പൊക്കാളി കൃഷി: വിത്തുസംഭരണം ഊര്‍ജിതമാക്കും  

0

അടുത്തവര്‍ഷം പൊക്കാളി നെല്‍കൃഷി 3000 ഹെക്ടറിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിത്തുസംഭരണം ഊര്‍ജിതമാക്കാന്‍ പൊക്കാളി നിലവികസന ഏജന്‍സി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ഷക പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. പൊക്കാളി കൃഷി നേരിടുന്ന പ്രതിസന്ധികള്‍ കര്‍ഷകര്‍ പങ്കുവച്ചു. കാര്‍ഷിക വികസന വകുപ്പിന്റെ കൈവശം 140 ഏക്കര്‍ വിതയ്ക്കുന്നതിനുള്ള വിത്തുമാത്രമാണുള്ളതെന്നും എന്നാല്‍ പലയിടങ്ങളിലായി മറ്റ് ഏജന്‍സികളുടെ പക്കല്‍ വിത്ത് സ്‌റ്റോക്കുണ്ടെന്നും ജില്ലാ കാര്‍ഷിക വികസന ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. 

ഏഴോം, വൈറ്റില6, വൈറ്റില3, വൈറ്റില4 വിത്തുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. അതില്‍ത്തന്നെ വൈറ്റില6 നാണ് പ്രചാരം കൂടുതല്‍. പൊക്കാളി കൃഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു വര്‍ഷത്തേക്കുള്ള പദ്ധതി റിപ്പോര്‍ട്ട് കാര്‍ഷിക വികസന മന്ത്രി വി. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം തയാറാക്കി വരുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ പൊക്കാളി കൃഷി വര്‍ധിപ്പിക്കുന്നതിന് ഉടന്‍ യോഗം വിളിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യമുയര്‍ന്നു. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി. ആര്‍. സുനില്‍കുമാര്‍, തൃശൂര്‍ പ്രിന്‍സിപ്പല്‍ കാര്‍ഷിക വികസന ഓഫീസര്‍, എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.