പാര്‍സല്‍ സ്റ്റാര്‍ട് അപ്പ്: നാല് യുവാക്കളുടെ കഠിനാധ്വാനത്തിന്റെ കഥ

0


ഡിജിറ്റലൈസേഷന്റെ വരവ് വിപണിയില്‍ പല പുതിയ പ്രവണതകള്‍ക്കും തുടക്കമിട്ടു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ഇകൊമേഴ്‌സ് രംഗം. ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ സാധ്യതകള്‍ മനസ്സിലാക്കി പുതിയ പുതിയ ഒട്ടേറെ സംരംഭങ്ങള്‍ ഈ രംഗത്തേക്ക് കടന്നു വന്നു. നിരവധി വ്യവസായകര്‍ ഒന്നിച്ചു കൂടി. ഇതു അവരുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മറ്റുള്ള സംരംഭകര്‍ക്കും ഗുണമേകി. പാര്‍സല്‍ സ്റ്റാര്‍ട്ടപ്പിനും ഇതേറെ പ്രയോജനം ചെയ്തു.

ഇനി പാര്‍സല്‍ സ്റ്റാര്‍ട്ടപ്പിനെക്കുറിച്ച് പറയാം. നാലു യുവാക്കളുടെ കഠിനാധ്വാനമാണ് പാര്‍സല്‍ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. ഹിമന്‍ഷു മീന, രാകേഷ്, അഖില്‍ ശര്‍മ, ഇഷന്‍ മോദി എന്നിവരായിരുന്നു ആ നാലുപേര്‍. ഹിമന്‍ഷുവും രാകേഷും ബാംഗ്ലൂര്‍ ഐഐഎമ്മിലെ ഒരേ ബാച്ചുകാരാണ്. അഖില്‍ ശര്‍മ ഹിമന്‍ഷുവിന്റെ ബാല്യകാല സുഹൃത്താണ്. അഖില്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് പോയി. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. അവിടെ തന്നെ ജോലിയും കിട്ടി. ഇഷന്‍ മോദി മുംബൈയിലെ എന്‍എംഐഎന്‍എസില്‍ നിന്നും ബിരുദം നേടിയശേഷം ഗുജറാത്തിലെ തന്റെ കുടുംബ ബിസിനസ് നോക്കി നടത്തി വരികയായിരുന്നു.

യുഎസിലും യൂറോപ്പിലും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് അഖില്‍ മനസ്സിലാക്കി. ഇന്ത്യയിലും ഇതിന്റെ സാധ്യതകളെക്കുറിച്ച് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചു. അഖില്‍ ഇന്ത്യയിലേക്ക് വരികയും 2015 ല്‍ ജൂണില്‍ നാലുപേരും ചേര്‍ന്ന് പാഴ്‌സല്‍ സ്റ്റാര്‍ട്ടപ്പിന് തുടക്കമിടുകയും ചെയ്തു.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് രംഗത്ത് അധികമാരും ഉപയോഗിക്കാത്ത മേഖലയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രകരിച്ചത്. ഓണ്‍ൈലന്‍ വില്‍പന കമ്പനികളുമായി ചേര്‍ന്ന് സാധനങ്ങള്‍ ഉപോഭക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംരംഭത്തിനാണ് ഇവര്‍ തുടക്കമിട്ടത്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ വന്‍കിട കമ്പനികളുമായി ചേര്‍ന്ന് അവരുടെ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തുടങ്ങി.

2015 ജൂലൈയില്‍ ന്യൂഡല്‍ഹിയിലെ ചൗരി ബസാര്‍ ഉള്‍പ്പെടെയുള്ള ഏതാനും പ്രദേശങ്ങളില്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങി. സെപ്റ്റംബറില്‍ മുംബൈയില്‍ പാര്‍സലിന്റെ പ്രവര്‍ത്തനം തുടങ്ങി. ഒരു ദിവസം 600 ഓളം സാധനങ്ങള്‍ ഡെലിവറി ചെയ്തു. 2015 ഓഗസ്റ്റില്‍ സിംഗപ്പൂരിലെ സിഎല്‍എസ്എ ഓപ്പറേഷണല്‍ അഡ്വൈസറായ നിമിര്‍ മെഹ്തയില്‍ നിന്നും നാലു കോടി രൂപ നിക്ഷേപമായി നേടിയെടുത്തു.

