അന്ന ഗ്രൂപ്പ്; ഗുണമേന്‍മയില്‍ വിടര്‍ന്ന വിജയം

അന്ന ഗ്രൂപ്പ്; ഗുണമേന്‍മയില്‍ വിടര്‍ന്ന വിജയം

Wednesday July 06, 2016,

3 min Read

വളര്‍ച്ചയുടെ പടവുകള്‍ കയറി അന്ന ഗ്രൂപ്പ് മുന്നേറുകയാണ്. കൈവച്ച സമസ്ത മേഖലകളിലും ആ മുന്നേറ്റം പ്രകടമാണ്. ഗുണമേന്‍മയുടെ കാര്യത്തില്‍ ലോകത്തിനു തന്നെ മാതൃകയാകുമ്പോള്‍ ഗ്രൂപ്പിനെ നയിക്കാന്‍ ബോബി എം ജേക്കബും, സാബു എം ജേക്കബും.മുന്‍നിരയിലുണ്ട്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ എട്ടു തൊഴിലാളികളുമായി തുടങ്ങിയ അന്നഗ്രൂപ്പിന്റെ വ്യവസായ സാമ്രാജ്യം ഇന്ന് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്ത് ലോകത്ത് മൂന്നാമത്തെ സ്ഥാനം കൈയടക്കാന്‍ അന്നാ ഗ്രൂപ്പിന് കഴിഞ്ഞു എന്നത് അവരുടെ ഗുണമേന്‍മയേയും വ്യവസായ വിജയത്തേയുമാണ് സൂചിപ്പിക്കുന്നത്.

image


എറണാകുളം ജില്ലയിലെ കിഴക്കമ്പലം എന്ന കര്‍ഷകഗ്രാമത്തെ ലോകവ്യവസായത്തിന്റെ നെറുകയില്‍ എത്തിച്ചത് അന്ന ഗ്രൂപ്പ് സ്ഥാപകനായ എം.സി.ജേക്കബാണ്. കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാനാണ് അദ്ദേഹം ആദ്യമായി ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ടത്. 1968 ല്‍ എട്ട് തൊഴിലാളികളുമായാണ് അദ്ദേഹം ബിസിനസ്സിന് തുടക്കമിട്ടത്. പിന്നീട് നിരവധി ബ്രാന്‍ഡുകള്‍ അന്ന ഗ്രൂപ്പിന്റേതായി ലോക വിപണിയില്‍ മാറ്റുരയ്ക്കാന്‍ എത്തി.

image


കേരളത്തിലെ മികച്ച 10 ബ്രാന്‍ഡുകളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ അന്നയുമുണ്ടാകും. സ്വന്തമായി ഒരു ബ്രാന്‍ഡ് തന്നെ വിജയകരമായി നടത്തികൊണ്ട് പോകാന്‍ കമ്പനികള്‍ നട്ടം തിരിയുന്ന കാലത്താണ് അന്നയുടെ വിവിധ ബ്രാന്‍ഡുകള്‍ വിപണിയില്‍ വിജയകരമായി വാഴുന്നത്. ചാക്‌സണ്‍, സാറാസ്, കിറ്റെക്‌സ്, സ്‌കൂബിഡേ, സ്‌കൂബിലൂബീ തുടങ്ങിയ ബ്രാന്‍ഡുകള്‍ ലോകത്തിനു മുന്നില്‍ മികവിന്റെ പട്ടികയിലുള്ളവയാണ്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികളില്‍ മൂന്നാംസ്ഥാനമാണ് കീറ്റെക്‌സിന്. ജനിച്ചു വീഴുന്ന കുഞ്ഞ് മുതല്‍ രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഇവ. കുട്ടികളുടെ വസ്ത്രത്തിനും ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കിയാണ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ നിറം ചേര്‍ക്കുന്ന കെമിക്കല്‍ എന്നിവയടക്കം അതീവ സുരക്ഷിതത്വം ഉറപ്പാക്കിയാണ് കിറ്റക്‌സ് ഗ്രൂപ്പ് തങ്ങളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

image


എല്ലാ ഉല്പന്നങ്ങളും ഒരു ഗ്രൂപ്പിന് കീഴില്‍ കൊണ്ടുവരാനായതാണ് അന്ന ഗ്രൂപ്പിനെ ബ്രാന്‍ഡുകളുടെ രാജാവാക്കിയത്. കുട്ടികളുടെ വസ്ത്രം, സ്‌കൂള്‍ ബാഗ്, ട്രാവല്‍ ബാഗ്, ഭക്ഷ്യോല്‍പാദന കുക്കിങ് വെസ്സല്‍സ് തുടങ്ങി പത്തോളം ഉല്‍പ്പന്നങ്ങളാണ് അന്ന ഗ്രൂപ്പില്‍ നിന്നും വിപണിയിലെത്തുന്നത്. വൈവിധ്യവത്കരണമാണ് അന്നാഗ്രൂപ്പിനെ ശ്രദ്ധേയമാക്കുന്നത്. 1968 ലാണ് അന്ന ഗ്രൂപ്പ് അവരുടെ പ്രഥമ സംരംഭമായ അന്ന അലുമിനിയത്തിന് തുടക്കം കുറിക്കുന്നത്. അതു പിന്നിട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ സാറാസ് എന്ന പേരില്‍ കറി പൗഡറുകളും അന്ന വിപണിയിലെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് അലുമിനിയം പാത്രങ്ങള്‍ വരാതായതോടെ അന്നയുടെ അലുമിനിയങ്ങള്‍ ആളുകള്‍ വാങ്ങി തുടങ്ങി. ഉല്പന്നത്തിന്റെ ഗുണമേന്‍മ തിരിച്ചറിഞ്ഞതോടെ അന്ന ഗ്രൂപ്പിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അങ്ങനെ ലോകത്തെ മികച്ച ഉല്പന്നങ്ങളുടെ മുന്നില്‍ അന്നയുടെ പേരും ചേര്‍ക്കപ്പെട്ടു.

