നിങ്ങളുടെ കമ്പനിക്കാവശ്യമായ സംസ്‌കാരം എങ്ങനെ വളര്‍ത്തിയെടുക്കാം?

0

നിങ്ങളുടെ കമ്പനിക്കാവശ്യമായ സംസ്‌കാരം എങ്ങനെ വളര്‍ത്തിയെടുക്കാം? ഏവരും തേടുന്ന ഈ ചോദ്യത്തിന് വഴികള്‍ പറഞ്ഞു തരുന്നത് മറ്റാരുമല്ല; മൈക്രോസോഫ്റ്റ് അസ്യുര്‍ ആന്റ് സര്‍വര്‍ ബിസിനസിന്റെ രാജ്യത്തെ തലവനായ ശ്രീകാന്ത് കര്‍ണകോട്ടയാണ്. ഇതു പറയുമ്പോള്‍ ആദ്യം സംസ്‌കാരമെന്തെന്ന് ചിന്തിക്കണം. സംസ്‌കാരം എന്ന വാക്ക് പരിശോധിച്ചാല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഡിക്ഷണറി നല്‍കുന്ന നിര്‍വചനം മനുഷ്യന്റെ ബുദ്ധിയിലൂടെയും വിവേചനത്തിലൂടെയും ആര്‍ജ്ജിച്ചെടുത്ത അറിവിന്റെ ആശയപൂര്‍ത്തീകരണം എന്നാണ്.

ആശയങ്ങള്‍, ആചാരങ്ങള്‍, ഇതിലൂടെ ഉയര്‍ന്നു വരുന്ന സമൂഹത്തിന്റേയോ വ്യക്തികളുടേയോ സാമൂഹ്യ സ്വാഭാവങ്ങള്‍ അല്ലെങ്കില്‍ ഒരു പ്രത്യേക സാമൂഹ്യ വ്യവസ്ഥിതിയുടെ പെരുമാറ്റമോ സ്വഭാവരീതികളോ ഇവയൊക്കെ സംസ്‌കാരമെന്ന നിര്‍വചനത്തിന് ഉതകുന്ന ഘടകങ്ങളാണ്. ടെക്‌സ്പാര്‍ക്ക് 2016ല്‍ സ്റ്റാര്‍ട്ടപ്പ്, കമ്പനി എന്നീ മേഖലകളില്‍ സ്ഥാപകരുടെ സെഷനിലാണ് ശ്രീകാന്ത് കര്‍ണകോട്ട തന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള സങ്കല്‍പ്പവും, ഒരു സംരംഭകന്‍ തന്റെ കാഴ്ച്ചപ്പാട് എങ്ങനെ ആ കമ്പനിയില്‍ ഒരു സംസ്‌കാരമായി നടപ്പിലാക്കും എന്നതിനെക്കുറിച്ച് പങ്കുവെച്ചത്.

1. സംസ്‌കാരം എപ്പോഴും മൂല്യങ്ങളിലും നിങ്ങളുടെ പെരുമാറ്റത്തിലുമാണ് നിലനില്‍ക്കുന്നത്. ആത്മാര്‍ഥത, സത്യസന്ധത, മറ്റുള്ളവര്‍ക്ക് നിങ്ങള്‍ നല്‍കുന്ന ബഹുമാനം ഇവയെല്ലാമാണ് നിങ്ങളുടെ കമ്പനിയുടെ സംസ്‌കാരത്തെ നിശ്ചയിക്കുന്നതും കമ്പനിയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നതുമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.

2. ശരിയായ സംസ്‌കാരം അതു തന്നെയാണ് മൈക്രോസോഫ്റ്റിന്റെ വളര്‍ച്ചക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ശരിയായ വളര്‍ച്ചക്ക് പിന്നില്‍ കാര്യങ്ങള്‍ നോക്കിക്കാണാനുള്ള നിങ്ങളുടെ കമ്പനിയുടെ സംസ്‌കാരത്തിന് വലിയ പങ്കാണുള്ളത്. 2009 മൈക്രോ സോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനായ ബിംഗ് ലോഞ്ച് ചെയ്തപ്പോള്‍ ഇപ്പോള്‍ ഒരു പുതിയ സെര്‍ച്ച് എഞ്ചിന്റെ പ്രസക്തി എന്താണെന്ന് എല്ലാവരും ചോദ്യമുന്നയിച്ചിരുന്നു. പുറത്തുള്ളവര്‍ പുതിയ സംവിധാനത്തെ സംശയദൃഷ്ടിയോടെയാണ് സമീപിച്ചത്. എന്നാല്‍ ഏഴു വര്‍ഷം പിന്നിട്ട്് 2016ല്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ന് മൈക്രോസോഫ്റ്റിന് ഈ മേഖലയില്‍ 21.6 ശതമാനം പങ്കാളിത്തമുണ്ട്. ശരിയാണെന്ന് ബോധ്യമുള്ള കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയും അത് തുടരുകയും ചെയ്യുക എന്നത് ഒരു കമ്പനിയെ സംബന്ധിച്ച് വിജയത്തിലേക്ക് നയിക്കുന്ന മൂല്യങ്ങളാണ്.

3. എങ്ങനെ ശരിയായ സംസ്‌കാരത്തിലേക്ക് നീങ്ങാം? സാങ്കേതികവിദ്യ കൊണ്ട് മാത്രം ഒരു കമ്പനിക്ക് മുന്നിലേക്ക് പോകാനാകില്ല. ശരിയുടെ പക്ഷത്തുനില്‍ക്കുന്ന സുന്ദരമായ ഒരു കാഴ്ചപ്പാടുണ്ടെങ്കില്‍ മാത്രമേ കമ്പനിക്കുള്ളില്‍ നിങ്ങള്‍ക്ക് സംസ്‌കാരം വളര്‍ത്താനാകൂ. 

എല്ലാം അറിയുന്ന സംസ്‌കാരത്തില്‍ നിന്ന് എല്ലാം പഠിക്കുന്ന ഒരു സംസ്‌കാരത്തിലേക്കുളള മാറ്റമാണ് വേണ്ടത്. ഈ ഒരു സംസ്‌കാരത്തിലേക്കാണ് കമ്പനിയിലെ ജീവനക്കാരും മാനേജ്‌മെന്റും മാറേണ്ടത്. കമ്പനിയുടെ ഉന്നതമായ സംസ്‌കാരവും പ്രവര്‍ത്തന രീതികളും പവര്‍പോയിന്റ് സ്ലൈഡില്‍ മാത്രമല്ല നിലനില്‍ക്കേണ്ടത്. അത് കമ്പനിയുടെ സ്ഥാപകന്റേയും ജീവക്കാരുടേയും മനസിലും ഹൃദയത്തിലുമാണ് ഉണ്ടാകേണ്ടത്.