മഴയുടെ ദൗര്‍ലഭ്യം; കരുതലോടെ ജലം ഉപയോഗിക്കണം

0

സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ ലഭിച്ച മഴ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവായിരുന്നതിനാല്‍ വരുംദിനങ്ങളില്‍ ജലം കരുതലോടെ വിനിയോഗിക്കണമെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി.തോമസ് അറിയിച്ചു. മഴവെള്ള സംഭരണത്തിന് അടിയന്തര പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 2017 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ 30.26 ശതമാനത്തിന്റെ കുറവ് അനുഭവപ്പെട്ടതായുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2017 ജൂണില്‍ പതിവില്‍ ലഭിക്കേണ്ട മഴയില്‍ 11 ശതമാനത്തിന്റെ കുറവും ജൂലൈയില്‍ 48 ശതമാനത്തിന്റെ കുറവുമാണുള്ളത്. 

2016-ല്‍ ഇത് യഥാക്രമം എട്ടുശതമാനത്തിന്റെയും 39 ശതമാനത്തിന്റെയും കുറവായിരുന്നു. തുടര്‍ന്ന് കേരളത്തിലാകമാനം വന്‍ ജലദൗര്‍ലഭ്യമാണ് അനുഭവപ്പെട്ടത്. ജലസംഭരണികളില്‍ എല്ലാം 2016 ലേക്കാള്‍ താഴ്ന്ന ജലനിരപ്പാണ് 2017ല്‍ രേഖപ്പെടുത്തികാണുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ ദുഷ്‌ക്കരമായ അവസ്ഥ അടുത്ത വേനലില്‍ വരും. കോഴിക്കോട് കേന്ദ്രമായ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സ്ഥിതിഗതികള്‍ ജനങ്ങള്‍ മനസ്സിലാക്കി, ജല ദുര്‍വ്യയം പരമാവധി കുറച്ച് ഭാവിയിലേക്ക് ജലം കരുതി വെയ്ക്കണമെന്നും അനുയോജ്യമായ രീതിയില്‍ മഴവെള്ള സംഭരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കുഴികള്‍ പരമാവധി എണ്ണം നിര്‍മ്മിച്ച് മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറക്കാനും, മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം സംഭരണികളില്‍ സൂക്ഷിക്കുകയോ, തുറന്ന കിണറുകളില്‍ ഇറക്കി പ്രയോജനപ്പെടുത്തുന്നതിനോ ത്രിതല പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും പ്രചാരണം നടത്തണം. മാറിയ സാഹചര്യത്തില്‍ ജലസംഭരണത്തിലും ജലസംരക്ഷണത്തിനുമായി പുതിയൊരു ജല സംസ്‌ക്കാരത്തിന് നമ്മള്‍ സന്നദ്ധരാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.