'ഓണസമൃദ്ധി' പച്ചക്കറി വിപണികള്‍ ആഗസ്റ്റ് 30 മുതല്‍

'ഓണസമൃദ്ധി' പച്ചക്കറി വിപണികള്‍ ആഗസ്റ്റ് 30 മുതല്‍

Thursday August 31, 2017,

2 min Read

ഓണക്കാലത്ത് കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഓണം-ബക്രീദ് പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കും.

image


കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് ഗുണമേന്മയുള്ളതും, സുരക്ഷിതവുമായ കാര്‍ഷികോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി വിവിധ വകുപ്പുകളുടെ ഏകോപനം വിപണികളുടെ നടത്തിപ്പില്‍ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുമായി സംയോജിച്ചു 4500 ലധികം നാടന്‍ വിപണികളാണ് ഓണം-ബക്രീദ് പ്രമാണിച്ച് പ്രവര്‍ത്തിക്കുന്നത്. കൃഷിവകുപ്പിന്റെ 1500, സഹകരണവകുപ്പിന്റെ 500, സപ്ലൈകോയുടെ 1471, കുടുംബശ്രീയുടെ 1100 എന്നിങ്ങനെ 4571 വിപണികളുണ്ടാകും. കൂടാതെ ഹോര്‍ട്ടികോര്‍പ്പിന്റെ പുതുതായി ആരംഭിച്ച 234 വിപണികള്‍, ജില്ല പഞ്ചായത്തുകളുടെ 15 വിപണി, സംഘമൈത്രിയുടെ രണ്ട് വിപണികള്‍ ഉള്‍പ്പെടെ 251 അധിക വിപണികള്‍ കൂടിയുണ്ടാകും. മറയൂര്‍ ശര്‍ക്കര, മറയൂര്‍ വെളുത്തുള്ളി, കേര വെളിച്ചെണ്ണ, തേന്‍ മുതലായവയും സ്റ്റാളുകള്‍ വഴി വില്‍ക്കും. ഓണം വിപണികളില്‍ പഴം-പച്ചക്കറികളുടെ സംഭരണ വിലയും, വില്പന വിലയും നിശ്ചയിക്കുന്നത് ജില്ലാതല കമ്മിറ്റികളാണ്. ഇതിനായി ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ പ്രതിനിധി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ പ്രതിനിധി, കര്‍ഷക പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാടന്‍ ഇനങ്ങള്‍ക്ക് 10 ശതമാനവും ജി.എ.പി (നല്ലകൃഷി സമ്പ്രദായങ്ങള്‍) സര്‍ട്ടിഫൈഡ് പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ അധിക വില നല്‍കിയാണ് സംഭരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നാടന്‍ ഇനങ്ങള്‍ക്ക് വിപണിവിലയുടെ 30 ശതമാനം വിലകിഴിവിലും, ജി.എ.പി ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലകിഴിവുലും വില്‍ക്കും. ഓണസമൃദ്ധി വിപണികളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കും. വിവിധ ജില്ലകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ആവശ്യാനുസരണം മറ്റു ജില്ലകളിലേയ്ക്ക് എത്തിക്കുന്നതിനും, സംസ്ഥാനത്ത് ലഭ്യമല്ലാത്തവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച് എത്തിക്കുന്നതിനുമുള്ള നോഡല്‍ ഏജന്‍സി ഹോര്‍ട്ടികോര്‍പ്പാണ്. കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവര്‍ നടത്തുന്ന സ്റ്റാളുകളില്‍ നാടന്‍ പച്ചക്കറികള്‍, ജി.എ.പി പച്ചക്കറി ഉത്പന്നങ്ങള്‍, വട്ടവട, കാന്തല്ലൂര്‍ പച്ചക്കറികള്‍, അന്യസംസ്ഥാനപച്ചക്കറികള്‍ എന്നിവയ്ക്ക് പ്രതേ്യകം ബോര്‍ഡുകള്‍ ഉണ്ടായിരിക്കും. ഓണം-ബക്രീദ് വിപണികളുടെ സംസ്ഥാനതല ഉത്ഘാടനം ആഗസ്റ്റ് 30 ന് വൈകുന്നേരം നാലിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഹോര്‍ട്ടികോര്‍പ്പിന്റെ സസ്യ സൂപ്പര്‍മാര്‍ക്കറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്നു രാവിലെ 11.30 ന് സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ പുതിയ സംരംഭമായ 'കോക്കനട്ട് ഷോപ്പി' യുടെ ഉദ്ഘാടനം ഹോര്‍ട്ടികോര്‍പ്പിന്റെ പാളയത്തുള്ള വിപണിയില്‍ നടത്തും. സംസ്ഥാനത്തെ നാളികേര ഉത്പാദനകമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വിവിധ നാളികേര ഉത്പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കും. ഈ ചിങ്ങം ഒന്നുമുതല്‍ അടുത്ത ചിങ്ങംവരെ കൃഷിവകുപ്പ് കേരവര്‍ഷമായി ആചരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.