സമ്പൂര്‍ണ്ണ വൈദ്യുതീകരണം: അനുമതികള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് കളക്ടര്‍  

0

സമ്പൂര്‍ണ്ണ വൈദ്യുതീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകള്‍ നല്‍കേണ്ട അനുമതികള്‍ ഉടന്‍ ലഭ്യമാക്കണമെന്ന് കളക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേശം നല്‍കി. കണക്ഷന്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഈ മാസം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എ.ഡി.എം ജോണ്‍ വി സാമുവലിനെ അദ്ദേഹം ചുമതലപ്പെടുത്തി. 

വയറിംഗ് പൂര്‍ത്തിയാക്കിയിട്ടില്ലാത്ത വീടുകള്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും എസ്.സി / എസ്.ടി വകുപ്പും ജനപ്രതിനിധികളും വകയിരുത്തിയിട്ടുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി . ജില്ലയിലെ പുരോഗതി വിലയിരുത്തുമ്പോള്‍ മാര്‍ച്ച് 15നകം പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. കണക്ഷന് അപേക്ഷിച്ച 12940 പേരില്‍ 10061 പേര്‍ക്ക് ഇതിനോടകം കണക്ഷന്‍ നല്‍കി. വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ശേഷിക്കുന്ന അപേക്ഷകര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.