നോട്ട് നിരോധനം : ആസൂത്രണ ബോര്‍ഡ് നിയോഗിച്ച സമിതി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു  

0

നോട്ട് നിരോധനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുവാന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു.

സംസ്ഥാനത്തിന്റെ നികുതി വരുമാനം, ആകെ സംസ്ഥാന ആഭ്യന്തര ഉല്പാദനം, സഹകരണ മേഖലയിലും പൊതുവില്‍ ബാങ്കിങ്ങ് രംഗത്തും നോട്ട് നിരോധനം മൂലമുണ്ടാകുന്ന ഹ്രസ്വ-ദീര്‍ഘകാല ആഘാതങ്ങള്‍, ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എന്നിവ അവലോകനം ചെയ്യുവാനാണ് സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലെ പ്രധാനമേഖലകളിലെ തൊഴില്‍, വരുമാനം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, വിവിധ വിഭാഗം തൊഴിലാളികളുടെ ഉപജീവനം എന്നിവയും ഈ സമിതി പഠനവിധേയമാക്കും. സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് ഉടന്‍ ആസൂത്രണ ബോര്‍ഡിന് സമര്‍പ്പിക്കും.

ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍, സമിതിയുടെ അദ്ധ്യക്ഷന്‍ പ്രൊഫ. സി.പി. ചന്ദ്രശേഖര്‍ (സെന്റര്‍ ഫോര്‍ എക്കണോമിക്‍ സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങ്, ജെ‌എന്‍യു) എന്നിവരും സമിതിയംഗങ്ങളായ പ്രൊഫ. ഡി. നാരായണ (ഡയറക്റ്റര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് റ്റാക്സേഷന്‍), പ്രൊഫ. പിനാകി ചക്രബോര്‍ത്തി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്‍ ഫിനാന്‍സ് ആന്‍ഡ് പോളിസി), ഡോ. കെ.എം. എബ്രഹാം (അഡീഷണല്‍ ചീഫ് സെക്രട്ടറി, ഫിനാന്‍സ്), വി.എസ്. സെന്തില്‍ (മെമ്പര്‍ സെക്രട്ടറി, പ്ലാനിങ്ങ് ബോര്‍ഡ്) എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.