അണ്ടര്‍ 17 ലോകകപ്പ് : ഫിഫ പ്രതിനിധികള്‍ അടുത്തയാഴ്ച്ച കൊച്ചിയിലെത്തും  

1

ഫിഫ പ്രതിനിധി സംഘം അടുത്തയാഴ്ച്ച കൊച്ചിയിലെത്തും.അണ്ടര്‍17 ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് സംഘമെത്തുന്നത് .ഫിഫയുടെ 13 അംഗ പ്രതിനിധിസംഘം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

2017 അണ്ടര്‍17 ലോകകപ്പിന്റെ ഇവന്റ് മാനേജര്‍ മരിയന്‍ മേയറിന്റെയും പ്രൊജക്റ്റ് ലീഡര്‍ ട്രേസി ലുവിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.മത്സരത്തിന് മുന്നോടിയായുള്ള സ്ഥിതിഗതികള്‍ പരിശോധിച്ചു വിലയിരുത്തുകയാണ് സംഘത്തിന്റെ ആഗമന ഉദ്ദേശം. കൊച്ചിയുള്‍പ്പെടെ ആറ് വേദികളാണ് സംഘം പരിശോധിനയ്ക്കെത്തുക.

കൊച്ചിയെ കൂടാതെ നവി മുംബൈ, ഗോവ, ദില്ലി, ഗുഹാവത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് അണ്ടര്‍17 ലോകകപ്പ് വേദികള്‍ ഉള്ളത്. അതേസമയം മത്സരത്തിന്റെ എല്ലാ മുന്നൊരുക്കങ്ങളും കഴിഞ്ഞുവെന്നും കസേരകള്‍ വിന്യസിക്കുന്ന ജോലി ഐഎസ്എല്‍ മത്സരങ്ങള്‍ കഴിഞ്ഞാല്‍ ആരംഭിക്കുമെന്നും ടൂര്‍ണമെന്റിന്റെ കൊച്ചി നോഡല്‍ ഓഫീസറായ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. രണ്ടാം തവണയാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനായി ഫിഫ സംഘം ഇന്ത്യയില്‍ എത്തുന്നത്.