പുതുസംരംഭങ്ങള്‍ക്ക് കൈ കൊടുത്ത് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

പുതുസംരംഭങ്ങള്‍ക്ക് കൈ കൊടുത്ത് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍

Wednesday May 18, 2016,

5 min Read

സ്വന്തം കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് സംരഭങ്ങളിലേക്ക് ചുവടു വെക്കുന്ന യുവാക്കളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. സ്റ്റാര്‍ട്ട്അപ് സംരംഭങ്ങള്‍ക്ക് മികച്ച പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതിയുമായി രംഗത്തു വന്നപ്പോള്‍ സംസ്ഥാനത്തെ സംരംഭകത്വത്തിന് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും രംഗത്തു വന്നു കഴിഞ്ഞു. ടൂറിസം രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്ക് ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ച് സാമൂഹ്യ വിപ്ലവത്തിന് തുടക്കമിടുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നവീന ആശയങ്ങളിലൂടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായം ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ യുവാക്കള്‍ ഇന്ന് വലിയ ആവേശത്തിലുമാണ്. യുവമനസ്സുകളില്‍ സംരംഭകത്വ സംസ്‌ക്കാരം വളര്‍ത്തി എടുക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കേരള സര്‍ക്കാര്‍.

image


ടെക്‌നോപാര്‍ക്ക് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ എന്നറിയപ്പെട്ടിരുന്ന പദ്ധതി പരിഷ്‌ക്കരിച്ചാണ് സംരംഭകത്വ വികസനത്തിനും ഇന്‍കുബേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള സര്‍ക്കാറിന് കീഴില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍(കെ എസ് യു എം) ആരംഭിച്ചിട്ടുള്ളത്. 2002ല്‍ ആണ് ടെക്‌നോപാര്‍ക്കില്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍(ടി ബി ഐ സി) എന്ന പേരില്‍ ഇന്‍കുബേഷന്‍ പരിപാടി ആരംഭിച്ചത്. 2010 മുതല്‍ 2020 വരെയുള്ള കാലഘട്ടം 'നവീന ആശയങ്ങളുടെ ദശാബ്ദം' എന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിനെ തുടര്‍ന്ന് ഏറ്റവും പുതിയ നാഷണല്‍ സയന്‍സ് ടെക്‌നോളജി ആന്റ് ഇന്നവേഷന്‍ പോളിസി 2013ല്‍ നിലവില്‍ വന്നു. ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ ഇതില്‍ പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്. എന്‍ എസ് ടി ഐ പോളിസി 2013ന് സമാനമാണ് കേരള ടെക്‌നോളജി സ്റ്റാര്‍ട്ട് അപ്പ് നയം.

2012ലെ കേരള ഐ ടി നയം ഐ ടി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ളതാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, ഇഗവേണന്‍സ്, ലോകോത്തര നിലവാരമുള്ള ഐ ടി പാര്‍ക്കുകളുടെ നിര്‍മ്മാണം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഐ ടി ടൗണ്‍ഷിപ്പുകളിലൂടെ ഐ പാര്‍ക്കിന് സമീപത്തു തന്നെ എല്ലാ സൗകര്യങ്ങളും എത്തിക്കാനും ഈ പദ്ധതി പ്രോത്സാഹനം നല്‍കുന്നു. കേരളത്തിലെ മികവുറ്റ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ ഒരു പ്രധാന പദ്ധതിയായ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിന് അടിത്തറ നല്‍കുന്നു.

വര്‍ഷങ്ങളായി കേരളത്തില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ആള്‍ക്കാര്‍ പാലായനം ചെയ്യുന്നു. പ്രഗത്ഭരായ പലരും തങ്ങളുടെ കഴിവ് തെളിയിക്കുന്നത് മറ്റ് രാജ്യങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് സംരംഭകത്വ നയം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കേരള സ്റ്റാര്‍ട്ട് അപ്പ് നയവുമായി എത്തുന്നത്. സംസ്ഥാനത്തെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഒരു നല്ല അന്തരീക്ഷം നല്‍കാന്‍ ഇതുവഴി സാധ്യമായിട്ടുണ്ട്.

image


കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ യുവ മനസ്സുകളില്‍ സംരംഭകത്വത്തിന്റെ വിത്ത് പാകുകയാണ് കേരള സര്‍ക്കാര്‍. ടി ടി ബി ഐയുടെ പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഏകദേശം 200 കമ്പനികളെ ഇന്‍കുബേറ്റ് ചെയ്തിട്ടുണ്ട്. ഇതുവഴി 4500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വാര്‍ഷിക വരുമാനം എന്ന നിലയില്‍ 150 കോടി രൂപ സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ പി പി പി ടി ബി ഐ വികസിപ്പിക്കുന്നതില്‍ ടെക്‌നോപാര്‍ക്ക് ടി ബി ഐ വിജയം കണ്ടു, ഇന്ത്യന്‍ ടെലികോം ഇന്നൊവേഷന്‍ ഹബ്ബ്(സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്). ടെക്‌നോപാര്‍ക്ക് ടി ബി ഐയില്‍ ഏറ്റവും വിജയകരമായി മാറിയ വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ട് അപ്പാണ് മൊബ്മീ വയല്‍ലെസ് സൊല്ല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്. വളരെ കുറഞ്ഞ സമയം കൊണ്ട് സംസ്ഥാനത്ത് ഒരു സ്റ്റാര്‍ട്ട് അപ്പ് വിപ്ലവം സൃഷ്ടിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് കഴിഞ്ഞു. ഇതുവരെ 150ല്‍ പരം കമ്പനികളെ വിജയകരമായി ഇന്‍കുബേറ്റ് ചെയ്തുകഴിഞ്ഞു. കൂടാതെ ആറ് മാസം കൊണ്ട് ആയിരത്തില്‍പരം അപേക്ഷകളാണ് സ്റ്റാര്‍ട്ട് അപ്പുകളില്‍ നിന്ന് ലഭിച്ചത്.

