റസ്റ്റിക്; ഉല്‍പ്പന്നങ്ങള്‍ വാങ്ങാം, പ്രകൃതിയിലേക്ക് മടങ്ങാം

0

പ്രകൃതിയോടിണങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ എന്നപേരില്‍ ഗുണമേന്‍മ്മകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വിപണയില്‍ ഇറങ്ങുന്ന ഇക്കാലത്ത് റസ്റ്റിക് ആര്‍ട് എന്ന സ്ഥാപനത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്രകൃതിയുെട പേരിലുള്ള തട്ടിപ്പുകള്‍ക്കിടയില്‍ കൃത്രിമത്വമില്ലാത്ത, പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വേറിട്ട വഴിതീര്‍ക്കുകയാണ് സ്വാതി മഹേശ്വരിയും സുനിത ജാജുവും. നിരവധി പ്രതിസന്ധികള്‍ക്കിടയിലും വേഗത്തില്‍ വിറ്റുപോകുന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിയില്‍ തങ്ങളുടേതായ സാന്നിധ്യം അറിയിക്കാന്‍ അവര്‍ക്കായിട്ടുണ്ട്.

കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിയുടെ വലിപ്പവും മത്സരവും മനസിലാക്കിയാലേ ഇടത്തരം കുടുംബത്തില്‍ നിന്നുള്ള രണ്ടു സ്ത്രീകളുടെ വിജയത്തിന്റെ പ്രധാന്യവും മനസിലാകൂ. 2012ല്‍ ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ് വിപണിയിലെ മൊത്തം വിറ്റുവരവ് 36.8 ബില്യണ്‍ യുസ് ഡോളറായിരുന്നെങ്കില്‍ 2015ല്‍ ഇതു 47.3 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോളപോലുള്ള സോഫ്റ്റ് ഡ്രിങ്ക്‌സും,പാക്കറ്റ് ഭക്ഷണവും, അണിഞ്ഞൊരുങ്ങാനുള്ള വസ്തുക്കളും,സൗന്ദര്യവസ്തുക്കളും ഉള്‍പ്പെടുന്ന അതിവേഗം ചലിക്കുന്ന ഉപഭോക്തൃ വിപണിയില്‍ വലിയൊരു ഭാഗം കയ്യടക്കിവച്ചിരിക്കുന്നത് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡാണ്. ശേഷിക്കുന്ന ഭാഗം ഗോഡ്‌റേജ്, ഡാബര്‍,ഇമാമി,പിആന്റ് ജി എന്നിവരുടെ കയ്യിലും. ഇത്രയും വമ്പന്‍മാര്‍ അണിനിരക്കുന്ന മേഖലയില്‍ കൈകൊണ്ടു നിര്‍മ്മിക്കുന്ന, അണിഞ്ഞൊരുങ്ങാനുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍ക്കു മുന്നോട്ടുപോകാന്‍ പ്രയാസമായിരിക്കും. അവിടേയാക്കാണ് രാസവസ്തുക്കള്‍ ചേരാത്ത പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുമായി റസ്റ്റിക് ആര്‍ട് കടന്നുവരുന്നത്.

2011ലാണ് മഹാരാഷ്ട്രയിലെ സതാരയിലുള്ള സ്വാതി മഹേശ്വരിയും അവരുടെ അമ്മായി സുനിത ജാജുവും റസ്റ്റിക് ആര്‍ടിന് തുടക്കമിടുന്നത്. തിരക്കിനിടില്‍ പലര്‍ക്കും ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മനസിലാക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതിനൊരു മാറ്റം വരുത്താന്‍ കൂടിയായിരുന്നു പുതിയ സംരംഭം.

'പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ വീട്ടില്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും റിന്‍, സര്‍ഫ്,ഏരിയല്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചപ്പോള്‍ വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മ്മിച്ച സോപ്പാണ് ഞങ്ങള്‍ അലക്കാനായി തെരഞ്ഞെടുത്തിരുന്നത്'സ്വാതി പറയുന്നു.

ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയെന്നതായിരുന്നു ആദ്യവെല്ലുവിളി.' ജനങ്ങള്‍ വിചാരിക്കുന്നത് പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടുതലാണെന്നാണ്. അതിനാല്‍ വിപണനം ഒരു വെല്ലുവിളിയായിരുന്നു. അഥവാ, വിലകുറച്ചുകൊടുത്താല്‍ അതിലെന്തോ തട്ടിപ്പുണ്ടെന്നായിരിക്കും ജനത്തിന്റെ ധാരണസ്വാതി പറയുന്നു.

ജനങ്ങളുടെ ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് കച്ചവടക്കാരുെട നീക്കവും. റസ്റ്റിക് ആര്‍ടിന്റെ പ്രധാന ഉല്‍പ്പന്നങ്ങളെല്ലാം കറ്റാര്‍വാഴ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ചെറുകിട കച്ചവടക്കാരും നിര്‍മ്മാതാക്കളും കറ്റാര്‍വാഴക്കായി ഞങ്ങളെ സമീപിക്കാറുണ്ട്. 20 കിലോ കറ്റാര്‍വാഴ വേണമെന്ന് ആവശ്യപ്പെട്ട് പലരും ഞങ്ങളെ വിളിക്കും. ഇത്ര കറ്റാര്‍വാഴ കൊണ്ട് എന്തു ചെയ്യാനാണ് എന്ന് അവരോട് ചോദിച്ചാല്‍ ഉല്‍പ്പന്നം കറ്റാര്‍ വാഴകൊണ്ടുണ്ടാക്കിയതാണെന്നു സ്ഥാപിക്കാനായി മാത്രം അല്‍പം കറ്റാര്‍ വാഴ ചേര്‍ക്കും,അതിനുവേണ്ടിയാണ് എന്നായിരിക്കും മറുപടി.

