നിശ്ചിത ശതമാനം പി എസ് സി നിയമനം കായികതാരങ്ങള്‍ക്കായി മാറ്റി വെക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി എ സി മൊയ്തീന്‍

നിശ്ചിത ശതമാനം പി എസ് സി നിയമനം കായികതാരങ്ങള്‍ക്കായി മാറ്റി വെക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി എ സി മൊയ്തീന്‍

Friday March 31, 2017,

1 min Read

പി എസ് സി നിയമനത്തില്‍ നിശ്ചിത ശതമാനം കായിക താരങ്ങള്‍ക്കായി മാറ്റിവെക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ തത്വത്തില്‍തീരുമാനമെടുത്തിട്ടുള്ളതായും ഇതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശതമാനം എത്രയാണെന്ന് തീരുമാനമായിട്ടില്ല. 15000 നിയമനങ്ങള്‍ ഒരു വര്‍ഷം നടക്കുന്നുവെന്ന് കരുതിയാല്‍ അതിന്റെ ഒരു ശതമാനം കണക്കിലെടുത്താല്‍ പോലും കായിക രംഗത്ത് അത് വലിയ ഒരു നേട്ടമായിരിക്കും.

image


പി എസ് സി വഴിയുളള നിയമനങ്ങളില്‍ നിലവില്‍ ഏഴു വര്‍ഷത്തെ ബാക്ക്‌ലോഗ് കിടക്കുകയാണ്. ഇത് നികത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. പൊതുമേഖലാ സ്ഥാനപങ്ങളില്‍ കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള പി എസ് സി ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. യോഗ ഒരു കായിക ഇനമല്ലെങ്കിലും യോഗയുടെ പ്രയോജനം കായികരംഗത്തിന് അനുഗുണമാകുന്ന തരത്തില്‍ മാറ്റണമെന്ന് മന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിന്റെ നേട്ടം സേവനമേഖലയിലും, നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഉണ്ടായെങ്കിലും ഇതിന്റെ നേട്ടം ഇതു വരെ കായിക രംഗത്തേക്കെത്തിയിട്ടില്ല. ഇതിന് മാറ്റം വരുത്താനാകണം. അസോസിയേഷനുകളുടെ ചട്ടക്കൂടിനകത്തു നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സ്‌പോര്‍ട്‌സ് ആഭിമുഖ്യം എന്ന് കരുതരുത്. കായികതാരങ്ങള്‍ക്ക് മാത്രമല്ല മൊത്തം സമൂഹത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള കായിക സംസ്‌കാരം മാറണം. സ്‌പോര്‍ട്‌സിന് അനുകൂലമായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്താനും ഏകോപിപ്പിക്കാനും പരസ്പര ധാരണയോടെ മുന്നോട്ട് കൊണ്ടു പോകാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ടി പി ദാസന്‍, വൈസ് പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, എം എല്‍ എമാരായ സി കെ നാണു, മുഹമ്മദ് മൊഹ്‌സിന്‍ പങ്കെടുത്തു.