എം എസ് എം ഇ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍, ക്ലസ്റ്റര്‍ ഇന്നൊവേഷന്‍ സെന്റര്‍ എന്നീ നിലകളില്‍ അംഗീകൃതമായ കേന്ദ്രമാണ് ടെക്‌നോപാര്‍ക്ക് ടി ബി ഐ. ഐ ടി ഇതര ആശയങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുമാണ് ഇവര്‍ പ്രഥമ പരിഗണന നല്‍കി വരുന്നത്. കേരള സ്റ്റാര്‍ട്ട് അപ്പ് നയം പ്രാവര്‍ത്തികമാക്കുന്ന ഏജന്‍സിയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍. അതുകൊണ്ടുതന്നെ ഇത് നടപ്പിലാക്കുന്നതിനായി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, യുവ സംരംഭകര്‍ എന്നിവരിലേക്ക് എത്താനാണ് ഈ പദ്ധതികള്‍ കൊണ്ടുവന്നിട്ടുള്ളത്. പുതിയ ആശയങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നതോടെ കേരളം സംരംഭകത്വ മികവിലേക്ക് എത്തുകയാണ്. സംരംഭകരുടെ നവീന ആശയങ്ങള്‍ ഉത്പ്പന്നങ്ങളായി വികസിപ്പിക്കാന്‍ കെ എസ് എം സഹായിക്കുന്നു. വിപണിക്ക് അനുസൃതമായ ഉത്പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള സൗകര്യവും നല്‍കിവരുന്നു.

സ്റ്റാര്‍ട്ട് അപ്പ് നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള നിരവധി പരിപാടികള്‍ക്ക് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഇന്‍കുബേഷന്‍ പ്രോഗ്രാമില്‍ പ്രീ ഇന്‍കുബേഷന്‍, ഇന്‍കുബേഷന്‍, ബിസിനസ് ആക്‌സലറേറ്റര്‍ പദ്ധതികളും യുവസംരംഭകത്വ വികസന പരിപാടികളില്‍ ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ട് അപ്പ് ബൂട്ട്ക്യാമ്പസ്, സ്റ്റാര്‍ട്ട് അപ്പ് ബോക്‌സ് ക്യാമ്പയിന്‍, റാസ്‌പെറി പൈ പ്രോഗ്രാം/ലോണ്‍ ടു കോഡ്, സ്റ്റാര്‍ട്ട് അപ്പ് ലീഡര്‍ഷിപ്പ് ട്രയിനിങ്ങ് ആന്റ് വര്‍ക്ക്‌ഷോപ്പ്, ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ആന്റ് ട്രയിനിങ്ങ് പ്രോഗ്രാം, വെബ് പോര്‍ട്ടല്‍ ആന്റ് വീഡിയോ ലൈബ്രറി, ടെക്‌നോളജി ഇന്നൊവേഷന്‍ ഫെല്ലോ പ്രോഗ്രാം, ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍, എം ഐ ടി ഫാബ് ലാബുകള്‍ എന്നിവയുമാണ് ആരംഭിച്ചിട്ടുള്ളത്.
image


നേട്ടങ്ങള്‍

2011ല്‍ നെതര്‍ലാന്‍സിലെ സി എസ് ഇ എസ്, യു കെ ആന്റ് ടെക്‌നോളജി നെറ്റ്‌വര്‍ക്ക് ഏര്‍പ്പെടുത്തിയ ലോകത്തിലെ രണ്ടാമത്തെ മികച്ച സയന്‍സ് അധിഷ്ഠിത ഇന്‍കുബേറ്റര്‍

