തളരാതെ കാട്ടിലെ കൂട്ടുകാരെ കാണാന്‍ മൃഗശാലയില്‍ പുതിയ വണ്ടികള്‍

തളരാതെ കാട്ടിലെ കൂട്ടുകാരെ കാണാന്‍ മൃഗശാലയില്‍ പുതിയ വണ്ടികള്‍

Friday January 15, 2016,

2 min Read


ഇനി കൂടുതല്‍ പേര്‍ക്ക് ഒരേസമയം നടന്നു തളരാതെ മൃഗശാലയിലെ കാഴ്ചകള്‍ ചുറ്റിക്കാണാം. അതിനായി കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. പുതുതായി മൂന്ന് വണ്ടികള്‍ വാങ്ങാനാണ് തീരുമാനം. പ്രായമായവര്‍ക്കും അംഗവൈകല്യം ബാധിച്ചവര്‍ക്കും നടന്നു തളരാതെ മൃഗശാലയിലെ വിശേഷങ്ങള്‍ ചുറ്റിക്കാണാനാണ് 2013ല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. അന്ന് വാങ്ങിയ നാല് വാഹനങ്ങളില്‍ രണ്ടെണ്ണം ഇപ്പോള്‍ കട്ടപ്പുറത്താണ്. ഇതേ തുടര്‍ന്നാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. 2013ല്‍ നാല് വാഹനങ്ങളും സിഡ്‌കോയാണ് മൃഗശാലക്കായി വാങ്ങി നല്‍കിയത്. രണ്ട് എട്ട് സീറ്റുള്ളതും രണ്ട് 14 സീറ്റുള്ളതുമായ വാഹനങ്ങളാണ് മൃഗശാലക്കുണ്ടായിരുന്നത്.

image


പരിസ്ഥിതിക്ക് ഇണങ്ങുന്നതും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭീതി ജനിപ്പിക്കാത്തതുമായ വാഹനം ശബ്ദമില്ലാത്തതും ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്നതുമായിരുന്നു. പച്ചപ്പിന് അനുയോജ്യമായ നിറമാണ് വാഹനത്തിന് പച്ച കലര്‍ന്ന വെള്ളയില്‍ മുന്‍വശത്ത് മാത്രമാണ് ഗ്ലാസ്സ് പതിപ്പിച്ചിട്ടുള്ളത്. ബാക്കി മൂന്ന് വശത്തുകൂടിയും കാഴ്ചകള്‍ ആസ്വദിക്കാം. ഓടുമ്പോള്‍ ശബ്ദമില്ലാത്ത വാഹനത്തിന് ഹോണും ഘടിപ്പിച്ചിട്ടില്ല. 14 സീറ്റുള്ള വാഹനത്തിന് 14 ലക്ഷം രൂപയായിരുന്നു അന്നത്തെ വില.

പുതിയ വാഹനം വാങ്ങുന്നതിന് 20 ലക്ഷത്തോളം രൂപയാണ് അധികൃതര്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 51.96 ലക്ഷം രൂപയാണ് വാഹനത്തിന്റെ ബാറ്ററിക്കായി അധികൃതര്‍ക്ക് ചെലവായിട്ടുള്ളത്. സിഡോകോയുമായുള്ള മെയിന്റനന്‍സ് കരാറിലെ പിഴവുമൂലം രണ്ട് വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് എട്ട് സീറ്റുള്ളതും ഒരു നാലു സീറ്റുള്ളതുമായ വാഹനമാണ് മൃഗശാല അധികൃതര്‍ വാങ്ങാനുദ്ദേശിക്കുന്നത്. ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുന്ന ഇവര്‍ ഇത്തവണ സിഡോകോയെ ഇതില്‍ നിന്നും മാറ്റി നിര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇ-ടെന്റര്‍ വഴിയാണ് നടപടികള്‍ പുരോഗമിക്കുന്നത്.

16 ലക്ഷം രൂപക്ക് മൂന്ന് വാഹനങ്ങള്‍ നല്‍കാമെന്നേറ്റ് ഒരു കമ്പനി മുന്നോട്ടു വന്നതായാണ് സൂചന. ഇത് 2013ല്‍ സിഡോകോയുമായി നടത്തിയ കരാറില്‍ നിന്നും ഏറെ വ്യത്യാസമുണ്ട്. അന്ന് രണ്ട് എട്ട് സീറ്റുകളുള്ള വാഹനം 19.5 ലക്ഷം രൂപക്കാണ് മൃഗശാലക്ക് ലഭിച്ചത്. എന്നാല്‍ പുതിയ കമ്പനിയുടെ കരാര്‍ പ്രകാരം 16 ലക്ഷം രൂപമാത്രമാണ് ആവശ്യപ്പെടുന്നത്.

വാഹനത്തിന്റെ അറ്റകുറ്റപ്പണി ചെയ്ത് നല്‍കുന്ന കാര്യത്തിലും മാറ്റി നല്‍കുന്ന കാര്യത്തിലും കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ സിഡ്‌കോക്ക് കഴിഞ്ഞില്ല. പുതിയ കരാര്‍ പ്രകാരം കമ്പനി പ്രതിനിധികള്‍ എല്ലാ മൂന്നു മാസം തോറും സന്ദര്‍ശിക്കുകയും വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ വീക്ഷിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം ഫീസ് നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം.

പഴയ വാഹനങ്ങളും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ പുറത്തിറക്കാനും സാധിക്കുമെന്ന് മൃഗശാല ഡയറക്ടര്‍ കെ ഗംഗാധരന്‍ പറഞ്ഞു. ഇത് എത്രയും വേഗം വേണമെന്ന് സിഡ്‌കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് കമ്പനികളാണ് ഇ-ടെന്ററില്‍ പങ്കെടുത്തത്. ഇവയില്‍ ബജറ്റില്‍ ഒതുങ്ങുന്നതും പരിസ്ഥിതി സൗഹാര്‍ദവുമായ വാഹനമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

    Share on
    close