ആവേശത്തിരയിളക്കി ഘോഷയാത്ര; ഓണാഘോഷത്തിന് സമാപനം

2


തലസ്ഥാന നഗരിയെ വര്‍ണ്ണവിസ്മയങ്ങളില്‍ ആറാടിച്ച് ഓണാഘോഷത്തിന് സമാപനം. സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് സമാപനമായത്. വെള്ളയമ്പലം മാനവീയം വീഥിക്ക് മുന്നില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര അട്ടക്കുളങ്ങരയില്‍ അവസാനിച്ചു. ഓണം സാംസ്‌കാരിക ഘോഷയാത്രക്ക് ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് വെള്ളയമ്പലത്ത് മാനവീയം വീഥിക്ക് മുന്നില്‍ സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. 

ടൂറിസം-സഹകരണ മന്ത്രി എ സി മൊയ്തീന്‍ വാദ്യോപകരണമായ 'കൊമ്പ്' മുഖ്യകലാകാരന് കൈമാറിയാണ് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കമായത്. ഏകദേശം നാല് ലക്ഷത്തോളം ആളുകളാണ് ഘോഷയാത്ര വീക്ഷിക്കാനായി നഗരത്തിലെത്തിയത്. ആയിരത്തില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന എഴുപത്തഞ്ചോളം ഫ്‌ളോട്ടുകളുടെ അകമ്പടിയോടെയായിരിക്കും ഘോഷയാത്ര. മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷന്‍മാര്‍ അശ്വാരൂഢസേനക്ക് പിന്നിലായി അണിനിരന്നു. 

അവരോടൊപ്പം മോഹിനിയാട്ട നര്‍ത്തകിമാര്‍ ഓലക്കുടയുമായി അണിചേര്‍ന്നു. തുടര്‍ന്ന് അണമുറിയാതെ വേലകളി, ആലവട്ടം, വെഞ്ചാമരം എന്നീ ദൃശ്യരൂപങ്ങള്‍ ചലനാത്മകമാകും. കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മന്‍കൊട എന്നിവ തനതുമേളങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്തു. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം തുടങ്ങി പെരുമ്പറമേളം എന്നിവയുടെ താളവിസ്മയങ്ങള്‍ക്കൊപ്പം ഒപ്പനയും മാര്‍ഗ്ഗം കളിയും ദഫ്മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ മതമൈത്രി വിളിച്ചോതി. 

മയൂര നൃത്തം, പരുന്താട്ടം, ഗരുഢന്‍, പറവ, അര്‍ജ്ജുന നൃത്തം തുടങ്ങി, കുമ്മാട്ടിക്കളിവരെയുള്ള നാലു ഡസനോളം വൈവിധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങള്‍ അണിനിരക്കും. കാണികളില്‍ കൗതുകമുയര്‍ത്തുന്ന പൊയ്ക്കാല്‍ കളി, ബൊമ്മകളി, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്‍, വള്ളുവനാടന്‍ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകി. ഇതോടൊപ്പം 10 ഇതര സംസ്ഥാന കലാരൂപങ്ങളെയും വഹിച്ചുകൊണ്ടുള്ള ഫ്‌ളോട്ടുകള്‍ ഈ വര്‍ഷത്തെ ഘോഷയാത്രയുടെ ്രപത്യേകതയായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിന് മുന്‍ വശത്ത് വിശിഷ്ട വ്യക്തികള്‍ക്ക് പ്രത്യേകം ഒരുക്കിയ പവലിയനില്‍ ഇരുന്നാണ് സംസ്ഥാന ഗവര്‍ണര്‍ ഘോഷയാത്ര വീക്ഷിച്ചത്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയും വിഷയാധിഷ്ഠിത ഫ്‌ളോട്ടുകള്‍ ഉള്‍പ്പെടെ 150-ല്‍ പരം ദൃശ്യ-ശ്രാവ്യ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകി. എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷ, എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരുന്ന കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഫ്‌ളോട്ടുകളായി അണിനിരന്നു. 

ഉത്തരവാദിത്വ ടൂറിസം, കരനെല്‍കൃഷി, ഗ്രീന്‍ പ്രോട്ടോകോള്‍, ലഹരി മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതിസംരക്ഷണം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, റിന്യൂവബിള്‍ എനര്‍ജി എന്നീ വിഷയങ്ങളും ഫ്‌ളോട്ടുകളുടെ ചിത്രീകരണ വിഷയമായി. കേരളീയ പൈതൃകവും, സിനിമയും സാഹിത്യവും, സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും, ആരോഗ്യശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെട്ടു. കാണികളില്‍ വിജ്ഞാനവും വിസ്മയവും കൗതുകമുണര്‍ത്തുന്ന ഈ സാംസ്‌കാരികഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ ഉദ്ദേശം ഒന്നര മണിക്കൂര്‍ വേണ്ടി വന്നു.