മലയാളപഠനം നിര്‍ബന്ധം: മുഖ്യമന്ത്രിക്ക് കുഞ്ഞുങ്ങളുടെ പൂച്ചെണ്ട്

0

മലയാളം പള്ളിക്കൂടത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക നായകരും കുരുന്നുകളും ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പൂച്ചെണ്ട് സമ്മാനിച്ചു. സംസ്ഥാനത്ത് മാതൃഭാഷയില്‍ പഠിക്കാനും ഭരണഭാഷ മലയാളമാക്കാനും നിയമം കൊണ്ടുവന്ന സര്‍ക്കാര്‍ നടപടിയെ അനുമോദിച്ചുകൊണ്ടാണ് മലയാളം പള്ളിക്കൂടം മന്ത്രിസഭയ്‌ക്കൊരു പൂച്ചെണ്ട് എന്ന പരിപാടി സംഘടിപ്പിച്ചത്. അമ്മഭാഷയെ സംരക്ഷിക്കേണ്ടത് കടമയാണെന്നും അതില്‍ ധീരതയുടെ പ്രശ്‌നമുദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

എല്ലാ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ആലോചനയെ എതിര്‍ത്തത് ചില പ്രത്യേക പ്രദേശങ്ങളിലുള്ള ഭാഷാ ന്യൂനപക്ഷങ്ങള്‍ മാത്രമണ്. സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതുകൊണ്ട് ന്യൂനപക്ഷ ഭാഷകള്‍ക്ക് യാതൊരു ക്ഷീണവുമുണ്ടാവില്ലെന്നും അവര്‍ക്ക് അവരുടെ ഭാഷയില്‍ പഠനം നടത്താമെന്നും അറിയിച്ചപ്പോള്‍ ആ പ്രതിഷേധം തീര്‍ന്നു. ഭരണഭാഷയും പ്രാഥമിക വിദ്യാഭ്യാസ ഭാഷയും മലയാളത്തിലാക്കിയ നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്ന പ്രശനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍നിന്ന് കുഞ്ഞുകൈകളില്‍ നാട്ടുപൂച്ചെണ്ടുകളുമായി ഘോഷയാത്രയായെത്തിയ കുഞ്ഞുങ്ങളെ മുഖ്യമന്ത്രി സ്വീകരിച്ചു. ഈ സര്‍ക്കാര്‍ ഇതുവരെയെടുത്ത തീരുമാനങ്ങളില്‍ ഏറ്റവുമധികം കാലം ഓര്‍മിക്കപ്പെടുന്നതാണ് അടുത്ത തലമുറയ്ക്കുവേണ്ടി അമ്മഭാഷയെ സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെന്ന് സ്വാഗതം പറഞ്ഞ കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് ഭാഷയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യന്ത്രിക്ക് മലയാളം പള്ളിക്കൂടം പ്രവര്‍ത്തകര്‍ ആയിരം കത്തുകളയച്ചു. പക്ഷേ മാതൃഭാഷാ സംരക്ഷണ നടപടികളൊന്നും ആ സര്‍ക്കാര്‍ സ്വീകരിച്ചില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയാണ് സ്വീകരിച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മലയാളം പള്ളിക്കൂടത്തിനുവേണ്ടി എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ ഭാഷാപ്രതിജ്ഞ ആലേഖനം ചെയ്ത ഫലകം മുഖ്യമന്ത്രിക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു. അദ്വൈത് ഭാഷാ പ്രതിജ്ഞ വായിച്ചു. പ്രൊഫ. വി. മധുസൂദനന്‍ നായര്‍ കവിതചൊല്ലി. മുഖ്യമന്ത്രി കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും സ്ലേറ്റും പെന്‍സിലും സമ്മാനിച്ചു. ഡോ. ഡി. ബാബുപോള്‍, കാനായി കുഞ്ഞിരാമന്‍, ഡോ. അച്യുത് ശങ്കര്‍ തുടങ്ങിയവരും പങ്കെടുത്തു.