകടനം കാഴ്ചവെയ്ക്കാന്‍ അവസരം നല്‍കുന്ന പുതിയ രൂപത്തിലുള്ള 'ബാലസൂര്യന്‍' എന്നിവയാണ് മറ്റു പരിപാടികള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈടെക്കാകുന്ന ക്ലാസ്മുറികളില്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് വഴി തത്സമയം കാണിക്കാന്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഐടി@സ്‌കൂള്‍ സംവിധാനം ഒരുക്കുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. www.victers.itschool.gov.in വഴിയും എല്ലാവര്‍ക്കും തത്സമയം ഐടി@സ്‌കൂള്‍ വിക്ടേഴ്‌സ് വീക്ഷിക്കാം.