ആരാധകര്‍ക്കു നടുവില്‍ മെഹര്‍ജുയിയുടെ ജന്‍മദിനാഘോഷം

0

ഇരുപതാമത്അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ആജീവനാന്ത നേട്ടം പുരസ്‌കാരം ലഭിച്ച ദാരിയുഷ് മെഹര്‍ജുയിയുടെ പിറന്നാള്‍ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് ആഘോഷിച്ചു. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം കേക്ക് മുറിച്ചു.

കേരളം നല്‍കിയ ഹൃദയം നിറഞ്ഞ സ്‌നേഹത്തിന് നന്ദി പറഞ്ഞ മെഹര്‍ജുയി, തന്റെ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ നന്ദി അറിയിച്ചു. മഴ പെയ്തുനില്‍ക്കുന്ന അന്തരീക്ഷം ഏറെ ആഹ്ലാദകരമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സിനിമകളെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോട്ടോ എടുക്കുന്നതിനു പകരം തന്റെ സിനിമ കാണാന്‍ പോകൂ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം സദസില്‍ ചിരി പടര്‍ത്തി.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ്, സംവിധായകന്‍ ബാലുകിരിയത്ത്, വിവിധ സിനിമാ പ്രവര്‍ത്തകര്‍, ചലച്ചിത്രപ്രേമികള്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു. ചടങ്ങിനുശേഷം അക്കാദമിയുടെ നേതൃത്വത്തില്‍ സദസില്‍ കേക്ക് വിതരണവും നടന്നു.