രാജമാണിക്യത്തെ നിഷ്ക്രിയമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്‍മാറണം: കുമ്മനം രാജശേഖരന്‍

0

⁠⁠⁠അനധികൃത തോട്ടം ഭൂമി തിരിച്ചു പിടിക്കാൻ നിയോഗിക്കപ്പെട്ട സ്പെഷ്യൽ ഓഫീസർ രാജമാണിക്യത്തെ നിഷ്ക്രിയമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. 

സ്പെഷ്യൽ ഓഫീസറുടെ ഓഫീസുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയിൽ നടത്താൻ പ്രത്യക പ്ലീഡറെ നിയമിക്കാതെ സർക്കാർ കള്ളക്കളി നടത്തുകയാണ്. കേസിന്‍റെ നിർണ്ണായക സമയത്ത് അന്നത്തെ പ്ലീഡറായിരുന്ന സുശീലഭട്ടിനെ മാറ്റിയപ്പോൾ അതിലും സമർത്ഥനായ ഉദ്യോഗസ്ഥനെ നിയമിക്കും എന്നാണ് സർക്കാർ വാഗ്ദാനം ചെയ്തത്. എന്നാൽ പിന്നീട് നിയമിക്കപ്പെട്ട രണ്ടു പേരും തോട്ടമുടകൾക്ക് വേണ്ടി നേരത്തെ ഹാജരായവരാണ്. കേസ് നടത്തിപ്പിൽ നിന്ന് അവർ പിൻമാറിയതോടെ നിലവിൽ തോട്ടഭൂമി സംബന്ധിച്ച കേസ് നടത്താൻ ആളില്ലാത്ത അവസ്ഥയാണ്. ഇപ്പോഴുള്ള പ്ലീഡർക്കാകട്ടെ റവന്യു വകുപ്പിന്‍റെ മുഴുവൻ കേസുകളും നടത്തേണ്ട ചുമതലയും നൽകിയിട്ടുണ്ട്. ഇതോടെ സ്പെഷ്യൽ ഓഫീസറുടെ ഓഫീസിന് മാത്രമായി വക്കീൽ എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു. സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥർ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചതോടെ രാജമാണിക്യത്തിന്‍റെ കണ്ടെത്തലുകൾ മുഴുവൻ അട്ടിമറിക്കപ്പെട്ടു. 5 ലക്ഷം ഏക്കർ തോട്ടം ഉടമകൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും ഇതേപ്പറ്റി സിബിഐ അന്വേഷണം വേണമെന്നും രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. ഇതും നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത് തോട്ടം ഉടമകളെ സഹായിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ്. ഹൈക്കോടതിയിലെ മാധ്യമ വിലക്ക് മൂലം ഇക്കാര്യങ്ങൾ പുറം ലോകം അറിയുന്നുമില്ല. ഇത് സർക്കാരിന് സഹായകമാവുകയും ചെയ്തു. തോട്ടം കേസുകൾ അട്ടിമറിക്കാൻ ഇടത് വലത് മുന്നണികൾ ഒത്തുകളിക്കുകയാണ്. ഇതിന് പിന്നിൽ കോടികളുടെ അഴിമതി ഉണ്ടെന്നും കുമ്മനം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.