ആര്‍.ബി.ഐ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  

0

വലിയ നോട്ട് പിന്‍വലിക്കാനുള്ള പ്രഖ്യാപനത്തിനനുസരിച്ച് ആര്‍.ബി.ഐ മുന്നൊരുക്കം നടത്തിയിട്ടില്ലെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍. ബാങ്കുകളുടെ ബ്രാഞ്ചുകള്‍ പ്രശ്നഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഉപഭോക്താക്കള്‍ക്കും പൊതുജനത്തിനുമെന്ന പോലെ ജീവനക്കാര്‍ക്കും അസഹനീയമാണിതെന്നും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചെയര്‍മാനയച്ച കത്തില്‍ പറയുന്നു.

100 രൂപ നോട്ടിന്റെ ദൗര്‍ലഭ്യം പുതിയ പ്രതിസന്ധിയല്ല. 2015-16 സാമ്പത്തിക വര്‍ഷം 535 കോടി നോട്ടുകളുടെ ആവശ്യമുണ്ടായിരുന്നിടത്ത് 490 കോടി എണ്ണം മാത്രമേ വിതരണം ചെയ്തിരുന്നുള്ളൂ. 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച ശേഷം പുതിയവ വിതരണം ചെയ്യാത്തതിന്റെ കാരണം ആര്‍ക്കും ബോദ്ധ്യപ്പെടുന്നില്ല. 2000 രൂപ നല്‍കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ അതുകൊണ്ട് ഒന്നും ചെയ്യാനാകാത്ത സാധാരണക്കാരുമായി തര്‍ക്കമുണ്ടാകുന്നത് പതിവായി.

11ന് എ.ടി.എമ്മുകള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്കവയും പൂട്ടിക്കിടക്കുകയോ പ്രവര്‍ത്തനരഹിതമാവുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ ആയിരുന്നു. അത് ബ്രാഞ്ചുകളിലെ തിരക്ക് നിയന്ത്രണാതീതമാകുന്നതിന് കാരണമായി. മൂന്നാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആകെയുള്ള രണ്ടുലക്ഷം എ.ടി.എമ്മുകളില്‍ 35,000 എങ്കിലും കുഗ്രാമങ്ങളിലാണെന്നതിനാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നു തോന്നുന്നില്ല. പണം സൂക്ഷിക്കുന്ന ട്രേകളിലും സോഫ്റ്റ് വെയറിലും മാറ്റം വരുത്തിയുണ്ടാക്കുന്ന പരിഷ്‌കാരങ്ങള്‍ കാലതാമസം വരുത്തുമ്പോള്‍ ജീവനക്കാരാണ് പൊതുജനത്തിന്റെ രോഷത്തിനിരയാകുന്നത്.

ശാരീരിക -മാനസിക പ്രയാസങ്ങള്‍ നേരിട്ട്, ഭക്ഷണം പോലും ഉപേക്ഷിച്ചാണ് നാലുദിവസമായി ജീവനക്കാര്‍ കഷ്ടപ്പെടുന്നത്. ചുരുക്കത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ മുഴുവന്‍ പ്രയാസവും ജീവനക്കാരുടെ മുകളിലായി. ഇതിനൊക്കെ പുറമെ സാങ്കേതിക ബുദ്ധിമുട്ടുകളുടെ പേരില്‍ കൗണ്ടറുകള്‍ അടച്ചിടേണ്ടി വന്നാല്‍ വനിതാജീവനക്കാര്‍ക്കു നേരെ പോലും ശാരീരിക ആക്രമണങ്ങളും അസഭ്യ വര്‍ഷവുമാണ്. ബ്രാഞ്ചുകളില്‍ സ്ഥലം കുറച്ചതും ജീവനക്കാരുടെ എണ്ണം കുറച്ചതുമായ തീരുമാനങ്ങളെയും കത്തില്‍ പരിഹസിക്കുന്നുണ്ട്.

പുതിയ സാഹചര്യത്തില്‍ ജീവനക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും പുറമേ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും സ്ഥാപനങ്ങളും അസാധുവായ നോട്ടുകള്‍ സ്വീകരിക്കണം, 100,500 നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്ന് ആര്‍.ബി.ഐ ഉറപ്പുവരുത്തണം, എ.ടി.എമ്മുകള്‍ എത്രയും പെട്ടെന്ന് പുന:സജ്ജീകരിക്കുക, തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമൊഴിവാക്കാനായി ഷിഫ്റ്റ് ഏര്‍പ്പെടുത്തുക, ഓവര്‍ടൈം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ഈ മാസത്തെ ശമ്പളത്തിനൊപ്പം നല്‍കുക, വൈകി ജോലി ചെയ്യേണ്ടവര്‍ക്ക് സൗകര്യം ഏര്‍പ്പാടാക്കുക, മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുക, വലിയ അളവിലുള്ള കള്ളനോട്ട് തിരിച്ചറിയാനായി കൂടുതല്‍ മെഷീനുകള്‍ സ്ഥാപിക്കുക. എ.ഐ.ബി.ഒ.എ,എ.ഐ.ബി.ഇ.എ എന്നീ സംഘടനകളുടെ പേരില്‍ ജനറല്‍ സെക്രട്ടറിമാരായ എസ്.നാഗരാജന്‍, സി.എച്ച് വെങ്കിടാചലം എന്നിവരാണ് കത്തയച്ചത്.