വിദഗ്ധ സാങ്കേതിക പരിശീലനം ഇ-ഹെല്‍ത്ത് പദ്ധതിയുടെ വിജയത്തിന് ആധാരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  

0

വിദഗ്ധ സാങ്കേതിക പരിശീലനം ഇ-ഹെല്‍ത്ത് പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്ന ഇ-ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമഗ്ര കമ്പ്യൂട്ടര്‍ ശൃംഖല ഈ പദ്ധതിയിലൂടെ സ്ഥാപിക്കപ്പെടും. സംസ്ഥാനത്ത് ഒട്ടാകെയുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് ഇതിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുന്നതിനായാണ് ഇത്തരമൊരു ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, വൈസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. സാറ വര്‍ഗീസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, ഇ-ഹെല്‍ത്ത് അഡീഷണല്‍ ഡയറക്ടര്‍ എന്‍. ശ്രീധരന്‍, ജോയിന്റ് ഡയറക്ടര്‍ ഡോ. സി. ജയന്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.