ഇന്ത്യയുടെ വനിതാരത്‌നം- കിരണ്‍ മസൂംദാര്‍ ഷോ

ഇന്ത്യയുടെ വനിതാരത്‌നം- കിരണ്‍ മസൂംദാര്‍ ഷോ

Thursday October 22, 2015,

3 min Read

കിരണ്‍ മസൂംദാര്‍ ഷോയെപ്പോലെയാകൂ എന്നാണ് പല മാതാപിതാക്കളും അവരുടെ കുട്ടികളോട് പറയാറുള്ളത്. എല്ലാ രീതിയിലും കിരണ്‍ ഒരു റോള്‍ മോഡല്‍ ആണെന്നാണ് ഏവരുടേയും അഭിപ്രായം. സാധാരണ വനിതകള്‍ എത്തിച്ചേരാത്ത ഒരു മേഖലയിലാണ് അവര്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയത്. സ്ത്രീകള്‍ക്ക് ഏത് മേഖലയിലും, ഏത ബിസിനസും നടത്താനാകുമെന്ന് കിരണ്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു.

image


ഒരു സംരംഭകന്റെ ജീവിതം നിരന്തരമായൊരു യാത്രയാണെന്നാണ് കിരണിന്റെ അഭിപ്രായം. അത് കണ്ടെത്തലുകളുടെ ഒരു പ്രയാണമാണ്. വളരെ രസകരമായ ഈ പ്രയാണം നമ്മളെ അജ്ഞാതമായ ലക്ഷ്യങ്ങളില്‍ എത്തിക്കും. താനും അങ്ങനെ തന്നെയാണെന്നാണ് കിരണ്‍ പറയുന്നത്.

image


കിരണിന്റെ അച്ഛന് വീഞ്ഞ് നിര്‍മ്മാണമായിരുന്നു തൊഴില്‍. അതില്‍ തന്നെയായിരുന്നു കിരണിനും താല്‍പര്യം. ഒരു ബ്രൂ മാസ്റ്റര്‍ ആവുക എന്നതായിരുന്നു അവരുടെ സ്വപ്‌നം. എന്നാല്‍ ഒരു സ്ത്രീയായതിനാല്‍ അവര്‍ക്ക് ആ ജോലി ലഭിച്ചില്ല. 1978ല്‍ ആ സ്വപ്‌നം നടക്കില്ലെന്ന് മനസിലായതോടെ, വളരെ ആകസ്മികമായാണ് കിരണ്‍ ബയോടെക് ബിസിനസിലേക്ക് എത്തിയത്. ബിയര്‍ നിര്‍മ്മാണവുമായി ബന്ധമുള്ള മേഖലയാണ് ബയോടെക്. ബിയര്‍ നിര്‍മാണത്തിന് ആവശ്യമായ നിരവധി ഇന്‍ഡസ്ട്രിയല്‍ എന്‍സൈമുകള്‍ കിരണ്‍ തയ്യാറാക്കിത്തുടങ്ങി. ഇഷ്ടമുള്ള മേഖലയുമായി ബന്ധപ്പെട്ട ജോലി ലഭിച്ചതില്‍ കിരണ്‍ സന്തുഷ്ടയായിരുന്നു. ഈ മേഖലയിലെ ആദ്യ വനിതയായ കിരണിന് ആരേയും പിന്തുടരാനില്ലായിരുന്നു. തനിക്ക് പുതിയ ബിസിനസ് ആരംഭിക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലായിരുന്നു എന്നും താനിതേ വരെ ഒരു ബിസിനസും നടത്തിയിട്ടില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു യാത്രയായിരുന്നെന്നും അവര്‍ പറഞ്ഞു.

image



എല്ലാ സംരംഭകരും അവര്‍ക്ക് അറിവുള്ള മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതാകും ഉചിതമെന്നാണ് കിരണിന്റെ അഭിപ്രായം. തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് സംരംഭകര്‍ക്ക് അറിവുണ്ടായിരിക്കണം. ചെയ്യുന്നത് എന്ത് തന്നെയായാലും അവര്‍ക്ക് അതില്‍ അതിയായ താല്‍പര്യവും അറിവും ഉണ്ടായിരിക്കണം.

image


പിന്നിലേക്ക് നോക്കുമ്പോള്‍ താന്‍ വളരെ ധൈര്യവത്തായ ഒരു വഴിയിലൂടെയാണ് കടന്നുവന്നതെന്ന് തോന്നാറുണ്ടെന്ന് കിരണ്‍ പറയുന്നു. ധൈര്യമുള്ള, വെല്ലുവിളികളെ നേരിടാന്‍ തയ്യാറായ, വ്യക്തികളാണ് സംരംഭകരെന്നാണ് താന്‍ കരുതിയിട്ടുള്ളത്. എങ്ങനെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കണമെന്നും അവയെ പരിഹരിക്കണമെന്നും അവര്‍ പഠിക്കണം. താന്‍ ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കണം എന്നല്ലാതെ വലിയ കാര്യങ്ങളൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. തനിക്ക് ബിസിനസ് ചെയ്ത് പരിചയമൊന്നും ഉണ്ടായിരുന്നില്ല. ബിസിനസ് പരിജ്ഞാനമുള്ളവരെ പോലെയായിരുന്നില്ല തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നും അവര്‍ വ്യക്തമാക്കി.

