യുവത്വത്തിന്റെ ബ്രാന്‍ഡായി വളര്‍ന്ന് ക്യാമ്പസ് സൂത്ര

0

ബ്രാന്‍ഡ് നെയിം എഴുതിയിട്ടുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ച് വരുന്ന നിരവധി പേര്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയിലുണ്ടാകും. എന്നാല്‍ ഇവര്‍ക്ക് ഈ ബ്രാന്‍ഡിനെക്കുറിച്ച് ഒന്നും തന്നെ അറിയണമെന്നില്ല. എന്നാല്‍ യുവ ഹൃദയങ്ങളുടെ മനം കവര്‍ന്ന ക്യാമ്പസ് സൂത്രയെക്കുറിച്ച് നമുക്ക് മനസിലാക്കാം.

നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ക്യാമ്പസ് സൂത്ര എന്ന സ്ഥാപനം തുടങ്ങിയത്. ഇതിനെ ഒരു യൂത്ത് ബ്രാന്‍ഡായാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ധീരജ്, ആദിത്യ, സോണല്‍, ഖുശ്ബു അഗര്‍വാള്‍ എന്നീ സുഹൃത്തുക്കളാണ് സംരംഭത്തിന് പിന്നില്‍. സുഹൃദ്‌സംഘം ഗോവയിലേക്ക് ഒരു യാത്ര പോകുന്നതിനിടെയാണ് തങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും ബിസിനസ് സംരംഭം ചെയ്യണമെന്ന ആശയമുദിച്ചത്. എന്നാല്‍ അവര്‍ക്ക് നിലവിലുള്ള നിശ്ചിത വരുമാനം ഉപേക്ഷിച്ച് പുതിയ സംരംഭങ്ങളിലേക്ക് കടക്കുക എന്നതായിരുന്നു നേരിട്ട എറ്റവും വലിയ വെല്ലുവിളി. എല്ലാവര്‍ക്കും കൂടി ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉണ്ടായിരുന്നത്. ഗോവ ട്രിപ്പിന് ശേഷം ക്യാമ്പസ് സൂത്ര എന്ന് അവര്‍ പേര് നല്‍കിയ സ്ഥാപനം യാതാര്‍ഥ്യമാക്കാനായിരുന്നു അവരുടെ ശ്രമങ്ങള്‍.

ഖുശ്ബുവും സോണലും ചേര്‍ന്നാണ് ശരിക്കും സ്ഥാപനം തുടങ്ങിയത്. ഇപ്പോള്‍ ഇവിടെനിന്ന് ദിവസവും 2500 യൂനിറ്റുകള്‍ വീതം ഷിപ്പിംഗ് ചെയ്യുന്നുണ്ട്. 2013ല്‍ 1.65 കോടി രൂപ വരുമാനമുണ്ടായിരുന്ന കാമ്പസ് സൂത്ര 2014 സാമ്പത്തിക വര്‍ഷത്തില്‍ 16 കോടി വരുമാനത്തിലേക്ക് വളര്‍ന്നു. 6.5 ലക്ഷം ഉല്‍പന്നങ്ങളാണ് ഇതുവരെ വിറ്റഴിഞ്ഞത്.

പുതിയ ഡിസൈനുകളിലും യുവാക്കള്‍ക്കിടയിലുള്ള ട്രെഡന്‍ഡും അനുസരിച്ചാണ് ക്യാമ്പസ് സൂത്ര വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്. ഒരു ആശയം ലഭിച്ചാല്‍ അടുത്ത 21 ദിവസത്തിനകം അത് ഡിസൈന്‍ ചെയ്ത് വിപണിയിലെത്തിക്കും.

