ഇങ്ങള് പെരുത്ത് സംഭവമാ...കലക്ടര്‍ ബ്രോയുടെ ബിരിയാണി വാഗ്ദാനം ഉഷാര്‍: 14 ഏക്കര്‍ ചിറ സൂപ്പര്‍

ഇങ്ങള് പെരുത്ത് സംഭവമാ...കലക്ടര്‍ ബ്രോയുടെ ബിരിയാണി വാഗ്ദാനം ഉഷാര്‍: 14 ഏക്കര്‍ ചിറ സൂപ്പര്‍

Wednesday January 27, 2016,

2 min Read


ഇങ്ങള് പെരുത്ത് സംഭവമാ...കോഴിക്കോട് കലക്ടര്‍ പ്രശാന്തിന്റെ ഫേസ് ബുക്ക് പോസ്റ്റിന് ഒരു കമന്റ് ഇങ്ങനെയായിരുന്നു. വാഗ്ദാനം ചെയ്തതനുസരിച്ച് ചിറ വൃത്തിയാക്കിയവര്‍ക്ക് ബിരിയാണി വാങ്ങിക്കൊടുത്തു എന്ന പോസ്റ്റിനായിരുന്നു മറുപടി. കോഴിക്കോട്, കൊല്ലം പിഷാരുകാവില്‍ 14 ഏക്കര്‍ വിസ്തീര്‍ണം വരുന്ന ചിറ നാട്ടുകാര്‍ ചേര്‍ന്ന് സൂപ്പറാക്കി. നാട്ടുകാര്‍ക്ക് ബിരിയാണി വാഗ്ദാനം ചെയ്ത് കോഴിക്കോട് നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളം, ചിറ മുതലായവ വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാമെന്നായിരുന്നു കലക്ടര്‍ പ്രശാന്ത് ഫേസ് ബുക്കിലൂടെ നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്തത്. ഇതിനോടകം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ കോഴിക്കോടുകാരുടെ കലക്ടര്‍ ബ്രോ ആയി മാറിയ പ്രശാന്തിന്റെ വാഗ്ദാനം നാട്ടുകാര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ചിറ വൃത്തിയാക്കിയ നാട്ടുകാര്‍ക്ക് കലക്ടര്‍ ബ്രോ നല്ല അസല്‍ കോഴിക്കോടന്‍ ബിരിയാണി തന്നെ നല്‍കി. ബിരിയാണി നല്‍കിയ കാര്യവും ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ പ്രശാന്ത് വ്യക്തമാക്കി. ഒപ്പം ചിറ വൃത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളും.

image


കലക്ടറുടെ വാക്കുകള്‍ ഇങ്ങനെ:

14 ഏക്കര്‍ വിസ്തീര്‍ണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല. ചെയ്യും എന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും. അതാണ് ഇന്ന് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍...

ജനുവരി എട്ടിനാണ് കുളവും ചിറയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങുന്നവരുടെ ഭക്ഷണത്തിനും യാത്രാ ചെലവിനുമായി തുക അനുവദിക്കാന്‍ വകുപ്പുണ്ടെന്നും അതനുസരിച്ച് ചിറകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാമെന്നും കലക്ടര്‍ പോസ്റ്റിട്ടത്. ഇതനുസരിച്ചാണ് നാട്ടുകാര്‍ സംഘടിച്ച് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയത്.

image


ബിരിയാണി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കലക്ടറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സ്വന്തം നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്ക് ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക് ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയില്‍ കൂടരുത് എന്ന് മാത്രം.

താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡന്‍സ് അസ്സോസിയേഷനുകളൊ ഉണ്ടെങ്കില്‍ ജില്ലാ കലക്ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാര്‍ക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സര്‍ക്കാരിന്റെ വക. എന്താ ഒരു കൈ നോക്കുന്നോ?

കോഴിക്കോടിന്റെ സ്വന്തം കലക്ടറായി ജനങ്ങള്‍ ഹൃദയത്തിലേറ്റിയ പ്രശാന്തിന് പിന്തുണയുമായി ഫാന്‍സ് അസോസിയേഷനും പിന്തുണക്കാരുമെല്ലാം ഫേസ് ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്.

    Share on
    close