മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്

മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്താന്‍ തിരുവനന്തപുരം     മെഡിക്കല്‍ കോളജ്

Friday January 08, 2016,

1 min Read

രോഗങ്ങളില്‍ നിന്നും രക്ഷ നേടാനായി നാം കഴിക്കുന്ന മരുന്നുകള്‍ തന്നെ കൊലയാളികളായി മാറിയാലോ. ഇതിനുദാഹരണം നിരവധിയാണ് നമ്മുടെ നാട്ടില്‍. മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളെ തുടര്‍ന്ന് ദിനംപ്രതി നൂറുക്കണക്കിന് പേര്‍ക്കാണ് ജീവന്‍ വെടിയേണ്ടി വരുന്നത്. ഇത്തരം പാര്‍ശ്വ ഫലങ്ങള്‍ കണ്ടെത്താന്‍ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം. എന്നാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായെത്തുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്.

image


മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അന്തര്‍ദേശീയ ഏജന്‍സിയുമായി സഹകരിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സംവിധാനമൊരുങ്ങുന്നത്. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ സ്വീഡനില്‍ പ്രവര്‍ത്തിക്കുന്ന ഉപ്‌സാല മോണിറ്ററിംഗ് സെന്ററുമായി സഹകരിച്ചാണ് ഫാര്‍മക്കോളജി വിഭാഗം മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്ക് നിശ്ചിത രോഗികള്‍ ഉപയോഗിക്കുന്ന വിവിധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ നിരീക്ഷിച്ച് അത് ഉപ്‌സാലയുടെ വിജിഫ്‌ളോ എന്ന വെബ്‌സൈറ്റ് വഴി അപ്‌ലോഡ് ചെയ്യുന്നു. ഈ അപ്‌ലോഡ് ചെയ്യു വിവരങ്ങള്‍ ലോകമെമ്പാടും ലഭ്യമാണ്.

ഈ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രത്യേക വിഭാഗം വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ കമ്മീഷന്‍ വിലയിരുത്തുകയും മരുന്ന് കമ്പനികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മുന്‍കരുതലായി ഭാവിയില്‍ വരുന്ന മരുന്നുകളുടെ ലേബലില്‍ ഈ പാര്‍ശ്വഫലങ്ങള്‍ കൂടി വ്യക്തമാക്കാന്‍ നിര്‍ദ്ദേശിക്കുകയും പാര്‍ശ്വഫലങ്ങള്‍ നിയന്ത്രണാതീതമായാല്‍ അവ നിരോധിക്കാന്‍ കേന്ദ്ര ഡ്രഗ്‌സ് കട്രോള്‍ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ ഫാര്‍മക്കോ വിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യയുടെ ഭാഗമായി മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി 2014 മുതലാണ് മെഡിക്കല്‍ കോളജിനെ അഡ്‌വേഴ്‌സ് ഡ്രഗ് റിയാക്ഷന്‍ മോണിറ്ററിംഗ് സെന്ററാക്കിയത്. ധൈര്യാമായി മരുന്നു കഴിക്കാം എന്ന ഉറപ്പാണ് സെന്റര്‍ നമുക്കിന്ന് തരുന്നത്.

    Share on
    close