മികച്ച സിനിമകള്‍ തേടി അവസാനദിന തിരക്ക്‌

മികച്ച സിനിമകള്‍ തേടി അവസാനദിന തിരക്ക്‌

Friday December 11, 2015,

1 min Read

ദേശ, ഭാഷാ, സംസ്‌കാര, വ്യത്യാസമില്ലാതെ എല്ലാ സിനിമാ പ്രേമികള്‍ക്കും തട്ടകമായ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേള സമാപിക്കാനിരിക്കെ മികച്ച സിനിമകള്‍ കാണാനുളള തിരക്കിലായിരുന്ന അവസാന ദിനങ്ങളില്‍ പ്രതിനിധികള്‍. പറഞ്ഞു തീരാത്ത വിശേഷങ്ങളും പങ്കുവയ്ക്കാത്ത സൗഹൃദങ്ങളും ബാക്കിയാക്കി മടങ്ങുമ്പോള്‍ അടുത്തവര്‍ഷം ഒത്തു ചേരുന്നതുവരെ ഹൃദയത്തിലേറ്റാന്‍ ഒരുപിടി ചിത്രങ്ങള്‍ തരപ്പെടുത്തുന്നതിന്റെ അവസാന തിരക്കിലായിരുന്നു ഓരോരുത്തരും.

image


ചലച്ചിത്ര നിര്‍മ്മാണത്തിന്റെ വിപ്ലവാത്മക ആശയങ്ങള്‍ പങ്കുവച്ച ജര്‍മന്‍ ചിത്രം വിക്‌ടോറിയയും മൂന്നു പതിറ്റാണ്ടുകളില്‍ സംഭവിക്കുന്ന മൂന്ന് പ്രണയകഥയെ അധികരിച്ച ദ ഹൈ സണും ഇസ്രയേലിനെതിരെ ഗാസാമുനമ്പില്‍ നടക്കുന്ന തിളയ്ക്കുന്ന രോഷത്തെ പ്രതീകവല്‍ക്കരിച്ചിരിക്കുന്ന ഡിഗ്രേഡും ആസ്വാദിക്കാന്‍ തിരക്കേറെയായിരുന്നു.

image


നിശാഗന്ധിയിലായിരുന്നു വിക്‌ടോറിയയുടെ അവസാന പ്രദര്‍ശനം. എഡിറ്റിംഗോ കട്ടുകളോ കൂടാതെയാണ് സെബാസ്റ്റ്യന്‍ ഷിപ്പര്‍ ഒറ്റ ഷോട്ടില്‍ 140 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. മാഡ്രിഡുകാരിയായ വിക്‌ടോറിയ ബര്‍ലിന്‍ സ്വദേശികളായ നാലുപേരെ ഒരു നിശാക്ലബ്ബിന്റെ പുറത്തുവച്ച് കണ്ടുമുട്ടുന്നതിനേയും നഗരത്തിന്റെ യഥാര്‍ത്ഥമുഖം അവള്‍ക്ക് കാണിച്ചുകൊടുക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്യുന്നതിനേയുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

image


വംശീയ വിദ്വേഷത്തിന്റെ നീണ്ട ചരിത്രം പറയാനുള്ള ബാല്‍ക്കനിലെ രണ്ട് അയല്‍ ഗ്രാമങ്ങള്‍ക്കിടയിലെ പ്രണയങ്ങളെയാണ് ദ ഹൈ സണ്‍ പ്രമേയമാക്കിയിരിക്കുന്നത്. നിഷേധിക്കപ്പെടുന്ന പ്രണയങ്ങളുടെ ശാശ്വതമായ ശക്തിയേയും അവയുടെ അപകടങ്ങളെപ്പറ്റിയുമാണ് സംവിധായകന്‍ ഡാലിബോര്‍ മറ്റാനിക് സംവദിക്കുന്നത്.

image


ഗാസയിലെ മൃഗശാലയില്‍നിന്നും പെണ്‍സിംഹം മോഷണം പോകുന്നതിനെയാണ് നായിക ക്രിസ്റ്റിന്റെ ബ്യൂട്ടീസലൂണ്‍ കേന്ദ്രീകരിച്ച് ചിത്രീകരിച്ചിരിക്കുന്ന ഡിഗ്രേഡ് തുറന്നുകാട്ടുന്നത്. അറബ് അബുനാസറും ടാര്‍സന്‍ അബുനാസറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.