ജയില്‍ വകുപ്പിന്റെ കഫറ്റേരിയ സൂപ്പര്‍ഹിറ്റ്

0


 ജയില്‍ ചപ്പാത്തിയുടെയും കോഴിക്കറിയുടെയും വിജയഗാഥക്ക് പിറകെ ജയില്‍ വകുപ്പിന്റെ കഫറ്റേരീയയും സൂപ്പര്‍ഹിറ്റ്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിന് പുറത്താണ് പുത്തന്‍ തലമുറ റസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. കഫറ്റേരിയ തുറന്ന് ഒന്നരമാസം പിന്നിടുമ്പോള്‍ വന്‍ വിജയമാണ് നേടിയത്.

വാഹനങ്ങളിലും ചെറിയ ഔട്ട്‌പോസ്റ്റിലും വിറ്റിരുന്ന ജയില്‍ വിഭവങ്ങള്‍ ആധുനിക കഫറ്റേരിയയിലൂടെ വില്‍ക്കുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. റോഡിനോട് ചേര്‍ന്ന് തന്നെയാണ് കഫറ്റേരിയ നിര്‍മിച്ചിട്ടുള്ളത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ചപ്പാത്തി, വെജിറ്റബിള്‍ കറി, കോഴിക്കറി, ഇഡ്ഡ്‌ലി, വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ബിരിയാണി എന്നിവയാണ് റസ്റ്റേറിലെ പ്രധാന വിഭവങ്ങള്‍. വിളമ്പുകാരില്ലാത്ത റസ്റ്റോറന്റില്‍ കൗണ്ടറിലൂടെയാകും ഭക്ഷണം വിതരണം ചെയ്യുക

ഈ ഭക്ഷണം റസ്റ്റോറന്റില്‍ വെച്ച് തന്നെ കഴിക്കാം. പാഴ്‌സലായും വിഭവങ്ങള്‍ ലഭിക്കും. ചപ്പാത്തിയും കോഴിക്കറിയും ബിരിയാണിയുമാണ് റസ്റ്റോറന്റിലെ പ്രധാന വിഭവം. ആയുര്‍വേദ നെല്ലിക്ക ജ്യൂസ് കഫറ്റേരിയയുടെ പ്രധാന വിഭവങ്ങളിലൊന്നാണ്. പൊതു വിപണിയുടെ പകുതി വിലക്കാവും ഇവിടെ ഭക്ഷണം വില്‍ക്കുക.

ജയില്‍ ജീവനക്കാരാണ് കഫറ്റേറിയുടെ നടത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ചെറിയ കൗണ്ടറുകള്‍ വഴിയാണ് ഇതുവരെ ജയില്‍ വിഭവങ്ങള്‍ വിറ്റിരുന്നത്. മെച്ചപ്പെട്ട സൗകര്യം നല്‍കുമ്പോള്‍ ആവശ്യക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ജയില്‍വകുപ്പ്. ജയില്‍ അന്തേവാസികള്‍ തന്നെയാകും ആഹാരം പാചകം ചെയ്യുക. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും പാചകം.

ആയിരം ചതുരശ്ര അടിയുള്ള കെട്ടിടമാണ് കഫറ്റേരിയാക്കി സജ്ജികരിക്കുന്നത്. കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് ഭക്ഷണ മാതൃകയില്‍ ജയില്‍ വിഭവങ്ങളും വിപണിയില്‍ എത്തിക്കുകയാണ് ജയില്‍ അധികൃതരുടെ നീക്കം. കൊച്ചയിലേക്കും പദ്ധതി വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ജയില്‍ വകുപ്പ്.

സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജയില്‍ വകുപ്പിന്റെ പദ്ധതികള്‍. തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി പരിക്ഷണാടിസ്ഥാനത്തില്‍ ആദ്യം നടപ്പിലാക്കിയത്.പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു നഗരങ്ങളിലേക്കും വ്യാപിക്കാനാണ് ജയില്‍ വകുപ്പ് ഉദ്ദേശിക്കുന്നത്.

മെഡിക്കല്‍ കോളെജ്, ജനറല്‍ ആശുപത്രി, തൈക്കാട് ഗവ: ആശുപത്രി, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളില്‍ കേരള ടൂറിസം കോ -ഓപ്പറേറ്റിവ് ഫെഡറേഷന്റെ കൗണ്ടര്‍ മുഖേനയാണ് വിപണനം നടക്കുന്നത്. കൂടാതെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍, അട്ടക്കുളങ്ങര വനിതാ ജയില്‍ എന്നിവിടങ്ങളിലുള്ള സ്ഥിരം കൗണ്ടറുകളിലും പേരൂര്‍ക്കട, മ്യൂസിയം, സ്റ്റാച്യു, തമ്പാനൂര്‍, കിഴക്കേകോട്ട എന്നിവിടങ്ങളിലെ മൊബൈല്‍ കൗണ്ടറുകള്‍ വഴിയും ജയില്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.