പുതിയത് സൃഷ്ടിക്കാനുള്ള ഭ്രമം; അതാണ് ശ്രീവിദ്യ ശ്രീനിവാസന്‍

പുതിയത് സൃഷ്ടിക്കാനുള്ള ഭ്രമം; 

അതാണ് ശ്രീവിദ്യ ശ്രീനിവാസന്‍

Wednesday November 04, 2015,

3 min Read

മനസു കൊണ്ടും പഠനം കൊണ്ടും എഞ്ചിനീയറായ ശ്രീവിദ്യാ ശ്രീനിവാസന് എല്ലാം ഭംഗിയായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹം. എഞ്ചിനീയറിംഗ് കാലത്ത് പഠിച്ചതെല്ലാം ഉല്‍ക്കടമായ ഈ ആഗ്രഹം കൊണ്ടായിരുന്നുവെന്ന് അമാഗി സ്ഥാപകരിലൊരാളായ ശ്രീവിദ്യ ശ്രീനിവാസന്‍ പറയുന്നു. എളിയ ജീവിതപശ്ചാത്തലത്തില്‍ നിന്നാണ് ശ്രീവിദ്യയുടെ വരവ്. മാതാപിതാക്കള്‍ കോയമ്പത്തൂരിന് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകരായിരുന്നു. ശ്രീവിദ്യയുടെ പ്രാഥമിക വിദ്യാഭ്യാസം മുഴുവന്‍ തമിഴിലായിരുന്നു. പിന്നീട് ഒരു ഇ്ംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ന്നു. 11, 12 ക്ലാസുകളിലെത്തിയപ്പോള്‍ ക്രമേണ ഇംഗ്ലീഷ് തനിക്ക് വഴങ്ങാന്‍ തുടങ്ങിയെന്ന് ശ്രീവിദ്യ പറയുന്നു. കോയമ്പത്തൂര്‍ ഗവ. കോളജ് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം നേടിയത്.

image


കോളജില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ശ്രീവിദ്യ സ്വയം പഠിച്ചെടുക്കുകയായിരുന്നു. സോഫ്റ്റ് വെയര്‍ പ്രോഗ്രാമും ഓപ്പറേറ്റിംഗ് സിസ്റ്റവും ഡാറ്റാ ഘടനകളും എല്ലാം നന്നായി ആസ്വദിച്ചുതന്നെ പഠിച്ചു. പഠനത്തിന് ശേഷം ആദ്യജോലി ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സിലായിരുന്നു. അവിടത്തെ റിക്രൂട്ട്‌മെന്റ് മാനേജര്‍ കൈകാര്യം ചെയ്യാനുള്ള സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സമഗ്രവിവരണം ശ്രീവിദ്യക്ക് നല്‍കി. ഇത് വലിയ താല്‍പര്യമാണുണ്ടാക്കിയത്. 1996ല്‍ 6000 രൂപയുടെ ആദ്യ ശമ്പളം ചെക്കായി വാങ്ങുമ്പോള്‍ അഭിമാനം തോന്നി. അത് കുറച്ചധികം പണമുള്ളതായി തോന്നിയതായി ശ്രീവിദ്യ പറയുന്നു.

ഇംപള്‍സ് സോഫ്റ്റ് എന്ന സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ആദ്യ സംരംഭം 24-ാം വയസില്‍ രണ്ട് സുഹൃത്തുകളോടൊപ്പം ചേര്‍ന്ന് ശ്രീവിദ്യ ആരംഭിച്ചു. നേരത്തെ ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സില്‍ ജോലി നോക്കുമ്പോള്‍ ഇലക്ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ ഡൊമെയ്‌നില്‍ വലിയ അളവില്‍ സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു. ഇവിടെ നിന്ന് കിട്ടിയ അനുഭവം പുതിയൊരു സോഫ്റ്റ് വെയര്‍ ഉല്‍പ്പന്ന കമ്പനി ഇന്ത്യ പോലൊരു രാജ്യത്ത് രൂപീകരിച്ചാല്‍ വിജയമായിരിക്കുമെന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെ 1998ല്‍ തങ്ങളുടെ ജോലി വിട്ട് ഇംപള്‍സ് സോഫ്റ്റ് രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. കുറച്ച് സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നങ്ങള്‍ തയാറാക്കിയശേഷം ധൈര്യപൂര്‍വം മുന്നോട്ടുപോകാന്‍ തന്നെ മൂവര്‍സംഘം തീരുമാനിച്ചു. സ്വന്തായി ബ്ലൂടൂത്ത് പ്രോട്ടോക്കോള്‍ സ്റ്റാക്ക് പണിയാന്‍ തീരുമാനിച്ചു. ബ്ലൂടൂത്ത് സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന 1000 പേജ് വരുന്ന സമഗ്രമായ ഒരു പുസ്തകം ഒറ്റരാത്രി കൊണ്ട് വായിച്ച് തീര്‍ത്ത ശ്രീവിദ്യ തന്റെ ആദ്യ പ്രോട്ടോക്കോള്‍ സ്റ്റാക്ക് നിര്‍മിക്കാന്‍ ആരംഭിച്ചു.

