മാതൃകയായി ആക്കുളം കേന്ദ്രീയ വിദ്യാലയം

0

മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കൂടി 1,21,024 രൂപ സ്വരൂപിച്ച് നല്‍കി. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ ജോസ് മാത്യു, സ്‌കൂള്‍ ക്യാപ്റ്റന്‍ അഞ്ജിത് നായര്‍, വര്‍ഷ ബി എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന് തുക കൈമാറി.

'വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് മഹത്വം' എന്ന ആശയം കുട്ടികളില്‍ ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രീയ വിദ്യാലയം ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ആക്കുളം കേന്ദ്രീയ വിദ്യാലയവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഡിസംബര്‍ 15 കേന്ദ്രീയ വിദ്യാലയ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുന്‍ വര്‍ഷങ്ങളിലും ആര്‍.സി.സി. ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കിയിരുന്നു.

ഡോ. സഞ്ജീവ് നായര്‍, ഡോ. ഇ. ഷാജി, പി.ടി.എ. പ്രതിനിധി തോമസ് മാത്യു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള നിര്‍ധന രോഗികള്‍, ചികിത്സാ കാര്‍ഡില്ലാത്ത നിര്‍ധന രോഗികള്‍, അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍, നിര്‍ധനരായ അന്യസംസ്ഥാനക്കാര്‍, കൂട്ടിരുപ്പുകാര്‍ ഇല്ലാത്ത രോഗികള്‍, കെയര്‍ ഹോം, അഭയ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള രോഗികള്‍, മാരകമായ അസുഖങ്ങള്‍ മൂലം ദരിദ്രരായവര്‍ എന്നിവര്‍ക്ക് മരുന്നിനും മറ്റുമായാണ് ഈ തുക ചെലവഴിക്കുക.

പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള യഞ്ജത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. ഈ ആവശ്യത്തിന് വേണ്ടി മാത്രമായി ഫണ്ട് സ്വരൂപിക്കുവാനായി മെഡിക്കല്‍ കോളേജ് എസ്.ബി.ടി. ശാഖയില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് നിലവിലുണ്ട്. (A/c No – 67094604029, IFSC code - SBTR 0000029) ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സൂപ്രണ്ട് ഓഫീസില്‍ നിന്നും രസീത് നല്‍കുന്നതാണ്. ഇത് ആദായ നികുതി ഇളവിനുള്ള ആവശ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.