സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ ഗുണഫലങ്ങള്‍ കഴിയാവുന്നത്ര വിദ്യാര്‍ഥികളില്‍ എത്തിക്കാന്‍ അടുത്തവര്‍ഷത്തോടെ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റുഡന്റ് പോലീസ് ഏഴാമത് സംസ്ഥാനതല സമ്മര്‍ ക്യാമ്പിന്റെ സമാപനസമ്മേളനത്തില്‍ പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്റ്റുഡന്റ് പോലീസ് പദ്ധതിയിലൂടെ വിദ്യാര്‍ഥികള്‍ നേടിയ അറിവുകള്‍ അവരവരുടെ ഉന്നതിക്കൊപ്പം സമൂഹത്തിനായും ഉപയോഗിക്കപെടണം. അപ്പോഴാണ് യഥാര്‍ഥ കേഡറ്റാവുന്നതെന്ന ചിന്ത പ്രചോദനമാകണം. ഇപ്പോള്‍ 574 സ്‌കൂളുകളിലായി, അരലക്ഷത്തോളം കേഡറ്റുകള്‍ സ്റ്റുഡന്റ് പോലീസ് പദ്ധതിയിലൂടെ പരിശീലനം നേടുന്നുണ്ട്.
നാടിന് കാര്യക്ഷമമതയും ആരോഗ്യവുമുള്ള ഒരു തലമുറ ആവശ്യമാണ്. അതിനാല്‍ സര്‍ക്കാരും സമൂഹവും വളരെ പ്രാധാന്യത്തോടെയാണ് പദ്ധതിയെ നോക്കിക്കാണുന്നത്. സമ്മര്‍ ക്യാമ്പിലൂടെ നേടിയ അറിവുകള്‍ ശരിയായവിധം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് പദ്ധതി പൂര്‍ണമായും അര്‍ഥപൂര്‍ണമാകുന്നതെന്നും മുഖ്യമന്ത്രി കേഡറ്റുകളെ ഓര്‍മ്മിപ്പിച്ചു. കേഡറ്റുകളുടെ പരേഡ് പരിശോധിച്ച മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മികച്ച കേഡറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം ചടങ്ങില്‍ വിതരണം ചെയ്തു. ദക്ഷിണമേഖല എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം, എസ്.എ.പി കമാന്റന്റ് പി. പ്രകാശ്, സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Related Stories
Stories by TEAM YS MALAYALAM