കേരളം ചുവന്നു; എല്ലാ കണ്ണുകളും വി എസിലേക്ക്

0

വി.എസ് എന്ന രണ്ടക്ഷരം കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 92 വയസിലും ഒരു മുന്നണിയെ മുന്നില്‍ നിന്നു നയിച്ച് വിജയത്തിലേക്കെത്തിച്ച ഒരു രാഷ്ട്രീയക്കാരനെ നമുക്ക് ഇന്ത്യയില്‍ എന്നല്ല മറ്റൊരിടത്തും കാണാനാകില്ല. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ കുന്തമുന; പോരാട്ടങ്ങള്‍ ജീവിതമായി കാണുന്ന വിപ്ലവകാരി. വിശേഷണങ്ങള്‍ അനവധിയാണ് വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാന്ദന്. ഒരു പക്ഷേ ഇന്നും ജീവിക്കുന്ന ചരിത്രമെന്നു പറയുന്നതാകും വി എസ് എന്ന ദ്വയാക്ഷരങ്ങള്‍ക്ക് കൂടുതല്‍ ഉചിതം. 92 ലും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആവേശവും ആശയവും ആണ് വിഎസ്. ആദര്‍ശങ്ങളിലും ആശയങ്ങളിലും വിഎസിന് എതിരാളികള്‍ ഉണ്ടാകുമ്പോള്‍ പോലും ജനസമ്മതി വിഎസിന് എല്ലാ എതിര്‍പ്പുകളേയും നിഷ്പ്രയാസം മായ്ച്ചു കളയാനുള്ള കരുത്തു നല്‍കുന്നു. ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോഴെല്ലാം വിഎസ് ഫാക്ടര്‍ മുഖ്യ ഘടകമായിരുന്നു. ഈ 2016ലും കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് നയിച്ച വി എസ് എന്ന നേതാവ് 2006ലെപ്പോലെ സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ്‌ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെങ്കിലും വി എസ് എന്ന സമരനായകന്‍ മുഖ്യമന്ത്രി പദത്തിന് സര്‍വാത്മനാ യോഗ്യനാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല.

1923 ഒക്ടോബര്‍ 20ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജനനം. സമരങ്ങളുടെ തീച്ചൂളയില്‍ ജനിച്ച് അതിലൂടെ കരുത്തു നേടി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ പകരം വെക്കാനില്ലാത്ത നായകനായ വി എസ് ഏറ്റെടുത്തിട്ടുള്ള സമരങ്ങള്‍ക്ക് എണ്ണമില്ല. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കേരളത്തിലെ ഇരുപതാമത് മുഖ്യമന്ത്രിയായിരുന്ന വിഎസ് 1980-92 കാലഘട്ടത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴയായിരുന്നു വിഎസിന്റെ മണ്ഡലം. ഈ തിരഞ്ഞെടുപ്പിലും വി എസിനെ മലമ്പുഴ കൈവിട്ടില്ല. പോയ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടുതല്‍ സമ്മാനിച്ചാണ് മലമ്പുഴ വിഎസിനെ നിയമസഭയിലേക്കെത്തിച്ചിരിക്കുന്നത്.

കേരളത്തിലെ കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം കഌസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. അവിടെ വെച്ചാണ് തൊഴിലാളികളുടെ ദുരിതം തനേരിട്ട് മനസ്സിലാക്കുന്നത്.നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന്‍ 1938ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

ജന്മിമാര്‍ക്ക് എതിരെ കര്‍ഷക കുടിയാന്മാരും 1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി.എസ്. രാജവാഴ്ചക്കും ദിവാന്‍ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ റ്റ് ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിര്‍ണായകമായ ഈ സമരത്തില്‍ പ്രധാനികളിലൊരാളാണ് വി. എസ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തനരംഗത്തു കൊണ്ടുവന്നത്. 1957ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒന്‍പതു പേരില്‍ ഒരാളാണ്. ഇവരില്‍ ഇന്നു ജീവിച്ചിരിക്കുന്നതും വി.എസ്. മാത്രം. പി. കൃഷ്ണ പിള്ളയുടെ പാത പിന്‍തുടര്‍ന്ന് പോരാട്ടത്തിന്റെ പുതുവഴികളില്‍ നടന്ന അച്യുതാനന്ദന്‍ ജനകീയനായി. പാര്‍ട്ടിക്കകത്ത് എ.കെ.ജിയുടെ പിന്‍ഗാമിയെന്നറിയപ്പെട്ടു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കി.തുടര്‍ന്നു 2008 ല്‍ നടന്ന പാര്‍ടി കോണ്‍ഗ്രസ്സില്‍ കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1965ല്‍ സ്വന്തം വീടുള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. കോണ്‍ഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. 1967ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് തോല്‍പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ല്‍ ആര്‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോല്‍പ്പിച്ചത്. എന്നാല്‍ 1977ല്‍ കുമാരപിള്ളയോട് 5585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

1991ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കു തോല്പിച്ചു. എന്നാല്‍ 1996ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. അങ്ങനെയാണ് 2001ല്‍ ആലപ്പുഴ ജില്ല വിട്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ച സീറ്റായി പരിഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് ജനവിധി നേടിയത്. ഇതേ മണ്ഡലം തന്നെ വര്‍ധിച്ച ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുത്ത ആത്മവിശ്വാസത്തിലാണ് വി എസ് മന്ത്രിസഭയിലേക്കെത്തുന്നത്. അത് ഏതു പദവിയിലായിരിക്കും എന്നത് കാത്തിരുന്നു തന്നെ കാണണം.