ഫ്രീഡം 251 വിവാദങ്ങള്‍ക്കിടയില്‍ മാംഗോ ഫോണും

0


ലോകത്തിലേക്ക് തന്നെ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതില്‍ ഏറ്റവും വിലകുറഞ്ഞ ഫോണാണ് ഫ്രീഡം 251. അമിറ്റി ബിരുദദാരിയായ മോഹിത് ഗോയലാണ് ഈ ഫോണിന്റെ സൃഷ്ടിക്ക് പിന്നില്‍. എന്നാല്‍ ഈ ഫോണിന്റെ ആധികാരികതയെക്കുറിച്ചോ ബുക്ക് ചെയ്തവര്‍ക്ക് ലഭിക്കുമോ എന്നതിനേക്കുറിച്ചോ ഇതുവരെ ഉറപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഫോണ്‍ പുറത്തിറക്കിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നും ആന്റോ അഗസ്റ്റിന്‍(32), ജോസ്‌കുട്ടി അഗസ്റ്റിന്‍(24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ പുത്തിറക്കിയ മാംഗോ ഫോണ്‍ അഥവാ എം ഫോണ്‍ ഐ ഫോണുകള്‍ക്കു തന്നെ നാണക്കേടുണ്ടാക്കുന്ന ഉത്പന്നമായിരുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് ഇതിന്റെ ലോഞ്ചിംഗ് നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ പിടിക്കപ്പെട്ടത്. ബാങ്ക് ഓഫ് ബറോഡയുടെ കളമശേരി ബ്രാഞ്ചില്‍ നിന്നും വ്യാജ ഭൂരേഖകള്‍ ഹാജരാക്കി ലോണ്‍ എടുത്തതിനാണ് ഇവര്‍ പിടിക്കപ്പെട്ടത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ പോലീസിനെ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു. ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം മറ്റ് പല ബാങ്കുകളില്‍ നിന്നും ഇവര്‍ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുണ്ട്.

സ്മാര്‍ട്ട് വാച്ച്, പവര്‍ ബാങ്ക്, ഹെഡ് ഫോണ്‍, വയര്‍ലെസ്സ് ചാര്‍ജര്‍ തുടങ്ങി മറ്റ് പല ഉത്പന്നങ്ങളും വിപണിയിലിറക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നതാണ്. ഫ്രീഡം 251 പോലെ അവിശ്വസനീയമായ വാഗ്ദാനങ്ങളൊന്നും ഇവര്‍ നല്‍കിയിരുന്നില്ല. സ്ഥാപകരുടെ നേരത്തെയുള്ള പ്രശ്‌നങ്ങളാണ് ഉത്പന്നങ്ങള്‍ പരാജയമാകാന്‍ കാരണം. 11,000 മുതല്‍ 40,000 രൂപവരെ വിലയുള്ള മറ്റ് ഉപകരണങ്ങളും കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

അവരുട വെബ്‌സൈറ്റ് ഫ്രീഡം 251നേക്കാള്‍ മികച്ചതായിരുന്നു. എന്നാലിവരുടെ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ സത്യസന്ധമായിരുന്നില്ല. 2015 ജൂണ്‍ ആറിനാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. 2016 ഫെബ്രുവരി ആറിനാണ് അവസാനമായി അപ്‌ഡേഷന്‍ നടന്നിരിക്കുന്നത്. ആന്റോയുടെ പേരിലാണ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. roysinternational88@gmail.com എന്ന ഇ മെയില്‍ ഐ ഡിയാണ് ഇതിനായി നല്‍കിയിട്ടുള്ളത്.

ബാങ്ക് ഓഫ് ബറോഡ കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് കമ്പനിയുടെ ചെയര്‍മാനായ റോജി അഗസ്റ്റിന്‍ പ്രതികരിച്ചത്. കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും തങ്ങളുടെ വിശദീകരണം തേടാതെയാണ് കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റാരുടേയോ പ്രേരണയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഫ്രീഡം 251നെക്കുറിച്ചുള്ള വിവാദങ്ങളെ തുടര്‍ന്ന് ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ച് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാംഗോ ഫോണിന്റെ അധികൃതര്‍ അത്തരം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.