ലിസി; അഴിക്കുള്ളില്‍ ഒതുങ്ങാത്ത കവി

0

'ശൂന്യമാം ഇരുളിന്റെ

ഗര്‍ത്തത്തിലെങ്ങോ

മറവിയുടെ പായല്‍ പിടിച്ച

വേരുകള്‍ക്കിടയില്‍

സ്വപ്നങ്ങളില്ലാതെ

മോഹങ്ങളില്ലാതെ

അനാഥമായ്.. ചകിതമാമെന്‍ മനം

ഈ വരികള്‍ പിറന്നത് ഏകാന്തതയുടെ അഴികള്‍ക്കുള്ളിലാണ്. അഴികളെന്നാല്‍ ജനലഴികളല്ല. ജയിലറയുടെ അഴികള്‍. സാഹചര്യങ്ങള്‍ ഒരുക്കിയ കുരുക്കില്‍ അറിയാതെ അകപ്പെട്ടുപോയ ഒരു പെണ്ണ്. അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ വീണത് പുസ്തകങ്ങളിലായിരുന്നു, അക്ഷരമുത്തുകളായി.

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചുള്ളിയോട് പുള്ളോലിക്കല്‍ ജോര്‍ജിന്റെയും റോസക്കുട്ടിയുടെയും മകള്‍ ലിസി ശശിയുടെ ജീവിതമാണ് പുസ്തകമായി പുറത്തിറങ്ങുന്നത്. തീപ്പൊള്ളലേറ്റ അനുജത്തി മിനിയുടെ ചകിത്സക്കുവേണ്ടി പണം അന്വേഷിച്ചിറങ്ങിയാണ് ലിസിയുടെ ജീവിതം തടവറക്കുള്ളിലകപ്പെട്ടത്. സഹായം വാഗ്ദാനം ചെയ്‌തെത്തിയ സുഹൃത്ത് ഏല്‍പിച്ച സാധനം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ പോലീസ് പിടിയിലാവുകയായിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതിയായിരുന്നു അയാളെന്ന് പിന്നീടാണ് മനസിലായത്. 2010 ജൂലൈയിലായിരുന്നു സംഭവം. കേസില്‍ കോടതി 25 വര്‍ഷത്തേക്ക് ശിക്ഷിച്ചു. കണ്ണൂര്‍ വനിത ജയിലില്‍ ഇപ്പോള്‍ ശിക്ഷാ കാലവധി നാലുവര്‍ഷം കഴിഞ്ഞു.

അഞ്ച് പെണ്ണും ഒരാണും അടങ്ങുന്നതായിരുന്നു ലിസിയുടെ കുടുംബം. ഒരു ക്രിസ്തുമസ് ആഘോഷത്തിനിടെ വഴുതി വീണ് പിതാവ് മരിച്ചു. ചുള്ളിയോടുള്ള ഒരുകോഫി എസ്റ്റേറ്റിലായിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. പത്താം ക്ലാസ് പാസായെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം തുടര്‍ന്ന് പഠിക്കാനായില്ല. പാലക്കാട് സ്വദേശി ശശിയെ വിവാഹം ചെയ്ത് പാലക്കാട് താമസിക്കുമ്പോള്‍ കുറച്ചുനാള്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തു. ആറുവര്‍ഷം മുമ്പ് ഭര്‍ത്താവും മരിച്ചു. ബന്ധത്തില്‍ മക്കളില്ല.

ലിസിയിലെ എഴുത്തുകാരിയെ തിരിച്ചറിഞ്ഞത് ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ ശോഭനയായിരുന്നു. ഇപ്പോള്‍ ലിസിയുടെ ജീവിത വഴികള്‍ അടയാളപ്പെടുത്തുന്ന പുസ്തകവും ഒരുങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകനും കൊക്കോപെല്ലി പബ്ലിക് റിലേഷന്‍സ് മാനേജിംഗ് ഡയറക്ടറുമായ സുബിന്‍ മാനന്തവാടിയാണ് 'കുറ്റവാളിയില്‍ നിന്ന് എഴുത്തുകാരിലേക്ക്'എന്ന് പേരിട്ടിരിക്കുന്ന അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്തുകാരന്‍. 'നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്റെ ശരീരത്തെ ഇരുമ്പഴിക്കുള്ളില്‍ തളച്ചിടാം, പക്ഷേ, മനസിനെ തളച്ചിടാനാവില്ലെന്ന്' ലിസിയുടെ ഉറച്ച മനസിന്റെ ഭാഷ്യത്തില്‍ നിന്ന് വായിക്കാം.

ചെറുപ്പം മുതലേ ലിസി എഴുതുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞതോടെ എഴുത്തിന്റെ വഴി പൂര്‍ണമായും അടഞ്ഞു. പിന്നീട് വെള്ളിടിപോലെ വന്നനുഭവിച്ച ജയിലില്‍ വാസം അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും ലിസിയെ കൊണ്ടുവന്നു. ചെറിയ കവിതകള്‍ എഴുതിയായിരുന്നു തുടക്കം. കഥയോടാണോ കവിതയോടാണോ കൂടുതല്‍ പ്രണയം എന്ന് ചോദിച്ചാല്‍ കവിതയെന്നു പറയും. കഥയും കവിതയും ഒരു പോലെ ഇഷ്ടമാണ്. നോട്ടുബുക്കും പേനയും ജയിലില്‍ നിന്നുകിട്ടും. വിരഹം, മുഖങ്ങള്‍, വിധി, പ്രണയം, സ്വപ്നം തുടങ്ങി 15 ഓളം കവിതകള്‍ ലിസി ഇതിനകം എഴുതിക്കഴിഞ്ഞു.

സമീരിന്റെ മരണം, പിരാന്ത്, മാനസാന്തരം, ആവര്‍ത്തനം തുടങ്ങി എട്ടോളം കഥകളുമെഴുതി. ഇപ്പോള്‍ പുതുയൊരു കഥയുടെ പണിപ്പുരയിലാണ് ലിസി. ഒറ്റപ്പെട്ടുപോയ ഒരമ്മയുടെ ജീവിതമാണ് ഇതിവൃത്തം. വായനിയില്‍ ഒ എന്‍ വി കവിതകളും എം മുകുന്ദന്റെ കഥകളൊക്കെ ഇഷ്ടമാണ്. കാക്കനാടന്റെയും ഒത്തിരി ഇഷ്ടമാണ്. ബെന്യാമിന്റെ ആടുജീവിതം ഒറ്റയിരുപ്പില്‍ വായിച്ചു.

പശുപരിപാലനമാണ് ജയിലിലെ ജോലി. ദിവസവും 53 രൂപ കൂലി കിട്ടും. അത് വാര്‍ധ്യസഹജമായ രോഗ പീഢയില്‍ കഴിയുന്ന അമ്മയുടെ ചികിത്സക്കായി അയച്ചുകൊടുക്കും.

തനിക്ക് അബദ്ധത്തില്‍ പറ്റിയതെറ്റിലൂടെ ഉണ്ടായ പേരുദോഷം, എഴുത്തിലൂടെ മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ് ലിസി. ലിസിയുടെ പുസ്‌കങ്ങള്‍ വായിക്കുന്നവര്‍ക്കാര്‍ക്കും ലിസിയിലൊരു കുറ്റവാളിയുണ്ടെന്ന് പറയാനാകില്ല.