വൈകല്യങ്ങളെ കാറ്റില്‍പ്പറത്തി ഷിഹാബുദ്ദീന്‍

0


സ്വന്തം പ്രയത്‌നങ്ങളും ജീവിതാനുഭവങ്ങളുംകൊണ്ട് വൈകല്യങ്ങള്‍ കാറ്റില്‍പ്പറത്തി ഷിഹാബുദ്ദീന്‍ . ദാരിദ്ര്യത്തിന്റെയും വൈകല്യത്തിന്റെയും കൊടുമുടിയില്‍ മനസ് തളര്‍ന്നു നിന്ന നിമിഷങ്ങളില്‍ ആത്മവിശ്വാസത്തിന്റെ അദൃശ്യ സാന്നിധ്യംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു മടങ്ങിയ മലപ്പുറം ഷിഹാബുദ്ദീനാണ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ഒരുക്കിയ മാമ്പഴക്കാലം അവധിക്കാലക്യാമ്പില്‍ അതിഥിയായി എത്തിയപ്പോള്‍ കുട്ടികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ജന്മനാ ഇരുകൈകളും കാലുകളും അംഗഭംഗം വന്ന ഷിഹാബുദ്ദീന്റെ ജനനസമയത്ത് അധികനാള്‍ ജീവിതമില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. അംഗപരിമിതികളെ മറികടക്കണമെന്ന് തോന്നിയത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നെന്ന് ഷിഹാബുദ്ദീന്‍ പറയുന്നു. പിന്നെ പഠനത്തിലും കലയിലും താല്പര്യം പുലര്‍ത്തി. 

ഏകാഗ്രതയോടെ പഠിച്ചതുകൊണ്ടാണ് പത്താം ക്ലാസ്സ് പരീക്ഷയില്‍ 96 ശതമാനം മാര്‍ക്കോടെ വിജയിക്കാന്‍ സാധിച്ചതെന്ന് ഷിഹാബുദ്ദീന്‍ ഓര്‍മ്മിക്കുന്നു. അധ്യാപകര്‍ പകര്‍ന്നു തന്ന ആത്മവിശ്വാസമാണ് വിജയത്തിനു പിന്നില്‍. പിന്നെ ഡിഗ്രിയും കഴിഞ്ഞ് കലയിലും ഏകാഗ്രത പുലര്‍ത്തി. ഇപ്പോള്‍ എം എ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയാണ്.

ഏകാഗ്രത, ശുഭാപ്തിവിശ്വാസം, സ്വപ്‌നങ്ങള്‍ എന്നീ മൂന്നു തലങ്ങളിലാണ് ഷിഹാബുദ്ദീന്‍ തന്റെ ജീവിത തീയറി പാഠമാക്കുന്നത്. കുട്ടികളെ സ്മാര്‍ട്ടാകാന്‍ പ്രേരിപ്പിച്ച ഷിഹാബുദ്ദീന്‍ തന്റെ ജീവിതചര്യകളെ സമയബന്ധിതമായി അളന്നു മുറിച്ച് യാഥാര്‍ത്ഥ്യത്തിന്റെയും സമരസത്തിന്റെയും പൊരുത്തപ്പെടലുകളില്‍ പെടുത്തി കാലത്തിനനുസരിച്ചുള്ള ജീവിതക്രമങ്ങള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. കാലും കൈയുമില്ലാത്ത ഷിഹാബുദ്ദീന്‍ നൃത്തം, ചിത്രരചന, വയലിന്‍, പിയാനോ വായന എന്നിവയില്‍ അഗ്രഗണ്യനാണ്.