image


ജോലിയ്ക്കിടെ ഒരിക്കലും തനിക്ക് ഒറ്റപ്പെടല്‍ തോന്നിയിട്ടില്ലെന്ന് കിരണ്‍ പറഞ്ഞു. നിങ്ങള്‍ ചെറുപ്പമാണ്, നിങ്ങളില്‍ ഊര്‍ജ്ജമുണ്ടെന്ന് നിങ്ങള്‍ക്കറിയാം, നിങ്ങള്‍ക്കത് ചെയ്യണമെന്നുണ്ട്, അതിനായി ശ്രമിക്കാനും തയ്യാറാണ്. ഞാനും എന്തിനും തയ്യാറാണ്, എനിക്ക് യാതൊന്നിനേയും ഭയമില്ല. അങ്ങനെയുള്ളപ്പോള്‍ പിന്നെ അവിടെ ഏകാന്തതയ്ക്ക് സ്ഥാനമില്ലെന്നും കിരണ്‍ ചൂണ്ടിക്കാട്ടി.

image


താന്‍ കമ്പനി ആരംഭിച്ചപ്പോള്‍ പണത്തിന്റെ കുറവുണ്ടായിരുന്നു. അതിനാല്‍ ട്രെയിനിലും ബസിലുമായി ഇന്ത്യയില്‍ പല സ്ഥലങ്ങളിലും കിരണിന് യാത്ര ചെയ്യേണ്ടതായി വന്നിട്ടുണ്ട്. വിമാന ടിക്കറ്റിനുള്ള പണം അവരുടെ കൈയില്‍ ഉണ്ടായിരുന്നില്ല. ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി ഇന്ത്യയില്‍ പല സ്ഥലത്തും യാത്ര ചെയ്യുന്നതില്‍ കിരണിന്റെ മാതാപിതാക്കള്‍ക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് കിരണ്‍ യാത്ര ചെയ്യുന്ന ബസുകളില്‍ യാത്രക്കാരില്‍ ഏക സ്ത്രീ അവളായിരുന്നു. തന്നെ പല പുരുഷന്മാരും തുറിച്ച് നോക്കുമായിരുന്നെന്നും എന്നാല്‍ ബസ് ഡ്രൈവര്‍ തന്നോട് വളരെ മാന്യതയോടെയാണ് പെരുമാറിയിരുന്നതെന്നും കിരണ്‍ ഓര്‍ക്കുന്നു.

image


തന്റെ മാതാപിതാക്കളാണ് തനിക്ക് ഏറ്റവുമധികം സ്വാധീനിച്ചതെന്നും കിരണ്‍ പറഞ്ഞു.മകളൊരു ബ്രൂ മാസ്റ്ററാകണം എന്ന് അവളുടെ അച്ഛനും താല്‍പര്യം ഉണ്ടായിരുന്നു. അവളില്‍ അദ്ദേഹത്തിന് വിശ്വാസവും ഉണ്ടായിരുന്നു. എല്ലാ മനുഷ്യരിലും നന്മയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ജീവിതത്തില്‍ എളുപ്പവഴി തെരഞ്ഞെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും തന്റെ മകള്‍ സത്യസന്ധമായ രീതിയില്‍ ബിസിനസ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുമായിരുന്നു. അച്ഛന്റെ മരണശേഷം വീട്ടമ്മയായിരുന്ന കിരണിന്റെ അമ്മ സ്വന്തമായി ഒരു സംരംഭം( ഓട്ടോമാറ്റിക് ലോണ്‍ഡ്രി ബിസിനസ്) ആരംഭിച്ചു. ഒന്നും ചിന്തിക്കാതിരിക്കുന്നവര്‍ക്കാണ് മറവിരോഗവും മറ്റും ഉണ്ടാകുന്നതെന്നും അതിനാല്‍ താനൊരു ബിസിനസ് ആരംഭിച്ചാല്‍ ആ സ്ഥിതി ഉണ്ടാകില്ലെന്നുമാണ് തന്റെ അമ്മ പറഞ്ഞിരുന്നതെന്നും കിരണ്‍ പറഞ്ഞു.

image


ഒരു സ്ത്രീയായതിനാലാണ് തനിക്ക് ഇത്രയും ധൈര്യമുണ്ടായതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീയായതിനാല്‍ മാത്രം ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നതെന്തുകൊണ്ടാണെന്ന് കിരണ്‍ ചോദിച്ചു. ശക്തിമേഖലകളില്‍ പ്രവര്‍ത്തിച്ച് അതില്‍ മുന്നേറാന്‍ കിരണ്‍ സ്ത്രീകളോട് ആഹ്വാനം ചെയ്തു. നിങ്ങളെ പാവങ്ങളെപോലെ ആരെങ്കിലും കണക്കാക്കി സഹായം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കേണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും സ്ത്രീയായതിന്റെ പേരില്‍ തനിക്ക് മുന്‍ഗണന ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇക്കാരണത്താല്‍ പലപ്പോഴും പല ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കാതെ ന്യായമായി പല കാര്യങ്ങളും നടത്താനായി. ഗവണ്‍മെന്റ് ഓഫീസുകളില്‍ എന്തെങ്കിലും കാര്യങ്ങള്‍ നടത്താനുണ്ടെങ്കില്‍ അതിന് നിങ്ങളുടെ കീഴുദ്യോഗസ്ഥരെ വിടാതെ സ്വയം ചെയ്യണമെന്നും അപ്പോള്‍ കൈക്കൂലി നല്‍കാതെ കാര്യം നടത്താമെന്നും കിരണ്‍ വ്യക്തമാക്കി.