ലോക ഭിന്നശേഷി ദിനാചരണം എസ്എടി ആശുപത്രിയില്‍  

0

എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗവും ഐ.എ.പി. തിരുവനന്തപുരം ശാഖയും സംയുക്തമായി എസ്.എ.ടി. ആശുപത്രിയില്‍ ലോകഭിന്നശേഷി ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് സംശയ നിവാരണത്തിനായി എസ്.എ.ടി. സ്‌പെഷ്യാലിറ്റി ഒ.പി.യില്‍ ഭിന്നശേഷിയുള്ള രോഗികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പീഡിയാട്രിക് ന്യൂറോളജി വിഭാഗം അവബോധ ക്ലാസ് സംഘടിപ്പിച്ചു.

എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വ്യക്തികളുടെ രോഗ പരിചരണത്തിനുള്ള ന്യൂറോളജി വിഭാഗത്തിലെ സൗകര്യങ്ങളെക്കുറിച്ച് വകുപ്പ് മേധാവിയും ഐ.എ.പി.യുടെ കേരളശാഖ നിയുക്ത പ്രസിഡന്റുമായ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് വിശദീകരിച്ചു. കേഴ്‌വി വൈകല്യങ്ങളും കാഴ്ച വൈകല്യങ്ങളും നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും അതിന് കേരള സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചും ശിശുരോഗവിഭാഗം മേധാവി ഡോ. സന്തോഷ് കുമാര്‍ സംസാരിച്ചു.

ഭിന്നശേഷിയുള്ള കുട്ടിള്‍ക്ക് കേരളത്തിലുടനീളം സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നതിന് ഐ.എ.പി. നടപ്പിലാക്കുന്ന സംരംഭങ്ങളെക്കുറിച്ച് കേരള ഐ.എ.പി. സെക്രട്ടറി ഡോ. റിയാസ് ഐ. വിശദീകരിച്ചു.

തുടര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. ജനന സമയത്ത് തന്നെ കേഴ്‌വി വൈകല്യം കണ്ടെത്തുന്നതിനുള്ള ശ്രവണ നിര്‍ണയ പരിപാടിയെക്കുറിച്ച് സ്പീച്ച് തെറാപ്പിസ്റ്റ് ഗീതിയും ഫിസിയോതെറാപ്പിയുടേയും മറ്റ് പുനരധിവാസ പരിചരണങ്ങളെക്കുറിച്ച് ഫിസിയോതെറാപ്പിസ്റ്റ് ഡോ. അമൃതാലാലും ക്ലാസെടുത്തു. കുട്ടികളുടെ ന്യൂറോളജി വിഭാഗത്തിലെത്തിയ ഭിന്നശേഷിയുള്ള രോഗികള്‍ക്ക് വിവിധ തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്തു.