ഓണത്തിന് ഒരു മുറം പച്ചക്കറി: മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം

ഓണത്തിന് ഒരു മുറം പച്ചക്കറി: മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം

Thursday June 29, 2017,

1 min Read

കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. എല്ലാ വീട്ടിലും കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

image


ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000, 25,000 രൂപ വീതം നല്‍കും. ജില്ലാതലത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 15,000, 7,500, 5,000 രൂപ നിരക്കിലാണ് സമ്മാനം. സ്വന്തം ഉത്പാദനം വിപണനം എന്നീ രണ്ടു മേഖലകളില്‍ പ്രാധാന്യം കൊടുത്തുകൊണ്ടുളള പദ്ധതിയാണിത്. പദ്ധതി നടത്തിപ്പിനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തുടങ്ങി. ഇതിനായി 57 ലക്ഷം വിത്തുപായ്ക്കറ്റുകള്‍, 45 ലക്ഷം പച്ചക്കറി തൈകള്‍, ഒരു ലക്ഷത്തിലധികം ഗ്രോബാഗ് യൂണിറ്റുകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തോടെ എല്ലാം തന്നെ ജനങ്ങള്‍ക്ക് ലഭ്യമാകും. വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ്പ്, കൃഷിവകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ ഗ്രാമപഞ്ചായത്ത് കൃഷി ഭവനുകളിലും കൃഷിക്ക് ആവശ്യമായ വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമായിരിക്കും. ഇതുകൂടാതെ മാധ്യമങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്‌കൂള്‍ മുഖാന്തരവും വിത്തുപായ്ക്കറ്റുകള്‍ എല്ലാ ജനങ്ങളിലേക്കും എത്തിക്കും