ഏനാത്ത്; ബേയ്‌ലി പാലം നിര്‍മ്മാണം ഉടന്‍;നിര്‍മ്മാണ സാമഗ്രികളും സൈനികരുമെത്തി  

0

ഏനാത്ത് ബേയ്‌ലി പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കും. പാലം പണിക്കാവശ്യമായ സാധനസാമഗ്രികളും സൈനികരും എത്തിച്ചേര്‍ന്നതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 17 ട്രക്കുകളിലായി പാലം പണിയുന്നതിനുള്ള സാധന സാമഗ്രികള്‍ സൈറ്റില്‍ എത്തിച്ചത്. സെക്കന്തരാബാദിലുള്ള ആര്‍മി റജിമെന്റ് യൂണിറ്റാണ് പണികള്‍ നടത്തുന്നത്. 

50 ജവാന്മാര്‍ പണികള്‍ നടത്തുന്നതിന് സജ്ജരായി കഴിഞ്ഞു. അവരില്‍ കൂടുതലും മലയാളികളാണ്. ബേയ്‌ലി പാലത്തിന്റെ ഇരുകരകളിലേയും അബര്‍ട്ട്‌മെന്റുകളുടെ പണി കെ എസ് പി പൂര്‍ത്തീകരിച്ച് ആര്‍മിയെ ഏല്‍പ്പിച്ചുകഴിഞ്ഞു. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തി ഇത് വിലയിരുത്തി തൃപ്തി അറിയിച്ചിരുന്നു. ബെയ്‌ലി പാലം വഴി എത്തുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള റോഡ് നിര്‍മ്മാണവും പുരോഗമിക്കുകയാണ്. മന്ദഗതിയിലായിരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ വേഗത കൈവന്നിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ പണി ഉടന്‍ തന്നെ പൂര്‍ത്തീകരിക്കും. മാര്‍ച്ച് 27 ന് ബേയ്‌ലി പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുമെന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസവും ഏനാത്ത് പാലം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബെയ്‌ലി പാലം വരുന്നതോടെ എം സി റോഡ് വഴിയുള്ള ചെറിയ വാഹനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകും. ആംബുലന്‍സുകളും മറ്റ് നാല് ചക്ര വാഹനങ്ങളും കടന്നുപോകാന്‍ കഴിയും വിധത്തിലുള്ള ബെയ്‌ലി പാലമാണ് നിര്‍മ്മിക്കുക.