മാലിന്യ സംസ്‌കരണം; കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ സ്ഥിരമിടം

മാലിന്യ സംസ്‌കരണം; കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ സ്ഥിരമിടം

Sunday October 23, 2016,

1 min Read

ഉറവിട മാലിന്യസംസ്‌കരണത്തിനായുള്ള വിവിധ കിച്ചന്‍ ബിന്നുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുന്നതിനായി പാളയം കണ്ണിമേറ മാര്‍ക്കറ്റ് പരിസരത്ത് കിച്ചന്‍ ബിന്നുകളുടെ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പപറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.

image


ശരിയായ പരിപാലനമുണ്ടെങ്കില്‍ നഗരസഭയുടെ കിച്ചന്‍ ബിന്നുകള്‍ അടുക്കളയിലോ പൂമുഖത്തോ പോലും സ്ഥാപിക്കാവുന്നവയാണെന്ന് മന്ത്രി പറഞ്ഞു. ജൈവ മാലിന്യങ്ങളെ കമ്പോസ്റ്റാക്കി മാറ്റാന്‍ സഹായിക്കുന്ന സൂക്ഷ്മജീവികളെ ചകിരിച്ചോറില്‍ കലര്‍ത്തി ഉണ്ടാക്കിയ പ്രത്യേക സംയുക്തമാണ് മാലിന്യം സംസ്‌കരിക്കുന്നതിനായി ഉപയോഗിക്കുന്നത്. മാലിന്യം ബിന്നില്‍ നിക്ഷേപിച്ച ശേഷം ഈ സംയുക്തം ഉപയോഗിച്ചാല്‍ ദുര്‍ഗന്ധം ഉണ്ടാകില്ല. 

image


ബിന്നുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്കു നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ പാളയത്ത് നവംബര്‍ നാല് വരെ ഡെമോണ്‍സ്‌ട്രേഷന്‍ ഉണ്ടാകും. corporation.ofabee.com എന്ന സൈറ്റിലൂടെ യുട്യൂബിലും ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ കാണാം. നഗരസഭ ആരോഗ്യവിഭാഗത്തിന്റെയും പോജക്ട് സെക്രട്ടേറിയറ്റിന്റെയും ക്യാംപെയ്ന്‍ സെല്ലിന്റെയും നേതൃത്വത്തിലാണ് ഡെമോണ്‍സ്‌ട്രേഷന്‍. കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ പ്രദര്‍ശനം, തത്സമയ സംവാദങ്ങള്‍, കിച്ചന്‍ ബിന്‍ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങള്‍, ചിത്ര രചനാ മത്സരം എന്നിവയും ഡെമോണ്‍സ്‌ട്രേഷന്റെ ഭാഗമായി നടക്കും. ഉദ്ഘാടനച്ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ശ്രീകുമാര്‍, ആര്‍. സതീഷ്‌കുമാര്‍, ബിന്ദു ശ്രീകുമാര്‍, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി എന്നിവരും പങ്കെടുത്തു.

    Share on
    close