image


അന്നാ ഗ്രൂപ്പ് സ്ഥാപകനായ എം സി ജേക്കബ് കാണിച്ചു കൊടുത്ത വഴികളിലൂടെയുള്ള യാത്ര നടത്തുകയാണ് മക്കളായ ബോബി എം. ജേക്കബും സാബു എം ജേക്കബും. മികവിന്റെ ബ്രാന്‍ഡുകള്‍ നല്‍കി അന്ന ഗ്രൂപ്പിനെ വിപണിയില്‍ നയിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഈ ബ്രാന്റിനോടുള്ള വിശ്വാസമാണ് അന്നയെ ഇത്രത്തോളം മികച്ച വിജയത്തിലെത്തിക്കാന്‍ സഹായിച്ചതെന്ന വിശ്വാസമാണ് ഇരുവര്‍ക്കുമുള്ളത്.അന്ന ഗ്രൂപ്പ് എന്ന സംരംഭത്തിലൂടെ കിഴക്കമ്പലം എന്ന ഗ്രാമത്തെ ലോകത്തിന്റെ വ്യവസായ ഭൂപടത്തില്‍ എം സി ജേക്കബ് അടയാളപ്പെടുത്തിയപ്പോള്‍ അതു വഴി വലിയൊരു ജനകീയ കൂട്ടായ്മയും പിറവിയെടുത്തു. 2020നുള്ളില്‍ ഇന്ത്യയിലെ മികച്ച ഗ്രാമമാക്കി കിഴക്കമ്പലത്തെ മാറ്റാന്‍ ലക്ഷ്യമിടുകയാണ് അന്ന ഗ്രൂപ്പ്. ഒരു പദ്ധതി തുടക്കത്തില്‍ തന്നെ ലക്ഷ്യം കാണുക എന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഗ്രാമവാസികളുടെ പിന്തുണയോടെ അത്തരത്തില്‍ ഒരു അപൂര്‍വ്വ വിജയം കൈവരിച്ചിരിച്ച ബിസിനസ് സംരംഭമാണ് അന്ന ഗ്രൂപ്പ്.

image


1978 ല്‍ കിറ്റക്‌സ് എന്ന ബ്രാന്‍ഡിന് ഗ്രൂപ്പ് തുടക്കമിട്ടു അന്നാ ഗ്രൂപ്പിന്റെ ഉല്‍പ്പന്നങ്ങളെയും ബ്രാന്‍ഡുകളെയും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാക്കിയത് താങ്ങാന്‍ പറ്റുന്ന വിലയും വിശ്വസനീയമായ ഗുണനിലവാരവുമായിരുന്നു. പുതിയൊരു ഉല്പന്നം വിപണിയില്‍ ഇറങ്ങുമ്പോള്‍ ഗുണമേന്മ ശ്രദ്ധിച്ചില്ലെങ്കില്‍ ഉല്‍പ്പന്നം വാങ്ങാന്‍ ആരും തയ്യാറാകില്ല എന്ന സത്യം തിരിച്ചറിഞ്ഞാണ് അന്ന ഗ്രൂപ്പ് ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.ഉപഭോക്താക്കള്‍ക്ക് വേണ്ടത് എന്താണ് എന്ന് തിരിച്ചറിഞ്ഞ് അത് ഏറ്റവും നല്ല രീതിയില്‍ അവരില്‍ എത്തിക്കുന്നതില്‍ അന്നാഗ്രൂപ്പ് തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 40 വര്‍ഷമായ ഒരേയൊരു ബ്രാന്‍ഡാണ് അന്ന ഗ്രൂപ്പ്. ആത്മാര്‍ത്ഥതയും കാര്യക്ഷമതയുമാണ് അന്ന ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ മുതല്‍മുടക്ക്. 1000 കോടി രൂപ വിറ്റുവരവുള്ള ഗ്രൂപ്പിന്റെ ശക്തി തങ്ങളുടെ ജീവനക്കാര്‍ തന്നെയാണെന്ന് ഉടമകള്‍ പറയുമ്പോള്‍ ജീവനക്കാരും ഉടമകളും തമ്മിലുളള ഇഴയടുപ്പവും നമുക്ക് വായിച്ചെടുക്കാം. 

കടപ്പാട്: ധന്യാ ശേഖര്‍