ഇംപള്‍സ് സോഫ്റ്റ് ജീവിതത്തിലെ വിശിഷ്ടമായ ഒരു യാത്രയായിരുന്നുവെന്ന് ശ്രീവിദ്യ പറയുന്നു. പ്രതിഭാശാലികളായ എഞ്ചിനീയര്‍മാരെ കണ്ടെത്തുന്നത്, അവരുടെ മികച്ച സംഘത്തെ രൂപപ്പെടുത്തുന്നത്, ലോളിജിസ്റ്റിക്‌സ് പോലുള്ള മേഖലകളിലെ വ്യത്യസ്ത ഘടകങ്ങളെ അറിയാന്‍ കഴിഞ്ഞതെല്ലാം നേട്ടമായി. അന്താരാഷ്ട്ര കമ്പനികളായ സീമെന്‍സ്, സോണി എറിക്‌സണ്‍, മോട്ടറോള, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് എന്നിവര്‍ക്കായി സേവനം നല്‍കാനും ഇംപള്‍സ് സോഫ്റ്റിന് കഴിഞ്ഞു. ഒടുവില്‍ നിക്ഷേപകര്‍ക്കെല്ലാം നല്ല തുക നല്‍കി നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത എസ്.ഐ.ആര്‍.എഫ് എന്ന അര്‍ധചാലകനിര്‍മാണ കമ്പനി ഇംപള്‍സ് സോഫ്റ്റിനെ ഏറ്റെടുത്തു.

ഇംപള്‍സ് സോഫ്റ്റ് കെട്ടിപ്പടുത്തതിലൂടെ ഒരുപാട് കാര്യങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞുവെന്ന് ശ്രീവിദ്യ വിശ്വസിക്കുന്നു. സാങ്കേതികപരമായ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞതിനെക്കാള്‍ ബിസിനസിന്റെ മറ്റു വശങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞു. ഒരു നല്ല സാങ്കേതിക സംഘത്തെ നയിക്കുന്നതെങ്ങനെയെന്നും വിപണിയില്‍ വിജയകരമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം അങ്ങനെയെല്ലാം. സാങ്കേതികപരമായ പ്രശ്‌നങ്ങള്‍ക്ക് എഞ്ചിനീയറിംഗ് മുഖേന പരിഹാരം നിര്‍ദേശിക്കുന്ന ജോലി മോഹിപ്പിക്കുന്നതാണെന്ന് ശ്രീവിദ്യ ഓര്‍മിക്കുന്നു.