എ എ ബി ഐ ഇന്‍കുബേറ്റര്‍ ഓഫ് ദി ഇയര്‍ 2012 അവാര്‍ഡ്

നാഷണല്‍ ഫോറം പീപ്പിള്‍സ് റൈറ്റ് അപ്രിസേഷന്‍ അവാര്‍ഡ് 2013

ഗോള്‍ഡന്‍ പീകോക്ക് നാഷണല്‍ ട്രൈനിങ്ങ് അവാര്‍ഡ് 2014

2015 ജൂണില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ടി ബി ഐയിലും കൊച്ചിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലും രണ്ട് എംഐടി യുസ്എ ഇലക്‌ട്രോണിക്‌സ് ഫാബ്രിക്കേഷന്‍ ലാബുകള്‍ സ്ഥാപിച്ചു. ബോസ്റ്റണില്‍ വച്ചു നടന്ന ഫാബ് 11 കോണ്‍ഫറന്‍സില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. സമ്മര്‍ വില്ലയില്‍ വച്ച് നടന്ന ഫാബ് സിവിക് ലീഡേഴ്‌സ് ചാലഞ്ചില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി ഇ ഒ ആയ ഡോ. ജയശങ്കര്‍ പ്രസാദ് ഒരു പാനല്‍ അംഗം എന്ന നിലയില്‍ പങ്കെടുത്തിരുന്നു. ഇതില്‍ അദ്ദേഹം 'ഫാബ് സിറ്റ് ചാലഞ്ച്‌കേരള' എന്ന വിഷയം അവതരിപ്പിച്ചു.

image


പദ്ധതികള്‍ നടപ്പിലാക്കുന്ന രീതി

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ കോളേജ് വിദ്യാര്‍ഥികളുടെ ചിന്താഗതികള്‍ മാറ്റാന്‍ സഹായിച്ചിട്ടുണ്ട്. യുവ മനസ്സുകള്‍ക്ക് അവരുടെ സ്റ്റാര്‍ട്ട് അപ്പ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പോളിസിയാണ് സ്റ്റുഡന്റ്‌സ് എന്‍ട്രപ്രണര്‍ഷിപ്പ് പോളിസി. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ ഒരു സംരംഭമായി വളര്‍ത്തിയെടുക്കുന്നതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നു. കൂടാതെ ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും അറ്റന്റന്‍സും നല്‍കുന്നു.

image


അടിസ്ഥാന സൗകര്യ വികസനം

കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍: പല മേഖലകളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി കേരളസര്‍ക്കാര്‍ ഒരു ഗ്രോബല്‍ ഇന്നൊവേഷന്‍ ഹബ്ബിന് തുടക്കം കുറിക്കുകയാണ്. ഇതാണ് ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍. കളമശ്ശേരിയിലെ കിന്‍ഫ്ര ഹൈടെക്ക് പാര്‍ക്കില്‍ 13.2 ഏക്കര്‍ സ്ഥലത്താണ് ഇത് സ്ഥാപിക്കുന്നത്. സ്റ്റാര്‍ട്ട് അപ്പ് മൊഡ്യൂള്‍സ്, ഹൈ എന്‍ഡ് ഫാബ്രിക്കേഷന്‍ ലാബുകല്‍, ആര്‍ ആന്റ് ഡി ലാബ് സൗകര്യങ്ങള്‍, കൊമേഴ്‌സ്യല്‍ ഓഫീസ്, ഡോര്‍മെറ്ററി, മാളുകള്‍ എന്നിവ ഇതിലുണ്ടാകും. നിലവില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് കീഴിലുള്ള ബയോടെക് ഇന്‍കുബേഷന്‍ സെന്റര്‍ എന്നിവയാണ് ഇതിലുള്ളത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന് കീഴില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഫണ്ട് നല്‍കാനുള്ള ഒരു സംവിധാനം സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേരള ഫിനാന്‍സ് കോര്‍പ്പറേഷന് കീഴിലുള്ള കെ എസ് ഇ ഡി എം സ്‌കീമിലൂടെ ഒരു സെക്യൂരിറ്റിയും കൂടാതെ തന്നെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പലിശ രഹിത വായ്പയും നല്‍കുന്നു. കൂടാതെ കേരള സാങ്കേതിക സര്‍വ്വകലാശാലയുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ കേരള ഫാബ് അക്കാദമിയും എഞ്ചിനീയറിങ്ങ് കോളേജുകളില്‍ 20 മിനി ലാബുകള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. 

image


ഇതു കൂടാതെ സംസ്ഥാനത്തെ പട്ടിക വിഭാഗങ്ങളില്‍ പെടുന്ന യുവാക്കള്‍ക്കായി സ്റ്റാര്‍ട്ട് അപ് ഡ്രീംസ് സംരംഭകത്വ പരിപാടിക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. പട്ടിക വിഭാഗങ്ങളില്‍പ്പെട്ട യുവാക്കള്‍ പൊതുവേ അഭിമുഖീകരിക്കേണ്ടി വരുന്ന വ്യവസായ രംഗത്തെ മത്സരം, വ്യാപാരരംഗത്ത് പ്രവേശിക്കാനുള്ള അവസരമില്ലായ്മ, മൂലധനത്തിന്റെ അഭാവം, കച്ചവട തന്ത്രങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥല പരിമിതി, സാമൂഹിക അംഗീകാരമില്ലായ്മ തുടങ്ങിയ വെല്ലുവിളികളെ സമര്‍ഥമായി നേരിടാനും സംരംഭങ്ങള്‍ തുടങ്ങി വിജയിപ്പിക്കാനും വേണ്ട പരിശീലനവും പശ്ചാത്തല സൗകര്യവും സ്റ്റാര്‍ട്ട് അപ് ഡ്രീംസിലൂടെ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

    Share on
    close