റസ്റ്റിക് ആര്‍ടിന്റെ രണ്ടാമത്തെ വെല്ലുവിളി ഉപയോക്താക്കളുടെ ശീലങ്ങളായിരുന്നു. വലിയ ഉല്‍പ്പാദനമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വലിയതോതില്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഉപയോക്താക്കള്‍ അനുവര്‍ത്തിക്കുന്ന ശീലം. ഇക്കാരണത്താല്‍ എല്ലാമാസവും ഉല്‍പ്പന്നങ്ങള്‍ വാങ്ങേണ്ടിവരും. എന്നാല്‍, കൈകൊണ്ടു നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറച്ച് ഉപയോഗിച്ചാല്‍ മതിയെന്നതിനാല്‍ ഒരുമാസത്തിലേറെക്കാലം ഉപയോഗിക്കാനാകും,സാമ്പത്തികമായി ഇതു ഗുണകരമാണ്.

ഇടപാടുകാരും ആവശ്യപ്പെടുന്നതിനാല്‍ പ്രകൃതിക്ക് ദോഷകരമല്ലാത്ത,നൂറ് ശതമാനവും സംസ്‌കരിക്കാന്‍ കഴിയുന്ന വസ്തുക്കള്‍കൊണ്ടാണ് ഉല്‍പ്പന്നങ്ങളുടെ ആവരണം നിര്‍മ്മിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ ഉപയോക്താവിന്റെ കാഴ്ച്ചപാട് മാറണം എന്ന അഭിപ്രായക്കാരിയാണ് സ്വാതി. 'കുട്ടികള്‍ക്കായി വാങ്ങുന്ന ഉല്‍പ്പന്നങ്ങളിലെ ചേരുവകള്‍ എന്താണെന്ന് പരിശോധിക്കാനെങ്കിലും ഉപയോക്താവ് തയ്യാറാകണംഅവര്‍ പറയുന്നു.

റസ്റ്റിക് ആര്‍ടിന് കൂടുതല്‍ കച്ചവടമുള്ളത് ബംഗ്ലലൂരുവിലാണ്. പഞ്ചാബ്,ഡല്‍ഹി,ഗോവ,വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലും വിപണിയുണ്ട്. എങ്കിലും കേരളത്തിലെയുംപോണ്ടിച്ചേരിയിലെയും ഗ്രാമീണ മേഖലയില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ച് കൈകൊണ്ടു നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താല്‍ വലിയ പ്രയാസം തന്നെയാണ്.

'ഞങ്ങളുടെ മാസവരുമാനം ആറുമുതല്‍ ഏഴു ലക്ഷംവരെയാണ്. ഞങ്ങള്‍ക്ക് സ്വന്തമായി കടകളില്ല. വിതരണക്കാര്‍ വഴിയും ഓണ്‍ലൈന്‍വഴിയുമാണ് വില്‍പ്പന. സ്ഥിരതയുള്ള കച്ചവട മേഖലയാണെങ്കിലും ദൗര്‍ബല്യങ്ങളുള്ളതായി സ്വാതി സമ്മതിക്കുന്നു.

'വലിയ ബ്രാന്റ് ആകണമെന്ന് ആഗ്രഹിച്ചാലും നിലവിലെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് അതിനു കഴിയില്ല. ഞങ്ങള്‍ ശൈശവാവസ്ഥയിലാണ്. കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ടായാലേ വളര്‍ച്ച സാധ്യമാകൂ'സ്വാതി പറയുന്നു.

ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചയ്ക്കായി ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണെന്നാണ് സ്വാതിയുടെപക്ഷം. എങ്കില്‍ മാത്രമേ ഉല്‍പ്പന്നങ്ങളില്‍ മായംചേര്‍ക്കുന്നവരെ നിയന്ത്രിക്കാന്‍ കഴിയൂ. അല്ലങ്കില്‍ ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നത് പ്രയാസമായിരിക്കും. ഇതുകൂടാതെ ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണവും ആവശ്യമാണന്ന് അവര്‍ പറയുന്നു.

'ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കാനായി ഗ്രാമീണ മേഖലയില്‍ നിന്ന് നിരവധി സ്ത്രീകളെത്തുന്നുണ്ട്. മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍വില തരാന്‍ ഗ്രാമത്തിലുള്ളവര്‍ തയ്യാറാണ്. നഗരത്തിലുള്ളവരേക്കാല്‍ വേഗത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ മനസിലാകും. സ്വാതി പറയുന്നു.

സ്ഥാപനത്തിന് മികച്ച വളര്‍ച്ചയാണുള്ളത്. കൂടുതല്‍ ആളുകള്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളില്‍ ആകൃഷ്ടരായി വരുന്നുണ്ട്. ആളുകള്‍ക്ക് ഞങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്‍മ്മയില്‍ വിശ്വാസമുണ്ട്‌സ്വാതി പറഞ്ഞു.