സംരംഭകന് പരാജയമില്ല: വൈദീശ്വരന്‍

0

നിങ്ങള്‍ ഒരു സംരംഭകനാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഒരിക്കലും നിങ്ങളുടെ മുന്നിലുള്ള ശരിതെറ്റുകളെ കുറിച്ച് ചിന്തിക്കരുത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുക, തീര്‍ച്ചയായും വിജയം നിങ്ങളെ തേടിയെത്തും ഇകൊമേഴ്‌സ് രംഗത്തെ തന്റെ 15 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍നിന്നും കെ വൈദീശ്വരന് നല്‍കാനുള്ള മുഖ്യ ഉപദേശം ഇതാണ്. ടെക്‌സ് പാര്‍ക്ക് 2015ല്‍ സംവദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ചീട്ടുകളി പോലെയാണ് വിജയം. എല്ലാവര്‍ക്കും ക്വീന്‍ ഓഫ് ഹാര്‍ട്ട് കിട്ടാനായിരിക്കും ആഗ്രഹം. എന്നാല്‍ ക്വീന്‍ ഓഫ് ഹാര്‍ട്ടിന്റെ ഒരു ചീട്ട് മാത്രമേ കാണുകയുള്ളൂ എന്നുള്ളതു കൊണ്ട് അത് കിട്ടുന്നയാള്‍ വിജയിക്കുകയും ചെയ്യും. എന്നുവെച്ച് മറ്റുള്ളവര്‍ നല്ല കളിക്കാരല്ലെന്നും അവര്‍ നന്നായി കളിച്ചില്ലെന്നും അര്‍ത്ഥമില്ല. ബിസിനസും ഇതുപോലെ തന്നെയാണ്. പരാജയപ്പെടുന്നതിന്റെ അര്‍ത്ഥം നമ്മള്‍ നന്നായി പ്രവര്‍ത്തിച്ചില്ല എന്നത് മാത്രമാകില്ല.

95 ശതമാനം കമ്പനികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന റിസള്‍ട്ട് ലഭിക്കണമെന്നില്ല. എന്നാല്‍ നൂറ് ശതമാനം സ്റ്റാര്‍ട്ട് അപ് സംരംഭകരും വിജയത്തിലേക്കെത്തുക തന്നെ ചെയ്യും. ഫലം എങ്ങനെയായി തീരുമെന്നത് സംരഭങ്ങള്‍ക്ക് നിര്‍ണയിക്കാനാകില്ല. വ്യക്തികളും നിരന്തരമായ ഇടപെടലുകളുമടങ്ങുന്ന പല ഘടകങ്ങളെ ആശ്രയിച്ചാണ് ബിസിനസില്‍ ഫലം ഉണ്ടാവുക.പലപ്പോഴും ബിസിനസിലെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. വിശ്വാസപൂര്‍വം സംരംഭത്തിന് തുടക്കമിടുക എന്നതാണ് നമുക്ക് ചെയ്യാനാവുക. അത് തന്നെയാണ് ഏറ്റവും വലിയ വിജയവും.