2015 ഡിസംബറില്‍ ആയപ്പോഴേക്കും പാര്‍സല്‍ ദിവസവും 13,000 ഡെലിവറികള്‍ നടത്തി. ഓരോ ഡെലിവറിക്കും ശരാശരി 100 രൂപയാണ് ഉപഭോക്താവില്‍ നിന്നും വാങ്ങുന്നത്. കിലോമീറ്ററുകള്‍ക്കനുസരിച്ചാണ് ഈ നിരക്ക്. ഉപയോഗിക്കുന്ന വാഹനത്തിനനുസരിച്ചും നിരക്കില്‍ മാറ്റം വരും. ബൈക്കുകളും വാനുകളും ഡെലിവറിക്കായി ഉപയോഗിക്കുന്നു.

പാര്‍സല്‍ ആപ്പ് ഉപയോഗിച്ചും പാര്‍സല്‍ ഡോട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴിയുമാണ് ഇതിന്റെ പ്രവര്‍ത്തനം.. എവിടെ നിന്നാണ് സാധനങ്ങള്‍ എടുക്കേണ്ടതെന്നും എവിടെയാണ് എത്തിക്കേണ്ടതെന്നും ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും നിര്‍ദേശം നല്‍കാം. കൃത്യസമയത്ത് തന്നെ സാധനങ്ങള്‍ ഉപഭോക്താവിന്റെ പക്കല്‍ സുരക്ഷിതമായി പാര്‍സലിന്റെ ജീവനക്കാര്‍ എത്തിച്ചുനല്‍കും. ഇന്നു 36 ഓളം കമ്പനികള്‍ പാര്‍സലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

പാര്‍സലിന്റെ തുടക്കത്തെക്കുറിച്ച് ഹിമന്‍ഷു പറയുന്നു

പുതിയൊരു സ്റ്റാര്‍ട്ടപ് എന്ന ആശയത്തെക്കുറിച്ച് അഖില്‍ സംസാരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമായി. ഞങ്ങള്‍ നാലുപേരും നിരവധി തവണ ഒത്തുകൂടി. ഇതിനെക്കുറിച്ച് പലവട്ടം ചര്‍ച്ചകള്‍ ചെയ്തു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് വിശദമായി പഠിച്ചു. മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. ഇതിനുശേഷമാണ് പുതിയ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്.

തുടക്കത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ചില്ലറക്കച്ചവടക്കാരനെ ഒരു ദിവസം കൊണ്ട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയും. ഒരു സ്റ്റാര്‍ട്ടപ് സ്ഥാപകനെ ഒരാഴ്ച കൊണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താം. എന്നാല്‍ ഒരു വന്‍കിട വ്യവസായിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഒരു മാസം വേണ്ടിവരും. വന്‍കിട വ്യവസായികള്‍ക്ക് അവരുടേതായ ഒരു അജന്‍ഡയുണ്ട്. അവര്‍ക്ക് അവരുടെ പങ്കാളികളുമായി സംസാരിക്കേണ്ടതായി വരും. പലവട്ടം ചര്‍ച്ചകള്‍ നടത്തിയതിനുശേഷമേ അവര്‍ക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയൂ.

ചിലപ്പോള്‍ തുടക്കത്തില്‍ നമുക്ക് നഷ്ടങ്ങള്‍ വന്നേക്കാം. എന്നാല്‍ മുന്നോട്ടു പോകവെ നഷ്ടങ്ങള്‍ മാറ്റി ലാഭം നേടാന്‍ കഴിയുമെന്നും ഹിമന്‍ഷു വ്യക്തമായി പറയുന്നു.