പകര്‍ച്ചേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

പകര്‍ച്ചേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

Saturday August 19, 2017,

2 min Read

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിന്റെയും സംയുക്ത സംരംഭമായ മസ്തിഷ്‌കവികാസത്തകരാറുകള്‍ക്കായുള്ള സമഗ്ര കേന്ദ്രം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പകര്‍ച്ചേതര രോഗങ്ങളുടെ പ്രതിരോധവും നിയന്ത്രണവും സംബന്ധിച്ച് അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് ആന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് പ്രകാശനം ചടങ്ങില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി. ഇഖ്ബാല്‍ ചടങ്ങില്‍ നിര്‍വഹിച്ചു. 

image


ആരോഗ്യവിവരങ്ങളുടെ അഭാവമാണ് ആരോഗ്യമേഖല നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പഠനറിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ ഒരുപാട് വിവരങ്ങളാണ് നല്‍കുന്നത്. ഭയപ്പെട്ടതിനേക്കാള്‍ വലിയ പ്രശ്‌നമായി ജീവിതശൈലീരോഗങ്ങള്‍ മാറിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യനയരൂപീകരണത്തില്‍ പുതിയ റിപ്പോര്‍ട്ടിന്റെ സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് സി.എസ്.ആര്‍ വിഭാഗം മേധാവി ഹരീഷ് എഞ്ചിനീയറാണ് മസ്തിഷ്‌കവികാസത്തകരാറുകള്‍ക്കായുള്ള സമഗ്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പ്രൊഫ. ആശാ കിഷോര്‍ റിപ്പോര്‍ട്ട് കൈമാറി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ഫെഡറല്‍ ബാങ്ക് എം.ഡി ശ്യാം ശ്രീനിവാസന്‍, ന്യൂറോളജി വിഭാഗം സീനിയര്‍ പ്രൊഫസര്‍ സഞ്ജീവ് വി. തോമസ്, അച്യുതമേനോന്‍ സെന്റര്‍ ഹെഡ് പ്രൊഫ. വി. രാമന്‍കുട്ടി, എമിരറ്റിസ് പ്രൊഫസര്‍ കെ.ആര്‍. തങ്കപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓട്ടിസത്തിന്റെയും മസ്തിഷ്‌ക്കവികാസവുമായി ബന്ധപ്പെട്ട മറ്റ് വൈകല്യങ്ങളുടെയും ലക്ഷണങ്ങളെ അടിസ്ഥാനമാക്കി തലച്ചോറിനുണ്ടാകുന്ന ക്രമഭംഗത്തിന്റെ നിര്‍ണയം, വിലയിരുത്തല്‍, ചികിത്സ, റിഹാബിലിറ്റേഷന്‍ തുടങ്ങിയവയില്‍ ശ്രീചിത്രയിലെ പുതിയ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ന്യൂറോളജിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പതോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, ഓകുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരടങ്ങുന്ന സംഘത്തിന്റെ ബഹുമുഖ സേവനമാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്. പ്രത്യേകം ഫിസിയോതെറാപ്പി യൂണിറ്റ്, സെന്‍സറി ഇന്റഗ്രേഷന്‍ യൂണിറ്റ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിഷില്‍ ഒരുക്കിയിട്ടുള്ള സെന്‍സറി മുറികള്‍, സെന്‍സറി പാര്‍ക്ക് തുടങ്ങി ശാസ്ത്രീയമായി രൂപപ്പെടുത്തിയ സ്ഥലത്ത് ഇന്ദ്രിയഗ്രഹണശേഷിയെ ഉണര്‍ത്തുന്നതിനായി ഔട്ട്‌ഡോര്‍ ഗെയിംസിനുള്ള സൗകര്യമുണ്ട്. മസ്തിഷ്‌ക വികാസ തകരാറുള്ള കുട്ടികള്‍ക്ക് പുനരധിവാസ പരിശീലനത്തിനുള്ള ബഹുമുഖ ചികിത്സാ ഇടപെടലിനാണ് പുതിയ കേന്ദ്രം വഴി സാഹചര്യമൊരുങ്ങുന്നത്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയുടെ അപായഘടകങ്ങള്‍, അപകടവ്യാപ്തി, സ്വാധീനം എന്നിവയെക്കുറിച്ചാണ് സംസ്ഥാനതലത്തില്‍ അച്യുതമേനോന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തിയത്. ആരോഗ്യവകുപ്പിന്റെ സാമ്പത്തികസഹായത്തോടും സഹകരണത്തോടുമാണ് 18 വയസിനുമേലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. ശരാശരി മൂന്നില്‍ ഒരാള്‍ക്ക് രക്താതിമര്‍ദ്ദവും അഞ്ചുപേരില്‍ ഒരാള്‍ക്ക് പ്രമേഹവും കണ്ടുവരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രക്താതിമര്‍ദ്ദവും പ്രമേഹവും ബാധിച്ച അഭ്യസ്തവിദ്യരിലും ചികിത്‌സ, രോഗനിയന്ത്രണം, അവബോധം തുടങ്ങിയവ സംഭ്രമജനകമാകുംവിധം കുറവാണ്. പ്രായപൂര്‍ത്തിയായ പുരുഷന്‍മാരില്‍ നാലുപേരില്‍ ഒരാള്‍ ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരും 30 ശതമാനത്തിലേറെ ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരുമാണ്. 67.7 ശതമാനം പേര്‍ പ്രമേഹരോഗികളോ, പ്രമേഹപൂര്‍വാവസ്ഥയിലുള്ളവരോ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.