ജാക്കറ്റുകള്‍, ടീ ഷര്‍ട്ടുകള്‍, തൊപ്പികള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, ഷോര്‍ട്‌സ്, ടോപ്പുകള്‍, ബാഗുകള്‍, ലാപ്‌ടോപ്പ് കവറുകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. 10നും 25നും വയസിനിടക്ക് പ്രായമുള്ളവര്‍ക്ക് വേണ്ടിയാണ് കൂടുതല്‍ ഉല്‍പന്നങ്ങളും. മെട്രോ നഗരങ്ങളല്ലാത്ത സ്ഥലങ്ങളില്‍നിന്നാണ് തങ്ങള്‍ക്ക് കൂടുതല്‍ ബിസിനസ് ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു.

മറ്റ് ഓണ്‍ലൈനുകള്‍ വരുമാന വര്‍ധനവിലും കൂടുതല്‍ ആവശ്യപ്പെടുന്ന സാധനങ്ങളിലുമെല്ലാം ശ്രദ്ധിക്കുമ്പോള്‍ കാമ്പസ് സൂത്രയുടെ ശ്രദ്ധ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന നിരക്കുകളിലും വില്‍പന നിരക്കിലും മാര്‍ക്കറ്റ് ടൈമിനെക്കുറിച്ചുമെല്ലാമാണ്.

ഈ മേഖലയില്‍ ആറ് മുതല്‍ ഒമ്പത് മാസം വരെ നിലനില്‍ക്കുന്ന ഇന്‍വെന്ററി ടേണ്‍ ഓവര്‍ നിരക്ക് ക്യാമ്പസ് സൂത്രയെ സംബന്ധിച്ച് 45-60 ദിവസങ്ങള്‍ ആണ്. ഈ മേഖലയിലെ സെല്‍ ത്രൂ നിരക്ക് നിലവില്‍ 70 ശതമാനമായിരിക്കുമ്പോള്‍ ഇവരുടേത് 95 ശതമാനത്തിന് മുകളിലാണ്. മിക്ക ബ്രാന്‍ഡുകളും ഒരു ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ 12-18 മാസം വരെ വിനിയോഗിക്കുമ്പോള്‍ 21 ദിവസം മാത്രമാണ് തങ്ങള്‍ക്ക് വേണ്ടിവരുന്നത്. ഈ സാമ്പത്തികവര്‍ഷം 40 കോടി രൂപയുടെ വരുമാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. 2016-17ല്‍ 100 കോടിയെത്തുകയാണ് ലക്ഷ്യം.

സംരംഭം തുടങ്ങി ആദ്യവര്‍ഷം തന്നെ തങ്ങള്‍ക്ക് ലാഭം നേടാനായി. വരുന്ന വര്‍ഷത്തെ ബിസിനസിനായി 10 മില്യന്‍ ഡോളര്‍ സമാഹരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. എല്ലാ സംരംഭങ്ങളെയും പോലെ ക്യാമ്പസ് സൂത്രക്കും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ട്. നമ്മള്‍ എല്ലാകാര്യങ്ങളും തെറ്റായ രീതിയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചാല്‍ അത് അങ്ങനെ തന്നെ ആയിരിക്കും. ശുഭപ്രതീക്ഷയോടെയാണ് കാര്യങ്ങളെ സമീപിക്കേണ്ടത് ധീരജ് പറയുന്നു.

തുടക്കത്തില്‍ കനത്ത മഴയില്‍ തങ്ങള്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് മുഴുവന്‍ വെള്ളം കയറുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. സാധനങ്ങള്‍ മഴയില്‍ നശിച്ച് പോകാതിരിക്കാന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് വരെ അവിടെയെത്തി സാധനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട അവസ്ഥ തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. തികച്ചും നാടകീയ നിമിഷങ്ങളായിരുന്നു അതെല്ലാം. ശക്തരായ തൊഴിലാളികളെ തിരഞ്ഞെടുക്കേണ്ടതും അവയിലൂടെ സ്ഥാപനത്തിന്റെ ലക്ഷ്യം നേടിയെടുക്കുകയുമായിരുന്നു മറ്റൊരു പ്രധാന ആവശ്യം.

