ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ കാര്‍ഷികസംസ്‌കാരം തിരിച്ചുപിടിക്കാം: മന്ത്രി കെ. രാജു

0

കാര്‍ഷികസംസ്‌കാരവും പാരമ്പര്യവും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ നമുക്ക് തിരിച്ചുപിടിക്കാനാവുമെന്ന് വനം-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. കേരളജനതയുടെ ആരോഗ്യം സംരക്ഷിക്കണമെങ്കില്‍ ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തത നേടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കര്‍ഷകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതും കര്‍ഷകരുടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള നടപടികള്‍ ഇതിനകം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ ആവശ്യമായ നടപടികളെടുക്കും. സംഭരിച്ച നെല്ലിന് അപ്പോള്‍തന്നെ വില നല്‍കാനുള്ള സംവിധാനവും തയാറായിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ കൃഷിക്കൊപ്പം കന്നുകാലി വളര്‍ത്തലും ക്ഷീരകൃഷിയും അനുബന്ധ വരുമാനമാര്‍ഗമായി ഉപയോഗപ്പെടുത്തുന്നവരാണ്. ഈ മേഖലയ്ക്കും വളരെയേറെ പ്രാധാന്യമുള്ളതിനാല്‍ അതും പുഷ്ടിപ്പെടണം. പാല്‍ ഉത്പാദനത്തില്‍ 17 ശതമാനം വര്‍ധനയാണ് ഒരുവര്‍ഷത്തിനിടെയുണ്ടായത്. കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടതിനാലാണിത്. ഇപ്പോഴുള്ള വളര്‍ച്ചാനിരക്കുമായി മുന്നോട്ടുപോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാകും. മാംസം, മുട്ട, പച്ചക്കറി തുടങ്ങിയവയിലും സ്വയംപര്യാപ്തത നേടാനാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, സമേതി ഡയറക്ടര്‍ പി.എസ്. രാധാമണി, കാര്‍ഷിക വിദഗ്ധന്‍ ആര്‍. ഹേലി, മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം ഹെഡ് ഡോ. റീന മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, രണ്ടു സെഷനുകളിലായി 'അതിജീവനം നെല്‍കൃഷിയിലൂടെ', 'ജലസുരക്ഷ ജനസുരക്ഷ' എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. കാര്‍ഷികദിനാഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിച്ചു.