ഒരിക്കല്‍ സംരംഭകനായാല്‍ എന്നേക്കും സംരംഭകന്‍

ഇംപള്‍സ് സോഫ്റ്റിന്റെ ഏറ്റെടുക്കലിന് ശേഷം പുതിയ കരാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സംഘം തിരികെനടന്നു. മൂന്നു അടിസ്ഥാനപരമായ ലക്ഷ്യങ്ങളോടെ 'അമാഗി'ക്ക് രൂപം നല്‍കാന്‍ അവര്‍ തീരുമാനിച്ചു. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് നല്‍കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ വിപണിയെ ആണ് അവര്‍ ലക്ഷ്യം വെച്ചത്. വ്യവസായ രംഗത്ത് വിപ്ലവകരമായ ബിസിനസ് രൂപപ്പെടുത്തുകയെന്നതായിരുന്നു അവര്‍ കണ്ട സ്വപ്നം. രാജ്യത്തിന് പുറത്ത് ഒരു ബില്യന്‍ ഡോളര്‍ ബിസിനസ് നടത്തുക എന്ന ലക്ഷ്യവും സംഘത്തിനുണ്ടായിരുന്നു. മാധ്യമ സാങ്കേതിക രംഗത്ത് ഉന്നതനിലവാരമുള്ള ഒരു കമ്പനി എന്ന നിലയില്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നത് അഭിനിവേശമായിരുന്നുവെന്ന് ശ്രീവിദ്യ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണ രംഗത്ത് നിലകൊള്ളുന്ന ബിസിനസ് സ്ഥാപനമെന്ന നിലയില്‍ 'അമാഗി'യുടെ പ്രവര്‍ത്തനങ്ങള്‍ ദശലക്ഷക്കണക്കിന് പ്രേക്ഷരിലേക്ക് പ്രതിദിനമെത്തുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതെന്ന നിലയില്‍ 100 ശതമാനവും പിഴവുകളില്ലാത്ത സംവിധാനങ്ങളാണ് വേണ്ടത്. ഇത് വളരെ ആവേശകരമായി തോന്നി ശ്രീവിദ്യ വിശദീകരിക്കുന്നു.

image


സ്ത്രീ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികള്‍

ഓടി നടന്ന് ജോലി ചെയ്യേണ്ടിവരുന്നതും ഇതിനായി സമയം ക്രമീകരിക്കേണ്ടിവരുന്നതും പ്രാരംഭഘട്ടത്തില്‍ വലിയ പ്രയാസമായിരുന്നുവെന്ന് ശ്രീവിദ്യ പറയുന്നു. അമാഗിക്കും തന്റെ മക്കള്‍ക്കും ഇടയിലുള്ള ഓട്ടത്തിനിടയില്‍ തൊഴില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെട്ടു. ആദ്യമൊക്കെ ബിസിനസില്‍ തന്റെ പങ്ക് മറ്റുള്ളവരെക്കൊണ്ട് അംഗീകരിക്കപ്പെടുന്നതില്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ടായി. പിന്നീട് തന്റെ പങ്കും ഉത്തരവാദിത്വങ്ങളും പ്രവര്‍ത്തനങ്ങളും മനസിലാക്കിയപ്പോള്‍ കാര്യങ്ങള്‍ക്കെല്ലാം മാറ്റം വന്നു. വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നത് താല്‍പര്യമായി തോന്നി. ഒരു അത്‌ലറ്റിന് കളിക്കളത്തില്‍ നിന്നും ലഭിക്കുന്ന അതേ ആവേശം നൂതനമായ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ നിന്നും തനിക്കും ലഭിച്ചതായി ശ്രീവിദ്യ പറയുന്നു. അമാഗിയില്‍ പുതിയ സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ അഭിമാനമുണ്ട്. ഞങ്ങളുടെ ടീമിനെക്കുറിച്ചും അഭിമാനമുണ്ട് ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.

എഞ്ചിനീയറിംഗിനെ സ്‌നേഹിക്കുകയും സാങ്കേതിക വിദ്യയില്‍ താല്‍പര്യവുമുള്ള സ്ത്രീകളോട് ശീവിദ്യക്ക്പറയാനുള്ളത് ഇത്രമാത്രമാണ് സമ്മര്‍ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ ഉറച്ചമനസ്സോടെ നില്‍ക്കണം. നിരവധി വനിതകള്‍ പ്രൊഫഷന്‍ ഉപേക്ഷിക്കുകയാണ്. കുടുംബങ്ങളില്‍ നിന്നും ജോലിയില്‍ നിന്നും ഉണ്ടാകുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്തതിനാലാണിത്. ക്ഷമയും സഹിഷ്ണുതയും കൊണ്ട് ഇത് പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ എവിടെയാണ്, എന്തുകൊണ്ട് നിങ്ങള്‍, എന്താണ് ചെയ്യുന്നത്, നിങ്ങള്‍ ചെയ്യന്ന ജോലി ആവേശം നല്‍കുന്നുണ്ടോ, എന്തു ചെയ്യുമ്പോഴാണ് കൂടുതല്‍ ആവേശം തോന്നുക എന്നീ ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. അവിടേക്ക് എത്താന്‍ ശ്രമിക്കുക. അപ്പോള്‍ ജോലി നിങ്ങള്‍ക്ക് ജോലിയല്ല; ജീവിതമായി തന്നെ തോന്നും