തങ്ങളോടൊപ്പം മത്സര രംഗത്തേക്ക് വന്ന ഒരു സ്ഥാപനം ക്യാമ്പസ് സൂത്രയിലെ ജീവനക്കാര്‍ക്ക് തങ്ങള്‍ നല്‍കുന്നതിന്റെ മൂന്നിരട്ടി ശമ്പളം വരെ വാഗ്ദാനം ചെയ്ത് അവരെ അവിടേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ 30 പേരില്‍ നാല് പേര്‍ മാത്രമാണ് അവിടേക്ക് പോകാന്‍ തയ്യാറായത്. തങ്ങളുടെ സ്ഥാപനത്തോടുള്ള അവരുടെ ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവും തങ്ങള്‍ക്ക് വലിയ സന്തോഷം നല്‍കി.

അതേസമയം സംരംഭം തുടങ്ങിയ സമയത്ത് നിരവധി ആഹ്ലാദകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി മറക്കാനാകാത്ത അനുഭവങ്ങള്‍ സംരംഭം സമ്മാനിച്ചിട്ടുണ്ട്. ഗോവയിലേക്കുള്ള യാത്ര മുതല്‍ തങ്ങളുടെ സ്ഥാപനത്തിലേക്ക് ആദ്യ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നത് വരെ നിരവധി ഹൃദയ സ്പര്‍ശിയായ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2015 ജനുവരി 15നാണ് തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ച ദിവസം.

ഒരേ അഡ്രസില്‍നിന്ന് തന്നെ നിരവധി ഓര്‍ഡറുകള്‍ ലഭിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത് ഒരു കോളജ് ഹോസ്റ്റലില്‍ നിന്നായിരുന്നു. ഒരു ദിവസം ഓര്‍ഡര്‍ ലഭിച്ചതിന് പിന്നാലെ ഹോസ്റ്റലില്‍നിന്ന് നിരവധി ഓര്‍ഡറുകള്‍ ലഭിക്കുകയായിരുന്നു. വ്യത്യസ്ത ഡിസൈനുകളും ഗുണനിലവാരവുമാണ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ട്രാവല്‍, സ്‌പോര്‍ട്‌സ്, വിനോദം തുടങ്ങി എന്ത് മേഖലയിലായാലും യുവാക്കള്‍ക്കിഷ്ടപ്പെടുന്ന ട്രെന്‍ഡുകള്‍ കൊണ്ടുവരാനാണ് ക്യാമ്പസ് സൂത്ര ശ്രമിക്കുന്നത്.

ആഷോഷ വേളകളില്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. ട്രാവല്‍ ബഡി എന്ന പേരിലാണ് തങ്ങളുടെ ആദ്യ ഉല്‍പന്നം വിപണിയിലെത്തിച്ചത്. യാത്രാ വേളകളില്‍ ഉപയോഗിക്കാവുന്ന തരം തലയിണകള്‍, ഹെഡ്‌ഫോണ്‍, ടൂത്ത് പേസ്റ്റ്, ബ്രഷ്, ഐ പാഡ്, ഫോണ്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

വസ്ത്രങ്ങളും അതുപോലുള്ള ഉല്‍പന്നങ്ങളുമാണ് വളരെ വേഗത്തില്‍ മാര്‍ക്കറ്റ് പിടിച്ചടക്കാന്‍ സാധിക്കുന്നവ. അല്‍മാ മാറ്റര്‍, ജാക്ക് ഓഫ് ആള്‍ ത്രഡ്‌സ്, വോക്‌സ് പോപ് എന്നിങ്ങനെ നിരവധി ബ്രാന്‍ഡുകള്‍ ഈ മേഖലയില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കണ്ടുപിടിത്തങ്ങളും, ഡിസൈനുകളുമെല്ലാം ഉണ്ട് എന്നതാണ് ഇവയില്‍നിന്ന് ക്യാമ്പസ് സൂത്രയെ വ്യത്യസ്ഥമാക്കുന്നത്.