അവന്‍ പിന്നെയും വന്നു, ഞാന്‍ ഗുഡ്‌ബൈ പറഞ്ഞു: ഇന്നസെന്റ്‌

0

പ്രിയമുളളവരെ, എന്റെ സുഹൃത്തായ ക്യാന്‍സര്‍ രണ്ടാമതും വന്നു എന്ന വിവരം ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നുവല്ലോ. രണ്ടു ദിവസം മുമ്പ് നടത്തിയ സ്‌കാനിംഗില്‍ എന്റെ രോഗം പൂര്‍ണമായി മാറി എന്ന് ഡല്‍ഹി എയിംസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും അറിയിച്ചു.ഇനിയുളള കാലം പഴയതുപോലെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരായിരം നന്ദി....ഇന്നസെന്റ...ഡിസംബര്‍ 17ന് മലയാളികളുടെ പ്രിയതാരവും ഇരിഞ്ഞാലക്കുട എം പിയുമായ ഇന്നസെന്റ്‌ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിവ.

കാന്‍സറില്‍ നിന്ന് മോചിതനായെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അറിയിച്ചാണ് ഇന്നസെന്റ്ന്തോ ഷം ഫേസ്ബുക്കിലൂടെ മലയാളികള്‍ക്കൊപ്പം പങ്കുവെച്ചത്. രണ്ടാമതും കാന്‍സര്‍ വന്നപ്പോള്‍ പേടിച്ചിരുന്നു. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് സംശയിച്ചിരുന്നു. എന്നാല്‍ അതൊരു തെറ്റായ വിചാരമാണെന്ന് തിരിച്ചറിഞ്ഞു. അവസാനം നടത്തിയ സ്‌കാനിലും തന്റെ ശരീരത്തില്‍ ഒരംശം പോലും കാന്‍സറില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഇന്നസെന്റ് പറഞ്ഞു.

ആദ്യം ക്യാന്‍സര്‍ ബാധിച്ചശേഷം മുക്തനായെന്ന് പറഞ്ഞെങ്കിലും പിന്നീടും രോഗലക്ഷണം തുടരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ അദ്ദേഹം വീണ്ടും ചികിത്സതേടിയത്. എന്നാല്‍ ഇക്കുറി പൂര്‍ണമായും രോഗ വിമുക്തനാകാന്‍ അദ്ദേഹത്തിന് സാധിച്ചു.

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ ഒന്നാകെ ചിരിപ്പിച്ച് ഹൃദയങ്ങള്‍ കീഴടക്കിയ ഇന്നസെന്റിന്റെ രോഗബാധ മലയാളികളെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്.

മികച്ച നടന്‍ എന്നതിലുപരി മികച്ച ജനപ്രതിനിധി എന്ന നിലയില്‍ കൂടി തിളങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന് രണ്ടാം തവണയും ക്യാന്‍സര്‍ ബാധിച്ചത്. എന്നാല്‍ ക്യാന്‍സറിനോട് ഗുഡ്‌ബൈ പറഞ്ഞ് ഇനിയും നിരവധി ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കഥാപാത്രങ്ങളുമായി മലയാളികളുടെ മുന്നിലെത്താന്‍ തയ്യാറെടുക്കുകയാണ് ഇന്നച്ചന്‍ എന്ന പ്രിയതാരം. സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് തന്റെ സ്വതസിദ്ധമായ ചിരിയോടെ താരം പറയുന്നു: സിനിമയിലേക്ക് പോണം, എന്നാലേ കാര്യങ്ങള്‍ നടക്കൂ...സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ ഉടന്‍ വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുമെന്നും താരം ഉറപ്പുനല്‍കുന്നു. ഒപ്പം തന്റെ മണ്ഡലത്തിന് വേണ്ടി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്നസെന്റിന്റെ പുസ്തകമായ ക്യാന്‍സര്‍ വാര്‍ഡിലെ ചിരിയുടെ ആദ്യപതിപ്പ് നേരത്തേ പുറത്തിറക്കിയിരുന്നു. ക്യാന്‍സര്‍ വാര്‍ഡില്‍ നിന്നുള്ള കുറിപ്പുകള്‍ എന്ന രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.