മനുഷ്യശേഷി, മൂലധനം, ആശയം എന്നിവയാണ് ഒരു ബിസിനസ് സംരംഭത്തിന് വേണ്ട അടിസ്ഥാന കാര്യങ്ങള്‍. ഒരു സംരംഭം തുടങ്ങുകയെന്നത് അല്‍പം ധൈര്യവും കുറച്ച് വിഡ്ഢിത്വവും നിറഞ്ഞ കാര്യമാണെന്നാണ് വൈതീശ്വരന്റെ പക്ഷം. ഇത് രണ്ടുമില്ലാത്തവര്‍ക്ക് സംരംഭത്തിലേക്ക് കടക്കാനാകില്ല. നടുക്കടലില്‍ ഒരു തുഴച്ചില്‍ക്കാരന്‍ മാത്രമുള്ളബോട്ടിന് തുല്യമാണ് ഒരു സംരംഭം. യാത്ര പൂര്‍ണമായും ഇരുട്ട് നിറഞ്ഞതായിരിക്കും. വഴിയില്‍ നമ്മള്‍ കൊടുങ്കാറ്റില്‍പെട്ടേക്കാം. അല്ലെങ്കില്‍ രക്ഷപ്പെട്ടേക്കാം. ഇതാണ് സംരംഭങ്ങളുടെയും അവസ്ഥ. നൂതനമായ ആശയങ്ങളൊന്നും ഒരു സംരംഭം തുടങ്ങുന്നതിന് ആവശ്യമില്ല. എല്ലാ പുതിയ ആശയങ്ങളും അല്ലെങ്കില്‍ പുതിയ ബിസിനസ് സംരംഭങ്ങളുമെല്ലാം നിലവിലുള്ള ആശയങ്ങളുടെ തുടര്‍ച്ചയായിരിക്കും.

സംരംഭത്തില്‍ അടിസ്ഥാനമായി മൂന്ന് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ചെലവ് കുറഞ്ഞതും, വേഗതയുള്ളതും, മെച്ചപ്പെട്ടതുമായ പ്രവര്‍ത്തനങ്ങളായിരിക്കണം നമ്മുടേത്.

പെട്ടെന്ന് പരാജയത്തിലേക്ക് പോകുമെന്ന് നിങ്ങള്‍ തന്നെ തിരിച്ചറിയുന്ന ഒരു ബിസിനസും തുടങ്ങരുത്. നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതും പ്രതിബന്ധങ്ങളെ എങ്ങനെ അതിജീവിക്കാനാകും എന്നതും മനസിലാക്കി പ്രവര്‍ത്തിക്കണം.

ബിസിനസ് തീര്‍ച്ചയായും പണമുണ്ടാക്കുന്നതിന് വേണ്ടിയാണ്. അല്ലെങ്കില്‍ അതൊരു വിനോദം മാത്രമായിരിക്കും. വിനോദങ്ങള്‍ നല്ലതാണ്. ചിലര്‍ വിനോദങ്ങള്‍ക്കായി പുസ്തകങ്ങള്‍ വായിക്കുകയും ടി വി കാണുകയും യാത്ര ചെയ്യുകയും സ്‌പോര്‍ട്‌സ് കാണുകയുമെല്ലാം ചെയ്യുന്നു. അതുപോലെ ചിലര്‍ സംരംഭങ്ങള്‍ തുടങ്ങുന്നു.

ബിസിനസ് തുടങ്ങുന്നതിന് ഒരു പ്ലാന്‍ ഉണ്ടായിരിക്കണം. കഴിയുമെങ്കില്‍ വിശദമായ പ്ലാന്‍ തന്നെ വേണം. സ്ഥാപനത്തിന്റെ ചെലവുകളെയും വരുമാനത്തേയും സംബന്ധിച്ച ഒരു ഏകദേശ രൂപം കാണാന്‍ കഴിയണം. ഒരു സംരംഭകന് നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായി വരും. ആ സമയങ്ങളില്‍ കുടുംബം മാത്രമായിരിക്കും പിന്തുണയ്ക്കുന്നത്.

നമുക്ക് കിഴ്ക്കാംതൂക്കായ പല വഴികളിലൂടെയെല്ലാം സഞ്ചരിക്കേണ്ടതായി വരും. ബിസിനസിന്റെ ഗ്ലാമറിനും തിളക്കങ്ങള്‍ക്കും പിന്നില്‍ മറ്റൊരു കറുത്ത വശം കൂടി ഉണ്ട് എല്ലാം നഷ്ടപ്പെടുമ്പോഴും കുടുംബം മാത്രമായിരിക്കും നിങ്ങള്‍ക്കുള്ള ആശ്രയമെന്നും വൈദീശ്വരന്‍ പറയുന്നു.