ആക്കുളം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടത്തിന്റെയും പ്രവര്‍ത്തനം ത്വരിതഗതിയിലാക്കും  

0

തിരുവനന്തപുരം നഗരത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ആക്കുളം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ട പ്രവര്‍ത്തനവും ത്വരിതഗതിയിലാക്കാന്‍ സഹകരണ-ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. 

 ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് ആവശ്യമായ ചര്‍ച്ചകള്‍ ജില്ലാ കളക്ടറുമായി നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കും. കണ്‍വെന്‍ഷന്‍ സെന്റര്‍ നടത്തിപ്പിന്റെ ചുമതലയുളള സംരംഭകന്‍ അടക്കമുളളവരുടെ യോഗം വിളിക്കാന്‍ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തി. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതര വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരണമെന്ന് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു.

വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിന് ഇപ്പോള്‍ തയ്യാറാക്കിയിട്ടുളള പദ്ധതി കിഫ്ബി വഴിയോ, മറ്റേതെങ്കിലും മാതൃകയിലോ ആരംഭിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കാന്‍ ടൂറിസം ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. രണ്ടു പ്രോജക്ടുകളുടെയും പ്രവര്‍ത്തന അവലോകനം രണ്ടാഴ്ച കൂടുമ്പോള്‍ മന്ത്രിതലത്തില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. യോഗത്തില്‍ ടൂറിസം ഡയറക്ടര്‍ യു.വി ജോസ്, കെ.ടിഐ.എല്‍ പ്രതിനിധികള്‍, ജില്ലാകളക്ടര്‍, എസ്. വെങ്കിടേസപതി, തഹസില്‍ദാര്‍, ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.