ആരോഗ്യമുള്ള ഭാവിക്കായി യോഗ

0

പല രോഗങ്ങള്‍ക്കുമുള്ള ഒരു ഒറ്റമൂലിയാണ് യോഗ എന്ന തിരിച്ചറിവാണ് യോഗ 101 ആരംഭിക്കാന്‍ റിങ്കു സൂരിയെ പ്രേരിപ്പിച്ചത്. വിശാലമായ ഒരു മുറിക്കുള്ളിലാണ് യോഗക്കായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നത്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയക്കാന്‍ യോഗക്കുള്ള കഴിവ് അതുല്യമാണ്.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനത്താല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ യോഗാഭ്യാസം ചെയ്യാന്‍ പാടില്ല.

വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത കുറച്ച് ടീച്ചര്‍മാരെ ഒരു കുടക്കീഴില്‍ അണി നിരത്തിയാണ് റിങ്കു ക്ലാസ്സുകള്‍ നല്‍കിയിരുന്നത്. പല പല കാരണങ്ങള്‍കൊണ്ടാണ് ആളുകള്‍ യോഗ തിരഞ്ഞെടുത്തതെങ്കിലും എല്ലാവരുടേയും പൊതുവായ കാരണം ആകാരഭംഗി തന്നെയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരോഗ്യത്തിനും ശരീര വടിവിനുമായി റിങ്കു യോഗ അഭ്യസിച്ച് തുടങ്ങിയത്. ഇതിനുശേഷം വളരെ മനോഹരമായ ആകാര വടിവ് ലഭിച്ചു. ഇതൊരു വ്യായാമ മുറ മാത്രം ആയിരുന്നില്ല,അര്‍ത്ഥവത്തായ ഒരു ജിവിതം കൂടി നമുക്ക് പ്രദാനം ചെയ്യാന്‍ ഇതിനു സാധിച്ചു. 2012 ആഗസ്റ്റില്‍ റിങ്കു കമ്പോഡിയയിലേക്ക് യാത്ര നടത്തി. കമ്പോഡിയയില്‍ വളരെ മനോഹരമായ ഒരു യോഗ കഫേ അവള്‍ക്ക് കാണാന്‍ സാധിച്ചു. ഇതാണ് യോഗ 101നു പിന്നിലുള്ള പ്രധാന പ്രചോദനം.

കമ്പോഡിയായില്‍ നിന്നും തിരിച്ചെത്തിയ റിങ്കു മുംബൈയിലെ ഒരു വലിയ യോഗ സ്റ്റുഡിയോയെ സമീപിച്ചു. അവരില്‍ നിന്നും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തമായി ഒരു യോഗ സ്റ്റുഡിയോ ആരംഭിക്കാന്‍ റിങ്കു തീരുമാനിക്കുകയായിരുന്നു. അതിനായി സ്ഥലം നോക്കിയപ്പോഴാണ് വര്‍ഷങ്ങളായി റിങ്കുവിന്റെ കുടുംബം താമസിച്ചിരുന്ന ബംഗ്ലാവ് വാടകക്ക് നല്‍കാനായി ആലോചനകള്‍ നടന്നത്. ഈ കെട്ടിടം തന്നെ യോഗ സ്റ്റുഡിയോക്കായി റിങ്കു പ്രയോജനപ്പെടുത്തി. യോഗ ക്ലാസ്സിനുള്ളിലെ സജ്ജീകരണങ്ങളൊക്കെ വളരെ മികച്ച രീതിയിലായിരുന്നു. യോഗയുമായി ബന്ധപ്പെട്ട കുറച്ച് പുസ്തകങ്ങളും യോഗ മാറ്റുകളും, ഓയില്‍, യോഗക്ക് ഉപയോഗിക്കുന്ന ചില വസ്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ റിങ്കു തന്നെ തയ്യാറാക്കിയതായിരുന്നു.

ഒരു യോഗ ടീച്ചര്‍ എന്ന നിലയില്‍ ഇതിന്റെ ഗുണങ്ങളെക്കുറിച്ച് തനിക്ക് വിശദമാക്കാന്‍ കഴിയുമെന്ന് റിങ്കു പറയുന്നു. ഇത് ശാരീരികമായ വ്യായാമം മാത്രമല്ല മാനസികവും കൂടിയാണ്. ഒരേ രീതിയിലുള്ള നമ്മുടെ ജീവിതരീതിക്ക് അലസത മാറ്റാന്‍ ഏറ്റവും മികച്ച വഴി യോഗയാണ്. എല്ലാ ശരീരഭാഗങ്ങളും അവയവങ്ങള്‍ക്കും പ്രയോജനപ്രദമായ ഒരേയൊരു വ്യായാമമുറയാണ് യോഗ. ഇതിന് നിങ്ങലെ യുവത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകും മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ നല്‍കും. ദേഷ്യം നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും ഇത് പ്രയോജനപ്രദമാണ്.

മുംബൈയില്‍ ജനിച്ചു വളര്‍ന്ന റിങ്കുവിന് ടീച്ചറാകാനായിരുന്ന താത്പര്യം എന്നാല്‍, റിങ്കുവിന്റെ അമ്മക്ക് അധ്യാപന വൃത്തിയോട് താത്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ റിങ്കുവിനെ കൊമേഴ്‌സ് പഠിപ്പിക്കുകയും മാര്‍ക്കറ്റിംഗ് മേഖലയിലേക്ക് തിരിച്ചു വിടുകയും ചെയ്തു. പഠനം കഴിഞ്ഞ് സി എന്‍ ബി സിയില്‍ ജോലിയില്‍ പ്രവേശിച്ച റിങ്കു അവിടെ 12 വര്‍ഷം ജോലി നോക്കി. നിരവധി യാത്രകളും ഫോട്ടോഗ്രഫിയും ഇഷ്ടപ്പെട്ടിരുന്ന റിങ്കു ഈ ജീവിതം ആസ്വദിച്ചുവെങ്കിലും പിന്നീട് തന്റെ താത്പര്യത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. യോഗയുടെ അനന്ത സാധ്യതകള്‍ മനസിലാക്കിയ റിങ്കു ഇത് പരിശീലിച്ചു. നിലവില്‍ വിവിധ പ്രായക്കാരായ വിദ്യാര്‍ഥികളാണ് റിങ്കുവിനുള്ളത്.

തുടക്കത്തില്‍ മറ്റ് ഏതൊരു സംരഭത്തെപോലെ ഇതിലും റിങ്കുവിന് വെല്ലുവിളികള്‍ ഉയര്‍ന്നു. ആളുകളെ യോഗ സ്റ്റുഡിയോയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു ആദ്യത്തെ പ്രധാന ജോലി. പലരും വീട്ടില്‍ തന്നെ വ്യായാമവും യോഗയും ചെയ്തിരുന്നവരാണ്. അവരെ പെട്ടെന്ന് മറ്റൊരിടത്തേക്ക് ആകര്‍ഷിക്കുക ബുദ്ധിമുട്ടായിരുന്നു. തിരക്കേറിയ ജീവിതത്തില്‍ ഇതിനായി സമയം കണ്ടെത്താന്‍ ആളുകള്‍ താത്പര്യം കാണിച്ചില്ല. പിന്നീട് ഒറ്റക്ക് യോഗ ചെയ്യുന്നതും ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുന്നതും തമ്മിലുള്ള വ്യതിയാനം മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ റിങ്കുവിന് സാധിച്ചു. ഒരിക്കല്‍ സ്റ്റുഡിയോയില്‍ എത്തിയവര്‍ പിന്നീടിത് നഷ്ടപ്പെടുത്താന്‍ തയ്യാറായില്ല. പ്രായമായവര്‍ക്കും രോഗങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഇത് ആശ്വാസം നല്‍കി. ഇതോടൊപ്പം ഒരു കഫേകൂടി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആരോഗ്യപരമായ ഭക്ഷണം നല്‍കുന്ന കഫേയാണ് ഉദ്ദേശിക്കുന്നത്. ലോകതിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് റിങ്കുവിനിപ്പോള്‍ ഫോണ്‍ കോളുകളും ഈ മെയിലും മെസ്സേജുകളും വരുന്നത്. യോഗയെ പ്രശംസിച്ചും യോഗ സ്റ്റുഡിയോ ആരംഭിക്കുന്നതിന് സഹായമഭ്യര്‍ഥിച്ചുമാണിത്. തന്റെ സംരംഭത്തിന്റെ ഈ വിജയത്തില്‍ അതീവ സന്തോഷത്തിലാണ് റിങ്കു.