ആര്‍ദ്രം പദ്ധതി: പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ പരിഗണനയില്‍

ആര്‍ദ്രം പദ്ധതി: പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ പരിഗണനയില്‍

Thursday March 02, 2017,

1 min Read

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. 

image


ജനറിക് മരുന്നുകള്‍ മിതമായ വിലയ്ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ജില്ലാ, താലൂക്ക് ആശുപത്രികളുടെ നിലവാരം ഏകോപിപ്പിക്കും. ഇതിനായി ജില്ലാ താലൂക്ക് ആശുപത്രികളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ 63.63 കോടി രൂപയ്ക്കും സ്‌പെഷ്യാലിറ്റി വകുപ്പുകള്‍ തുടങ്ങാന്‍ 12.48 കോടി രൂപയ്ക്കും 75 താലൂക്ക് ആശുപത്രികളില്‍ ആവശ്യമായ തസ്തികകള്‍ക്കായി 185.35 കോടി രൂപയ്ക്കുമുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമ്പോള്‍ ഡോക്ടര്‍മാരെയും സ്റ്റാഫ് നഴ്‌സുമാരെയും ലാബ് ടെക്‌നിഷ്യന്‍മാരെയും നിയമിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് ആവശ്യമായ ടീമിനെ തയ്യാറാക്കി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, ഡോ. കെ.ടി.ജലീല്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ആസൂത്രണ വകുപ്പ് ഉപാധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു